Quantcast

അമ്മയ്ക്ക് ഒരു ലക്ഷം രൂപയുടെ സർപ്രൈസ് സമ്മാനം! വാങ്ങാൻ എടുത്തതിലും സമയം വേണ്ടി വന്നു അമ്മയെക്കൊണ്ട് വാങ്ങിപ്പിക്കാൻ; വൈറലായി മകന്റെ കുറിപ്പ്

വേദിക് ക്രാഫ്റ്റിന്റെ മാനേജിങ് ഡയറക്ടറായ സാഹിൽ രാജ് കുമാർ ആണ് എക്സിലൂടെ ഈ അനുഭവം പങ്കുവെച്ചത്

MediaOne Logo

Web Desk

  • Updated:

    2026-04-02 10:46:48.0

Published:

2 April 2026 4:07 PM IST

അമ്മയ്ക്ക് ഒരു ലക്ഷം രൂപയുടെ സർപ്രൈസ് സമ്മാനം! വാങ്ങാൻ എടുത്തതിലും സമയം വേണ്ടി വന്നു അമ്മയെക്കൊണ്ട് വാങ്ങിപ്പിക്കാൻ; വൈറലായി മകന്റെ കുറിപ്പ്
X

മക്കൾ എത്ര വലുതായാലും സ്വന്തം കാലിൽ നിന്നാലും, അവരുടെ കയ്യിൽ നിന്ന് വിലപിടിപ്പുള്ള ഒരു സമ്മാനം സ്വീകരിക്കാൻ മാതാപിതാക്കൾക്ക് എപ്പോഴും ഒരു മടിയുണ്ടാകും. അത്തരത്തിൽ തനിക്ക് ഇഷ്ടപ്പെട്ട ഒരു ലക്ഷത്തോളം രൂപ വിലവരുന്ന കണ്ണട വേണ്ടെന്ന് വെച്ച അമ്മയുടെയും, ഒടുവിൽ അവരെ നിർബന്ധിച്ച് അത് വാങ്ങിച്ചു നൽകിയ മകന്റെയും ഹൃദ്യമായ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

വേദിക് ക്രാഫ്റ്റിന്റെ മാനേജിങ് ഡയറക്ടറായ സാഹിൽ രാജ് കുമാർ ആണ് എക്സിലൂടെ ഈ അനുഭവം പങ്കുവെച്ചത്. സാമ്പത്തികമായി യാതൊരു ബുദ്ധിമുട്ടുമില്ലെങ്കിലും തനിക്കായി പണം ചെലവാക്കാൻ വലിയ മടിയുള്ള കൂട്ടത്തിലാണ് സാഹിലിന്റെ അമ്മ. കഴിഞ്ഞ ദിവസം ഒരു ഷോപ്പിലെത്തിയ അവർ, താൻ നോക്കിയ ചില കണ്ണടകൾ കാണിക്കാനായി മകനെ വിഡിയോ കോൾ ചെയ്തു.

അതിനിടയിലാണ് വളരെ മനോഹരമായ ഒരു കണ്ണട അമ്മയുടെ ശ്രദ്ധയിൽ പെട്ടത്. എന്നാൽ അതിന്റെ വില കേട്ടതോടെ അവർ പിന്മാറി. ഏകദേശം 1,00,500 രൂപയോളം ആയിരുന്നു ആ ഡിസൈനർ കണ്ണടയുടെ വില. ഇത്രയും വിലയുള്ള കണ്ണട തനിക്ക് വേണ്ടെന്ന് അവർ ഒറ്റയടിക്ക് പറഞ്ഞു. താൻ പണം കൊടുത്തുവാങ്ങിത്തരാം എന്ന് സാഹിൽ പറഞ്ഞെങ്കിലും അവർ അത് കേൾക്കാൻ തയ്യാറായില്ല.

മകൻ മാസം അഞ്ചോ ആറോ ലക്ഷം രൂപയെങ്കിലും സമ്പാദിക്കുന്ന കാലത്ത്, യാതൊരു ബുദ്ധിമുട്ടുമില്ലാതെ ഇത്രയും വലിയൊരു സമ്മാനം തനിക്ക് വാങ്ങിത്തന്നാൽ മതി എന്നായിരുന്നു അമ്മയുടെ സ്നേഹം നിറഞ്ഞ ശാസന. എന്നാൽ, തന്റെ ഇപ്പോഴത്തെ വരുമാനം അവർ പറഞ്ഞതിലും മുകളിലാണെന്ന് അമ്മയെ ബോധ്യപ്പെടുത്താൻ സാഹിലിന് പിന്നീട് അര മണിക്കൂറോളം സംസാരിക്കേണ്ടി വന്നു! ഒടുവിൽ മകന്റെ വാക്കുകൾ വിശ്വസിച്ച അമ്മ ആ സമ്മാനം സന്തോഷത്തോടെ സ്വീകരിച്ചു.

തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു ദിവസമായാണ് സാഹിൽ ഈ സംഭവത്തെ കുറിക്കുന്നത്. പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. മക്കൾ സാമ്പത്തികമായി മികച്ച നിലയിലാണെങ്കിലും അവരെ ബുദ്ധിമുട്ടിക്കാൻ ആഗ്രഹിക്കാത്ത നമ്മുടെ നാട്ടിലെ ശരാശരി മാതാപിതാക്കളുടെ നേർചിത്രമാണ് ഇതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഏതായാലും ഈ അമ്മയുടെയും മകന്റെയും സ്നേഹനിമിഷങ്ങൾ സൈബർ ലോകത്തിന്റെ കണ്ണ് നനയിക്കുകയാണ്.

TAGS :

Next Story