ലോകകപ്പിൽ ബ്രസീലിന്റെ 'നമ്പർ 10' ജേഴ്‌സി ആര് ധരിക്കും? സൂചന നൽകി വിനീഷ്യസ് ജൂനിയർ
പത്താം നമ്പർ ജേഴ്‌സി വിനീഷ്യസ് ജൂനിയറിന് നൽകിയേക്കുമെന്ന അഭ്യൂഹങ്ങൾ നേരത്തെ വന്നിരുന്നു.

ന്യുയോർക്ക്: ലോകകപ്പിൽ ബ്രസീലിന്റെ പത്താം നമ്പർ ജേഴ്‌സി നെയ്മർക്ക് തന്നെയാകുമെന്ന് സൂചന നൽകി വിനീഷ്യസ് ജൂനിയർ. പത്താം നമ്പർ ജേഴ്‌സി വിനീഷ്യസ് ജൂനിയറിന് നൽകിയേക്കുമെന്ന അഭ്യൂഹങ്ങൾ നേരത്തെ വന്നിരുന്നു. എന്നാൽ ഇന്നലെ കാസേ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് താരം പതതാം നമ്പർ ജേഴ്‌സി നെയ്മർക്കുള്ളതാണെന്ന് പറഞ്ഞത്. നെയ്മറുടെ അഭാവത്തിൽ ബ്രസീലിന്റെ പത്താം നമ്പർ ജേഴ്സിയണിഞ്ഞത് വിനീഷ്യസായിരുന്നു.
'ഞാൻ ഏത് നമ്പറാണ് ധരിക്കുക എന്നെനിക്കറിയില്ല പക്ഷെ 10ാം നമ്പർ നെയ്മർക്കുള്ളതാണ്' വിനീഷ്യസ് ജൂനിയർ ഇങ്ങനെ പറഞ്ഞു. നെയ്മർക്ക് ഗെയിം ടൈം കുറവ് ലഭിച്ചേക്കാമെന്നും അതിനാൽ ഐകോണിക് നമ്പർ 10 ജേഴ്‌സി ബ്രസീൽ ടീമിന്റെ കുന്തമുനയാകുമെന്ന് പ്രതീക്ഷിക്കുന്ന വിനീഷ്യസ് ജൂനിയറിന് നൽകിയേക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. അങ്ങനെയിരിക്കെ ലോകകപ്പിൽ താങ്കളേത് ജേഴ്സിയണിയുമെന്ന ചോദ്യത്തിന് മറുപടിയായാണ് പത്താം നമ്പർ നെയ്മർക്കുള്ളതാണെന്ന് പറഞ്ഞത്.
ഏകദേശം മൂന്ന് വർഷത്തിന് ശേഷമാണ് നെയ്മർ ബ്രസീൽ ടീമിലേക്ക് തിരികെയെത്തുന്നത്. കഴിഞ്ഞ സീസണിൽ തന്റെ ബോയ്ഹുഡ് ക്ലബ്ബായ സാന്റോസിലേക്ക് തിരികെയെത്തിയ താരത്തിന് ലോകകപ്പ് ടീമിലേക്ക് കയറുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണുണ്ടായിരുന്നത്. സീസണിൽ പരിക്ക് വകവെക്കാതെ കളത്തിലിറങ്ങി സാന്റോസിനെ തരംതാഴ്ത്തലിൽ നിന്ന് രക്ഷിക്കുകയും ചെയ്തു. നിരന്തരമായി പരിക്കുകൾ അലട്ടുന്നതിനാൽ ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരങ്ങളിൽ താരത്തെ ടീമിലെടുത്തില്ല. തുടർന്ന് അഞ്ചലോട്ടിയുടെ പ്രാഥമിക സ്‌ക്വാഡിൽ നെയ്മർ ഇടംപിടിച്ചിട്ടും അന്തിമ സ്‌ക്വാഡിൽ ഉണ്ടാകുമോ എന്ന ആശങ്കയിലായിരുന്നു ബ്രസീലിന്റെയും നെയ്മറുടെയും ആരാധകർ.
എന്നാൽ മെയ് 18ന് റിയോ ഡി ജെനെയ്‌റോയിലെ മ്യുസിയം ഓഫ് ടുമോറോയിൽ വെച്ച് കാർലോ അഞ്ചലോട്ടി നെയ്മറുടെ പേര് പ്രഖ്യാപിക്കുമ്പോൾ വലിയ രീതിയിലുള്ള ആഘോഷപ്രകടനങ്ങളാണ് വേദിയിലും ലോകമെമ്പാടുമുള്ള നെയ്മർ ആരധകർ നടത്തിയത്. ജാവോ പെഡ്രോ, റീചാർലിസൺ പോലുള്ള പ്രീമിയർ ലീഗ് താരങ്ങളുണ്ടായിട്ടും എന്തുകൊണ്ട് നെയ്മറെ തിരഞ്ഞെടുത്തു എന്ന തരത്തിലുള്ള വിമർശങ്ങൾ നേരിടുന്നുണ്ടെങ്കിലും. നെയ്മറുടെ തിരിച്ചുവരവ് എല്ലാവരും ഒരുപോലെ ആഘോഷിക്കുമെന്ന് തീർച്ച. ലോകകപ്പിൽ താരത്തിന് എത്ര ഗെയിം ടൈം ലഭിക്കുമെന്നോ? ആദ്യ ഇലവനിൽ ഇടംപിടിക്കുമോ? എന്നെല്ലാം കാത്തിരുന്ന് കാണാം.
Adjust Story Font
16

