കയ്യിൽ 299 രൂപയുണ്ടോ? ചില്ലറ മുടക്കിയാൽ ഇൻസ്റ്റഗ്രാം തരും ഈ പുതുപുത്തൻ ഫീച്ചറുകൾ; ഇക്കാര്യങ്ങൾ അറിയാം...
ഇൻസ്റ്റഗ്രാം പ്ലസ് എന്നത് കൂടുതൽ കസ്റ്റമൈസേഷൻ ആഗ്രഹിക്കുന്നവർക്കും, പ്രൊഫൈൽ കുറച്ചുകൂടി പ്രൊഫഷണൽ ആയോ വ്യത്യസ്തമായോ കൊണ്ടുനടക്കാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടി ഇൻസ്റ്റാഗ്രാം കൊണ്ടുവന്ന ഒരു പ്രീമിയം സേവനമാണ്. സാധാരണ ഉപയോക്താക്കൾക്ക് ലഭിക്കുന്ന ഫീച്ചറുകൾ ഇതിലും ലഭ്യമാണ്.

ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ ജനപ്രിയ ആപ്പുകൾക്ക് സബ്സ്ക്രിപ്ഷൻ സംവിധാനം ഏർപ്പെടുത്തുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ പുതിയ അപ്ഡേഷൻ അറിയിപ്പുമായി മെറ്റ. ഇൻസ്റ്റഗ്രാം ആപ്പുകൾക്കായി പെയ്ഡ് സബ്സ്ക്രിപ്ഷൻ രീതിയാണ്(ഇൻസ്റ്റഗ്രാം പ്ലസ്) പുതുതായി മെറ്റ കൊണ്ടുവരാനൊരുങ്ങുന്നത്. ആപ്പിനകത്ത് നിലവിലുള്ളതിനേക്കാൾ കൺട്രോൾ, കൃത്യവും വ്യക്തവുമായ ഇൻസൈറ്റ്സ്, വിശാലമായ സാങ്കേതിക വിദ്യകൾ എന്നിവ ഉപയോഗിക്കണമെന്നുള്ളവർക്ക് തെരഞ്ഞെടുക്കാവുന്ന രീതിയിൽ തികച്ചും ഓപ്ഷണലായാണ് പുതിയ അപ്ഡേഷൻ ഒരുങ്ങിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
പ്രതിമാസം 299 രൂപയുടെ പ്രീമിയം സബ്സ്ക്രിപ്ഷനെടുക്കുന്നതിലൂടെ ഇൻസ്റ്റഗ്രാമിലെ സുപ്രധാന സംവിധാനങ്ങളും സങ്കേതങ്ങളും ഇനി നിങ്ങളുടെ വിരൽത്തുമ്പിലുമെത്തുമെന്ന് ചുരുക്കം. അഥവാ, കയ്യിൽ നിന്ന് അൽപം പണം ഈടാക്കുന്ന യൂസർമാർക്ക് റഗുലർ യൂസർമാരേക്കാൾ മികച്ച രീതിയിൽ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ സാധിച്ചേക്കും.
പ്രധാനമായും സ്റ്റോറി സെക്ഷനുമായി ബന്ധപ്പെട്ടാണ് ഇൻസ്റ്റഗ്രാം പ്ലസിലെ അപ്ഡേഷനുകൾ പ്രാബല്യത്തിലെത്തിയിരിക്കുന്നത്. തങ്ങളുടെ സ്റ്റോറികൾ എത്ര പേർ കാണുന്നു, ആവർത്തിച്ച് കാണുന്നവർ ആരെല്ലാം, ക്ലോസ് ഫ്രണ്ട് ഓപ്ഷനിൽ നിരവധി പേരെ ഉൾക്കൊള്ളിക്കാം എന്നിങ്ങനെയാണ് പുതിയ സജ്ജീകരണങ്ങൾ. 24 മണിക്കൂറെന്നതിന് പകരം 48 മണിക്കൂർ വരെയ്ക്കും ഒരു സ്റ്റോറി വാളിൽ തൂക്കാനാകും. ഇത് കൂടാതെ സ്റ്റോറി കണ്ട യൂസർമാരെ സേർച്ച് ചെയ്ത് നോക്കാനും രഹസ്യമായി മറ്റൊരാളുടെ സ്റ്റോറി കാണാനും സബ്സ്ക്രിപ്ഷൻ വഴി സാധിക്കും.
