'എൻ്റെ അമ്മ ഒരിക്കലും അഭിനയിക്കില്ല, അന്ന് ഞാൻ ഉറപ്പിച്ചു'; 10 വർഷം ശുചീകരണ തൊഴിലാളിയായി ജോലി ചെയ്ത ആശുപത്രിയിൽ യുവതി തിരിച്ചെത്തുന്നത് ഡോക്ടറായി, കാരണമിത്
പത്ത് വർഷത്തോളം ക്ലീനറായി ജോലി ചെയ്ത ആശുപത്രിയിൽ ഡോക്ടറായി തിരിച്ചെത്തുകയാണ് യുവതി

- Published:
28 March 2026 6:44 PM IST

മനുഷ്യൻ പലപ്പോഴും പല കാര്യങ്ങൾ കൊണ്ടും അത്ഭുതപ്പെടുത്തിയേക്കും. അതീവിനത്തിൻ്റെ മാതൃകകൾകൊണ്ട് ലോകത്തെതന്നെ ഞെട്ടിക്കും. കഷ്ടപ്പാടുകൾ മറികടക്കാൻ ചിലർ എടുക്കുന്ന ചുവടുകൾ ചരിത്രമാവും. അങ്ങനെയൊരു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് യുഎസിലെ കണക്ടിക്കറ്റ് സ്വദേശിനി ഷേ ടെയ്ലർ അലൻ. പത്ത് വർഷത്തോളം ക്ലീനറായി ജോലി ചെയ്ത ആശുപത്രിയിൽ ഡോക്ടറായി തിരിച്ചെത്തുകയാണ് അവർ.
കണക്റ്റിക്കട്ടിലെ യേൽ ഹോസ്പിറ്റലിൽ അനസ്തേഷ്യോളജി റെസിഡൻസിയിലേക്കാണ് 32 കാരിയായ ഷേ ടെയ്ലർ അലൻ പുതിയ ചുമതലയിൽ എത്തുന്നത്. പതിനെട്ടാം വയസ്സിൽ, വീട്ടിലെ ബുദ്ധിമുട്ടുകൾ മൂലമാണ് ടെയ്‌ലർ അലൻ ആശുപത്രിയിൽ ജോലി ചെയ്യാൻ തുടങ്ങിയത്. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയായതോടെ സ്വന്തം ചെലവുകൾക്കും ബില്ലുകൾ അടയ്ക്കുന്നതിനും പണം കണ്ടെത്തേണ്ടതായി വന്നു. അങ്ങനെ അവർ തൂപ്പുകാരിയുടെ ജോലി ഏറ്റെടുത്തു.
ആ സമയത്ത്, മെഡിക്കൽ വിദ്യഭ്യാസത്തിന് പോയിട്ട് ഉപരിപഠനത്തിന് പോകണോ എന്ന കാര്യത്തിൽ പോലും അവൾ പദ്ധതിയിട്ടിരുന്നില്ല. 10 വർഷക്കാലമാണ് ഷേ ഇവിടെ ജോലിയിൽ തുടർന്നത്.
എന്നാൽ, ജീവിതത്തിലുണ്ടായ ചെറിയ സംഭവം അവളുടെ തീരുമാനത്തെയാകെ മാറ്റി മറിപ്പിച്ചു. തികച്ചും വ്യക്തിപരമായ ഒരു അനുഭവത്തിലൂടെയാണ് ജീവിതം ഒരു വലിയ വഴിത്തിരിവിലെത്തിയത്. തൂപ്പുകാരിയായി ജോലി ചെയ്ത കാലയളവിൽ ടെയ്‌ലർ അലൻ്റെ അമ്മയ്ക്ക് അസുഖം ബാധിക്കുകയും അടിക്കടി ആശുപത്രിയിൽ പോകേണ്ടി വരികയും ചെയ്തു. എന്നാൽ, അമ്മയുടെ രോഗത്തിൻ്റെ യഥാർഥ കാരണം കണ്ടെത്താൻ ഡോക്ടർമാർക്ക് കഴിഞ്ഞില്ലെന്ന് അവർ പറയുന്നു. അത് ഒരു മാനസികാരോഗ്യ പ്രശ്നമാകാം എന്ന് ഡോക്ടർമാർ സൂചിപ്പിച്ചെങ്കിലും, അതിലും ഗൗരവകരമായ മറ്റെന്തോ ഒന്നാണെന്നും അത് ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ടെന്ന് ഷേ വിശ്വസിച്ചു. തൻ്റെ അമ്മ അസുഖം വന്നവളായി അഭിനയിക്കുന്നവളല്ല. അത് കൊണ്ട് തന്നെ മുൻപ് ഒരു തീപിടുത്ത സമയത്ത് ഉണ്ടായ പൊള്ളലാവാം അമ്മയ്ക്ക് നിരന്തരം ശ്വാസതടസം ഉണ്ടാവുന്നതിനുള്ള കാരണം എന്നും അവൾ കരുതി.
