Quantcast

'ഇതെന്തു നീതി!' മാൻ ഓഫ് ദ മാച്ച് ലഭിച്ചില്ല; നീരസം പരസ്യമാക്കി ക്രിസ്റ്റ്യാനോ

നിർണായക നിമിഷത്തിലെ കിടിലൻ ഗോളുകളിലൂടെ ടീമിനു കിരീടം നേടിക്കൊടുത്തിട്ടും അർഹിച്ച പുരസ്‌കാരം നഷ്ടപ്പെട്ടതിന്റെ ആശ്ചര്യം ക്രിസ്റ്റ്യാനോ പരസ്യമായി തന്നെ പ്രകടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    14 Aug 2023 3:52 AM GMT

Cristiano Ronaldo stunned after being denied Man of the Match award in Arab Club Champions Cup final, Cristiano Ronaldo, Al Nassr vs Al Hilal, Al Nassr, Al Hilal, Arab Club Champions Cup final 2023, Arab Club Champions Cup 2023
X

റിയാദ്: നിർണായക ഘട്ടങ്ങളിലെ തകർപ്പൻ ഗോളുകളിലൂടെയാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അൽനസ്‌റിന് കന്നി അറബ് ക്ലബ് ചാംപ്യൻസ് കപ്പ് കിരീടം നേടിക്കൊടുത്തത്. കളിയുടെ അവസാന ഘട്ടം വരെ പിന്നിൽനിന്ന ശേഷമായിരുന്നു ക്രിസ്റ്റ്യാനോ രക്ഷകനായത്. ഒന്നിനെതിരെ രണ്ടു ഗോളിന് സൗദി പ്രോ ലീഗിലെ ചിരവൈരികളായ അൽഹിലാലിനെ തകർത്താണ് അൽനസ്ർ അറബ് ക്ലബ് കിരീടം ചൂടിയത്.

എന്നാൽ, മത്സരത്തിന്റെ താരത്തിനുള്ള പുരസ്‌കാരം ലഭിച്ചത് മറ്റൊരു താരത്തിനായിരുന്നു. അൽഹിലാലിന്റെ മധ്യനിര താരം സെർഗെജ് മിലിങ്കോവിച്ച് സാവിച്ച് ആണു മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഇത് ക്രിസ്റ്റ്യാനോയെയും ഞെട്ടിച്ചു. ഞെട്ടൽ താരം മറച്ചുവച്ചതുമില്ല.

നിർണായക നിമിഷത്തിലെ കിടിലൻ ഗോളുകളിലൂടെ ടീമിനു കിരീടം നേടിക്കൊടുത്തിട്ടും അർഹിച്ച പുരസ്‌കാരം നഷ്ടപ്പെട്ടതിന്റെ ആശ്ചര്യം ക്രിസ്റ്റ്യാനോ പരസ്യമായി തന്നെ പ്രകടിപ്പിച്ചു. മുഖത്ത് നീരസ്യം പ്രകടമാക്കിയ താരം ടൂർണമെന്റ് സംഘാടകരോട് രണ്ടു വിരലുകളുയര്‍ത്തി സംശയം പ്രകടിപ്പിക്കുകയും ചെയ്തു. രണ്ടു ഗോള്‍ നേടിയിട്ടും മത്സരത്തില്‍ ഗോളൊന്നുമില്ലാത്ത മിലിങ്കോവിച്ചിനു പുരസ്കാരം നല്‍കിയതാണു താരത്തെ ചൊടിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തീരുമാനത്തിൽ താരം തൃപ്തനല്ലെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.

അതേസമയം, അറബ് ചാംപ്യൻസ് കപ്പിൽ ഇത്തവണ ഗോൾവേട്ടക്കാരിൽ ഒന്നാമനായത് ക്രിസ്റ്റ്യാനോയാണ്. ഫൈനലിലെ ഇരട്ട ഗോളടക്കം ആറു ഗോളാണ് താരം സ്വന്തമാക്കിയത്. ഗോൾവേട്ടക്കാരനുള്ള ഗോൾഡൻ ഷൂവും താരത്തിനു ലഭിച്ചു.