പതിവായി തങ്ങളുടെ സ്റ്റോറി കാണുന്ന എത്ര പേർ കണ്ടന്‍റുകളിലേക്കും പ്രൊഫൈലിലേക്കും എത്തിനോക്കുന്നുണ്ടെന്നറിയാൻ പ്രീമിയം യൂസർമാർക്ക് സാധിക്കുമെന്നതാണ് മറ്റൊരു സവിശേഷത. നിങ്ങളുടെ പ്രത്യേകമായ ഏതെങ്കിലും ഫോട്ടോയോ വിഡിയോയോ പ്രൊഫൈലിലേക്കോ ഹൈലൈറ്റിലേക്കോ മാത്രമായി അപ്ലോഡ് ചെയ്യണമെന്നുണ്ടെങ്കിൽ അതിനും പുതിയ അപ്ഡേഷനിൽ സൗകര്യമുണ്ട്. മറ്റുള്ളവരുടെ ഫീഡിൽ പ്രത്യക്ഷപ്പെടാതെ തന്നെ പ്രൊഫൈലിൽ പോസ്റ്റ് ചെയ്യുന്നതിലൂടെ നിങ്ങളുടെ ഗ്രിഡിന്‍റെ മനോഹാരിത നിലനിർത്താനും സാധിക്കും.
സ്റ്റോറിയുമായി ബന്ധപ്പെട്ട ടൂൾസിന് പുറമെ, പ്രീമിയം സബ്സ്ക്രിപ്ഷനെടുക്കുന്ന യൂസർമാർക്ക് മറ്റനേകം ഫീച്ചറുകളും മെറ്റ തയാറാക്കിയിട്ടുണ്ട്. പ്രൈവറ്റ് ചാറ്റുകളിലുടനീളം ഉപയോഗിക്കാനും നിലനിർത്താനുമാകുന്ന സൂപ്പർ ഹാർട്ട് പോലുള്ള ആനിമാറ്റിക് റിയാക്ഷനുകളും ഇതിൽപെടും. ആറ് പോസ്റ്റുകൾ പ്രൊഫൈലിൽ പിൻ ചെയ്തിടാനും ഏറ്റവും പ്രധാനപ്പെട്ടതെന്ന് നിങ്ങൾ കരുതുന്നവയെ ഹൈലൈറ്റ് ചെയ്ത് കാണിക്കാനുമുള്ള സംവിധാനങ്ങളുമുണ്ട്. പ്രൊഫൈലിൽ പ്രത്യേകം ഫോണ്ടുകൾ ഉപയോഗിക്കാനും സാധിക്കും.
ഇൻസ്റ്റഗ്രാമിന്‍റെ ഫ്രീ വേർഷൻ ഉപയോഗിക്കുന്നതിന് പകരം, അധിക ഫീച്ചറുകളും, കൂടുതൽ കൃത്യമായ ഇൻസൈറ്റുകളും മികച്ച അനുഭവവും ആഗ്രഹിക്കുന്ന യൂസർമാരെ സംബന്ധിച്ചിടത്തോളം വലിയൊരു സഹായകരമായിരിക്കും ഇൻസ്റ്റഗ്രാം പ്ലസ് എന്ന പെയ്ഡ് വേർഷൻ അപ്ഡേഷൻ. വരുംമാസങ്ങളിൽ കൂടുതൽ ഫീച്ചറുകൾ വരുമെന്നും ആപ്പ് കൂടുതൽ ഉപയോഗപ്രദമായിരിക്കുമെന്നും മെറ്റ അറിയിച്ചിട്ടുണ്ട്. ഇന്ത്യയിൽ പുതിയ അപ്ഡേഷനുകൾ ഉപയോഗിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് പ്രതിമാസം 299 രൂപ മുടക്കിയാൽ ഇൻസ്റ്റഗ്രാം ആപ്പിൽ നിന്ന് തന്നെ പ്രീമിയമെടുക്കാനാകും.
ഇൻസ്റ്റാഗ്രാം പ്ലസ് എന്നത് കൂടുതൽ കസ്റ്റമൈസേഷൻ ആഗ്രഹിക്കുന്നവർക്കും, പ്രൊഫൈൽ കുറച്ചുകൂടി പ്രൊഫഷണൽ ആയോ വ്യത്യസ്തമായോ കൊണ്ടുനടക്കാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടി ഇൻസ്റ്റാഗ്രാം കൊണ്ടുവന്ന ഒരു പ്രീമിയം സേവനമാണ്. സാധാരണ ഉപയോക്താക്കൾക്ക് ലഭിക്കുന്ന ഫീച്ചറുകൾ ഇതിലും ലഭ്യമാണ്.
Adjust Story Font
16

