'വിദേശ കോച്ചിനായി തന്നെ ഒഴിവാക്കി' ഇന്ത്യൻ ഹോക്കി ഫെഡറേഷനെതിരെ പിആർ ശ്രീജേഷ്

ന്യൂ ഡൽഹി: ജൂനിയർ ഹോക്കി ടീം പരിശീലക സ്ഥാനത്ത് നിന്ന് തന്നെ നീക്കിയതിൽ അമർഷം പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ താരം പിആർ ശ്രീജേഷ്. വിദേശ കോച്ചുകൾക്ക് ഇന്ത്യൻ ഹോക്കി ഫെഡറേഷൻ മുൻതൂക്കം നൽകുന്നു എന്ന് ശ്രീജേഷ് ആരോപിച്ചു. ഇന്ത്യൻ പരിശീലകർക്ക് ഇന്ത്യൻ ഹോക്കിയെ വളർത്തിയെടുക്കാനാകില്ലേയെന്ന ചോദ്യവും തന്റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു. ശ്രീജേഷിന് കീഴിൽ ഇന്ത്യൻ ജൂനിയർ ഹോക്കി ടീം ലോകകപ്പിൽ വെങ്കലം ഉൾപ്പടെ പങ്കെടുത്ത അഞ്ച് ടൂർണമെന്റിലും പോഡിയം സ്ഥാനങ്ങൾ കൈവരിച്ചിട്ടുണ്ട്.
"മോശം പ്രകടനത്തിന്റെ പേരിൽ പരിശീലകർ പുറത്താക്കപ്പെടുന്നത് കണ്ടിട്ടുണ്ട്. എന്നാൽ മികച്ച ഫലം നൽകിയിട്ടും ഒരു വിദേശ കോച്ചിന് വേണ്ടി മാറ്റപ്പെടുന്നത് ആദ്യമായാണ്. ഇന്ത്യൻ പരിശീലകർക്ക് ഇന്ത്യൻ ഹോക്കിയെ വളർത്താൻ കഴിയില്ലേ?" എക്‌സിൽ ശ്രീജേഷ് കുറിച്ചു
പാരിസ് ഒളിമ്പിക്സിന് ശേഷമാണ് ശ്രീജേഷ് ജൂനിയർ ടീമിന്റെ പരിശീലകനായെത്തിയത്. തുടർന്ന് ജൂനിയർ ടീം പ്രധാന ടൂർണമെന്റുകളിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ലോകകപ്പിൽ വെങ്കല മെഡൽ നേടിയതുൾപ്പടെ പങ്കെടുത്ത ടൂർണമെന്റുകളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചു. എന്നിട്ടും 2025 ഡിസംബറിൽ അവസാനിക്കുന്ന ശ്രീജേഷിന്റെ കരാർ ഹോക്കി ഫെഡറേഷൻ പുത്തുക്കാൻ തയ്യാറായില്ല.
ഹോക്കി ഇന്ത്യ പ്രസിഡന്റ് ദിലീപ് ടിർക്കിയെ ഉദ്ധരിച്ച് ശ്രീജേഷ് പറയുന്നത്, സീനിയർ ടീമുമായുള്ള ഏകോപനം എളുപ്പമാക്കാൻ വിദേശി വേണമെന്നാണ് ഫെഡറേഷൻ നിലപാടെന്നാണ്. ഫ്രഞ്ച് സ്വദേശിയായ അയ്മെറിക് ബെർഗാമോയെയാണ് പുതിയ പരിശീലകനായി പരിഗണിക്കുന്നത്. എന്നാൽ ശ്രീജേഷിന്റെ കരാർ കാലാവധി കഴിഞ്ഞതാണെന്നും മെറിറ്റ് അടിസ്ഥാനത്തിലാണ് പുതിയ നിയമനമെന്നും ഹോക്കി ഇന്ത്യ വ്യക്തമാക്കി. ഗ്രാസ്‌റൂട്ട് തലത്തിൽ പരിശീലകരെ വളർത്താനാണ് തങ്ങളുടെ ശ്രമമെന്നും അവർ കൂട്ടിച്ചേർത്തു.
Adjust Story Font
16