കിങ് ഫഹദ് സ്റ്റേഡിയത്തിലെ സിആർ7 ഷോ

കിങ് ഫഹദ് അന്താരാഷ്ട്ര ഫുട്ബോൾ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ആരാധകരെ ആവേശത്തിലാഴ്ത്തുന്നതായിരുന്നു മത്സരം. ആദ്യ വിസിൽ മുഴങ്ങിയത് മുതൽ ശക്തമായ മുന്നേറ്റങ്ങളായിരുന്നു. ഇരു ബോക്സിലും പന്തെത്തി. എന്നാൽ, ആദ്യ പകുതി പിന്നിട്ടിട്ടും ഇരുഭാഗത്തും ഗോൾ മാത്രം അകന്നുനിന്നു. ഒടുവിൽ, ആദ്യ ഗോൾ യോഗം ഹിലാലിനു ലഭിച്ചു. 51-ാം മിനുറ്റിൽ ബ്രസീൽ താരം മൈക്കിൽ റിച്ചാർഡാണ് അൽ നസ്ർ വലയിൽ പന്ത് എത്തിച്ചത്.

അതുവരെയും ക്രിസ്റ്റ്യാനോയ്ക്കു വേണ്ടി ഇരമ്പിയാർത്ത കാണികൾ തലയിൽ കൈവച്ചു. പിന്നാലെ റെഡ് കാർഡ്. അൽനസ്ർ സെന്റർ ബാക്ക് താരം അബ്ദുല്ല അൽ അമ്രിക്കാണ് ചുവപ്പ് കാർഡ് ലഭിച്ചത്. ഇതോടെ അൽ നസ്ർ പത്ത് പേരായി ചുരുങ്ങി. അവിടന്നങ്ങോട്ടാണ് റൊണാൾഡോ ഇരട്ട ഗോളുമായി അൽ നസ്‌റിന് കിരീടം നേടിക്കൊടുത്തത്. 71-ാം മിനുറ്റിലായിരുന്നു ആദ്യ ഗോൾ വന്നത്. വലത് വിങ്ങിലൂടെ അൽ നസ്ർ താരം ഗാനമിന്റെ മുന്നേറ്റം. പ്രതിരോധ നിരയ്ക്ക് തൊടാൻ പറ്റാത്ത രീതിയിലുള്ള ആ നീക്കം ഒരു ലോ ക്രോസിലൂടെ റൊണാൾഡോയുടെ കാലിലേക്ക്.

പന്ത് ഒന്ന് തട്ടിയിടേണ്ട ചുമതലയേ സൂപ്പർ താരത്തിനുണ്ടായിരുന്നുള്ളൂ. അൽഗാനമിന്റെ നീക്കം മനസിലാക്കി റൊണാൾഡോയും ഗോൾ മുഖത്തേക്ക് കുതിക്കുന്നുണ്ടായിരുന്നു. ഈ ടൂർണമെന്റിലെ താരത്തിന്റെ അഞ്ചാം ഗോൾ. എന്നാൽ, നിശ്ചിതസമയത്തും ഇഞ്ചുറി ടൈമിലും സമനില പൂട്ട് പൊട്ടിക്കാൻ ഇരു ടീമുകൾക്കും ആയില്ല. ശേഷം മത്സരം എക്സ്ട്രാ ടൈമിലേക്ക്. ഇവിടെയാണ് റൊണാൾഡോയുടെ മാജിക് വരുന്നത്. 98-ാം മിനുറ്റിലാണ് ക്രിസ്റ്റിയാനോയുടെ രണ്ടാം ഗോൾ. റീ ബൗണ്ടായി വന്ന പന്ത് ഹെഡറിലൂടെയാണ് താരം വലക്കുള്ളിലെത്തിച്ചു.

ക്രിസ്റ്റ്യാനോയുടെ സാന്നിധ്യം പേടിച്ച് അൽഹിലാൽ താരം ക്ലിയർ ചെയ്ത പന്താണ് റീ ബൗണ്ടിലൂടെ ഗോളാകുന്നത്. ഹിലാൽ താരത്തിന്റെ ക്ലിയറൻസ് നേരെ എത്തിയത് അൽനസ്‌റിന്റെ സെകോ ഫൊഫാനയുടെ കാലിലേക്ക്. ഒന്നും നോക്കാതെയുള്ള താരത്തിന്റെ ഷോട്ട് ക്രോസ് ബാറിൽ തട്ടിത്തെറിച്ചു. എന്നാൽ, പന്ത് തിരിച്ചെത്തിയത് ക്രിസ്റ്റ്യാനോയുടെ കാലിലേക്കും. ഹിലാൽ പ്രതിരോധതാരങ്ങൾ ക്ലിയർ ചെയ്യാൻ എത്തുംമുൻപേ മിന്നൽവേഗത്തിലൊരു ഹെഡർ. പന്ത് വലക്കുള്ളിൽ! അതോടെ അൽ നസ്‌റിന് വിജയവും കിരീടവും..

Summary: Cristiano Ronaldo stunned after being denied Man of the Match award in Arab Club Champions Cup final

TAGS :

Next Story