അമ്മയെ സഹായിക്കണമെന്ന ഉറച്ച തീരുമാനത്തിൽ, തൻ്റെ ഓഫീസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥയ്ക്ക് അമ്മയുടെ അവസ്ഥ വിശദീകരിച്ചുകൊണ്ട് ഒരു ഇമെയിൽ അയക്കാൻ അവൾ തീരുമാനിച്ചു. തന്നെ അറിയാമായിരുന്നതുകൊണ്ട്, അതേ ദിവസം തന്നെ അവൾക്ക് കാര്യങ്ങൾ അന്വേഷിക്കാമെന്നും കഴിയുന്നതെല്ലാം ചെയ്യാമെന്നുമുള്ള മറുപടിയും ലഭിച്ചു. അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ, അമ്മയ്ക്ക് വോക്കൽ കോർഡ് ഡിസ്ഫങ്ഷൻ ആണെന്ന് അവർ കണ്ടെത്തി. അതോടെ രോഗത്തിന് ചികിത്സ നേടുകയും രോഗം പൂർണമായും മാറുകയും ചെയ്തു.
എന്നാൽ ഈ സംഭവം, ടെയ്‌ലർ അലനിൽ വലിയ സ്വാധീനം ചെലുത്തി. ഡോക്ടർമാർ രോഗികളെ ശ്രദ്ധയോടെ കേൾക്കുന്നതും വേഗത്തിൽ പ്രവർത്തിക്കുന്നതും എത്രത്തോളം പ്രധാനമാണെന്ന് അവൾ മനസിലാക്കി. ആ അനുഭവം ഒരു പുതിയ പാതയെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ചു. അങ്ങനെ അവൾ എങ്ങനെ ഒരു ഡോക്ടറാകാം എന്ന് ഗൂഗിളിൽ തിരയാൻ തുടങ്ങി, അവിടെ നിന്ന് പിന്നീട് മുന്നോട്ട് പോയി. അതിനായി പരിശ്രമങ്ങൾ ആരംഭിച്ചതിന്റെ ഫലമായി 2021ൽ ഹോവാർഡ് യൂണിവേഴ്സിറ്റി മെഡിക്കൽ സ്കൂളിൽ പ്രവേശനവും ലഭിച്ചു. ജോലി ഉപേക്ഷിച്ച് പഠനം തുടരാനായിരുന്നു തീരുമാനം. വിരമിക്കുന്നതിന് തൊട്ടുമുൻപ് ആശുപത്രി മേധാവിയെ കണ്ട് കാര്യം പറഞ്ഞു.
മെഡിക്കൽ സ്കൂൾ പഠനം ആരംഭിക്കുന്നതിന് മുമ്പ്, നേരത്തെ തന്നെ സഹായിച്ച മേധാവിയിൽ നിന്ന് അവർക്കൊരു സന്ദേശം ലഭിച്ചു. 'എന്നെങ്കിലും ഒരു റെസിഡന്റ് ഡോക്ടറായി ഇവിടെ മടങ്ങിയെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു' എന്നായിരുന്നു അത്. വർഷങ്ങൾക്ക് ശേഷം ആ പ്രതീക്ഷ യാഥാർഥ്യമായി. മാർച്ച് 20ന് യേൽ ആശുപത്രിയിൽ തന്നെ അനസ്തേഷ്യോളജി റെസിഡൻസിയിൽ ജോലി ലഭിച്ചതായി അറിയിപ്പ് ലഭിക്കുകയായിരുന്നു. ഇപ്പോൾ ഷേയിക്ക് 32 വയസാണ് പ്രായം. അവസാന വർഷ മെഡിക്കൽ വിദ്യാർഥിനിയാണ്. കുറച്ച് ദിവസം കഴിഞ്ഞാൽ പഴയ ജോലി സ്ഥലത്തേക്ക് അവൾ പുതിയ പദവിയിൽ എത്തും
Adjust Story Font
16
