'ആഞ്ഞടിച്ച് ഓറഞ്ച് പട'; സ്വീഡനെ തകർത്തത് ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക്
ബ്രോബിക്കും ഗാക്പോക്കും ഇരട്ടഗോൾ, ഡംഫ്രീസിന് ഇരട്ട അസിസ്റ്റ്

ഹ്യൂസ്റ്റൺ: സ്വീഡനെ തകർത്ത് നെതർലൻഡ്സ് ഗ്രൂപ്പിൽ ഒന്നാമത്. 5-1 എന്ന സ്കോറിനാണ് ഓറഞ്ച് പടയുടെ ജയം. ബ്രയാൻ ബ്രോബി, കോഡി ഗാക്പോ എന്നിവർ ഇരട്ടഗോളുകൾ നേടിയപ്പോൾ സമർവിലാണ് അഞ്ചാമത്തെ ഗോൾ നേടിയത്. ആൻ്റണി എലങ്കയാണ് സ്വീഡൻ്റെ ആശ്വാസ ഗോൾ നേടിയത്.
ഹ്യൂസ്റ്റണിലെ എൻആർജി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ തന്നെ നെതർലൻഡ്സ് സ്വീഡിഷ് ഗോൾമുഖത്തേക്ക് ആക്രമണങ്ങൾ അഴിച്ചുവിട്ടു. അഞ്ചാം മിനിറ്റിൽ തന്നെ നെതർലൻഡ്സ് ആദ്യ ഗോളും സ്കോർ ചെയ്തു. ലോകകപ്പിൽ ആദ്യമായി പന്തുതട്ടുന്ന ബ്രയാൻ ബ്രോബിയാണ് (5) മത്സരത്തിന്റെ ഓപ്പണിങ് ഗോളിന്റെ ഉടമ. കോഡി ഗാക്പോ നൽകിയ കൃത്യതയാർന്ന ക്രോസിൽ കാല് വെച്ച് പന്ത് തട്ടി വലയിലിടുക എന്ന ജോലി മാത്രമാണ് ബ്രോബിക്കുണ്ടായിരുന്നത്. 17ാം മിനിറ്റിൽ വീണ്ടും ദുംഫ്രീസിന്റെ ക്രോസിനെ വലയിലേക്ക് തട്ടിയിട്ട് ബ്രോബി നെതർലൻഡ്സ് ലീഡുയർത്തി. ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ സ്വീഡന്റെ ഭാഗത്തുനിന്നും നിരന്തരമായ ആക്രമണങ്ങൾ ഉണ്ടായിരുന്നിട്ടും ഗോൾ മാത്രം ഒഴിഞ്ഞുനിന്നു.
രണ്ടാം പകുതിയിൽ വീണ്ടും തുടക്കം തന്നെ നെതർലൻഡ്സ് മത്സരം അവരുടെ കൈപിടിയിലാക്കി. ഡംഫ്രീസിന്റെ പാസിൽ ഗോൾ സ്കോർ ചെയ്ത് ഗാക്പോ (47) നെതർലൻഡ്സിന്റെ ലീഡുയർത്തി. ഏഴ് മിനിറ്റിനുള്ളിൽ ഗാക്പോ (54) തന്റെ സ്വതസിദ്ധമായ ശൈലിയിൽ മത്സരത്തിലെ നാലാം ഗോളും നേടി. ആന്റണി എലാങ്ക (59) ഒരു ഗോൾ മടക്കിയെങ്കിലും 89ാം മിനിറ്റിൽ പകരക്കാരനായിറങ്ങിയ സമർവിൽ തകർപ്പൻ ഗോളിലൂടെ സ്വീഡന്റെ തകർച്ച പൂർത്തിയാക്കി.
ഗ്രൂപ്പിലെ അവസാന മത്സരത്തിൽ നെതർലൻഡ്സ് ട്യുണീഷ്യയെ നേരിടും അതെ സമയം ഏഷ്യൻ ശക്തികളായ ജപ്പാനാണ് സ്വീഡന്റെ എതിരാളികൾ. ജൂൺ 26ന് ഇന്ത്യൻ സമയം രാവിലെ 4:30നാണ് രണ്ട് മത്സരങ്ങളും നടക്കുക.
Adjust Story Font
16

