Quantcast

സോഷ്യൽ മീഡിയ അഡിക്ഷൻ: മെറ്റയ്ക്കും യൂട്യൂബിനും ആറ് മില്യൺ ഡോളർ പിഴ ചുമത്തി കോടതി

വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് മെറ്റയും യുട്യൂബും അറിയിച്ചു. കൗമാരക്കാരുടെ മാനസികാരോ​ഗ്യം വളരെ സങ്കീർ‌ണമായ ഒന്നാണ് ഒരു ആപ്പിനെ മാത്രം കുറ്റപ്പെടുത്താനാവില്ലെന്ന് മെറ്റ പറഞ്ഞു

MediaOne Logo
സോഷ്യൽ മീഡിയ അഡിക്ഷൻ: മെറ്റയ്ക്കും യൂട്യൂബിനും ആറ് മില്യൺ ഡോളർ പിഴ ചുമത്തി കോടതി
X

കാലിഫോർണിയ: കൗമാരക്കാരെയും കുട്ടികളെയും സോഷ്യൽ മീഡിയയ്ക്ക് അടിമകളാക്കുന്ന രീതിയിൽ പ്ലാറ്റ്‌ഫോമുകൾ രൂപകൽപ്പന ചെയ്തെന്ന കേസിൽ മെറ്റയ്ക്കും യൂട്യൂബിനും വൻ പിഴ. കാലിഫോർണിയയിലെ ലോസ് ആഞ്ചലസ് ജൂറിയാണ് ആറ് മില്യൺ ഡോളർ (ഏകദേശം 50 കോടി രൂപ) പിഴ ചുമത്തിയിരിക്കുന്നത്. പിഴ തുക പരാതിക്കാരിയായ യുവതിക്ക് നൽകണം. പിഴ തുകയിൽ 70 ശതമാനം മെറ്റയും ബാക്കി യൂട്യൂബും നൽകണം എന്നാണ് ജൂറിയുടെ വിധി.

സോഷ്യൽ മീഡിയയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് മതിയായ മുന്നറിയിപ്പ് നൽകുന്നതിൽ പരാജയപ്പെട്ടുവെന്നും ഉൽപ്പന്നങ്ങളുടെ രൂപകൽപ്പനയിൽ കമ്പനികൾ വീഴ്ച വരുത്തിയെന്നുമാണ് ഒൻപത് ദിവസം നീണ്ട ചർച്ചകൾക്കൊടുവിൽ ജൂറി കണ്ടെത്തി. നിലവിൽ 20 വയസുള്ള യുവതിയാണ് പരാതി നൽകിയത്. ആറാം വയസിൽ യൂട്യൂബിനും ഒൻപതാം വയസിൽ ഇൻസ്റ്റാഗ്രാമിനും താൻ അടിമപ്പെട്ടു. പത്താം വയസിൽ തന്നെ വിഷാദരോഗത്തിന് അടിപ്പെട്ടു. 13-ാം വയസ്സിൽ 'ബോഡി ഡിസ്‌മോർഫിക് ഡിസോർഡർ', 'സോഷ്യൽ ഫോബിയ' എന്നീ അവസ്ഥകൾ സ്ഥിരീകരിച്ചു. - തന്റെ ഈ അവസ്ഥയ്ക്ക് കാരണം സോഷ്യൽ മീഡിയയുടെ അമിത ഉപയോഗമാണെന്ന് യുവതിയുടെ വാദം. സോഷ്യൽ മീഡിയ ഉപയോഗം കാരണം കുടുംബാംഗങ്ങളുമായും സ്കൂളിലെ സുഹൃത്തുക്കളുമായും ഉള്ള ബന്ധം വഷളായതായും പരാതിയിൽ പറയുന്നു.

സിഗരറ്റ് കമ്പനികൾക്കെതിരെ 1990-കളിൽ നടന്ന നിയമപോരാട്ടത്തിന് സമാനമായ വാദങ്ങളാണ് കോടതിയിൽ ഉയർന്നത്. 'ഇൻഫിനിറ്റ് സ്ക്രോളിംഗ്' (Infinite Scrolling), വീഡിയോകൾ തനിയെ പ്ലേ ആകുന്ന 'ഓട്ടോപ്ലേ' (Autoplay) തുടങ്ങിയ ഫീച്ചറുകൾ ആളുകളെ ആപ്പുകളിൽ തന്നെ തളച്ചിടാൻ മനപ്പൂർവം നിർമ്മിച്ചതാണെന്ന് പരാതിക്കാരുടെ അഭിഭാഷകർ വാദിച്ചു. ഈ ഫീച്ചറുകൾ കുട്ടികളിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് കമ്പനികൾക്ക് അറിവുണ്ടായിട്ടും അത് മറച്ചുവെച്ചുവെന്ന് ജൂറി കണ്ടെത്തി.

അതേസമയം, വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് മെറ്റയും യുട്യൂബും അറിയിച്ചു. കൗമാരക്കാരുടെ മാനസികാരോ​ഗ്യം വളരെ സങ്കീർ‌ണമായ ഒന്നാണ് ഒരു ആപ്പിനെ മാത്രം കുറ്റപ്പെടുത്താനാവില്ലെന്ന് മെറ്റ പറഞ്ഞു. തങ്ങളുടേത് ഒരു സോഷ്യൽമീഡിയ പ്ലാറ്റ്ഫോമല്ല എന്നാണ് യുട്യൂബിന്റെ വാ​ദം. തങ്ങളുടേത് ഉത്തരവാദിത്തപ്പെട്ട സ്ട്രീംമി​ം​ഗ് പ്ലാറ്റ് ഫോമാണെന്നും യു ട്യൂബ് അറിയിച്ചു.

TAGS :
Next Story