Quantcast

പശ്ചിമേഷ്യൻ യുദ്ധം; ആഗോള ഊർജ്ജ പ്രതിസന്ധി രൂക്ഷം, സഹായത്തിനായി ലോകബാങ്കിനെ സമീപിക്കാൻ 27 രാജ്യങ്ങൾ

നിലവിലെ പ്രതിസന്ധി മറികടക്കുന്നതിനായി നിരവധി രാജ്യങ്ങൾ ലോകബാങ്കിനെ സമീപിക്കാനൊരുങ്ങുന്നതായി ലോകബാങ്ക് രേഖകളെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് റിപ്പോർട്ട് പുറത്തുവിട്ടത്

MediaOne Logo
പശ്ചിമേഷ്യൻ യുദ്ധം; ആഗോള ഊർജ്ജ പ്രതിസന്ധി രൂക്ഷം, സഹായത്തിനായി ലോകബാങ്കിനെ സമീപിക്കാൻ 27 രാജ്യങ്ങൾ
X

​വാഷിങ്ടൺ: ഇറാൻ-യുഎസ് യുദ്ധത്തെത്തുടർന്നുണ്ടായ ആഗോള ഊർജ്ജ പ്രതിസന്ധി രൂക്ഷമായതോടെ, അടിയന്തര സാമ്പത്തിക സഹായത്തിനായി 27 രാജ്യങ്ങൾ ലോകബാങ്കിനെ സമീപിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. പശ്ചിമേഷ്യൻ യുദ്ധം ആഗോള വിതരണ ശൃംഖലയെ തകിടം മറിക്കുകയും ഇന്ധനവില കുതിച്ചുയരാൻ കാരണമാവുകയും ചെയ്തതോടെയാണ് പല രാജ്യങ്ങളും സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്. ഇതേതുടർന്ന്, പ്രതിസന്ധി മറികടക്കുന്നതിനായി നിരവധി രാജ്യങ്ങൾ ലോകബാങ്കിനെ സമീപിക്കുന്നതായി ലോകബാങ്ക് രേഖകളെ ഉദ്ദരിച്ച് റോയിട്ടേഴ്സാണ് റിപ്പോർട്ട് പുറത്തുവിട്ടത്.

പ്രതിസന്ധി ഇനിയും രൂക്ഷമാകുന്ന പക്ഷം, അടിയന്തര സാഹചര്യങ്ങളിൽ ഫണ്ട് ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഈ രാജ്യങ്ങൾ ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞതായാണ് വിവരം. ഫെബ്രുവരി 28-ന് ഇസ്രായേൽ-യുഎസ് ആക്രമണത്തിന് പിന്നാലെയുണ്ടായ യുദ്ധമാരംഭിച്ചതോടെ മൂന്ന് രാജ്യങ്ങൾ ഇതിനോടകം ബാങ്കുമായി പുതിയ സാമ്പത്തിക കരാറുകൾ അംഗീകരിച്ചിട്ടുണ്ട്.

​കെനിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങൾ ലോകബാങ്കിന്റെ സഹായം തേടുന്നതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ധനവില വർധനവും എണ്ണ വരുമാനത്തിലുണ്ടായ വൻ ഇടിവുമാണ് ഈ രാജ്യങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. വളം ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ വിതരണം തടസ്സപ്പെട്ടത് വികസ്വര രാജ്യങ്ങളെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ഏകദേശം 20 മുതൽ 25 ബില്യൺ ഡോളർ വരെ വിവിധ രാജ്യങ്ങൾക്ക് അടിയന്തര സഹായമായി ലഭ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ലോകബാങ്ക് പ്രസിഡന്റ് അജയ് ബംഗ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. ആവശ്യമെങ്കിൽ ഇത് 60 മുതൽ 100 ബില്യൺ ഡോളർ വരെയായി ഉയർത്താനും ബാങ്കിന് പദ്ധതിയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

​അന്താരാഷ്ട്ര നാണയ നിധി അഥവാ ഐഎംഎഫ് മുന്നോട്ടുവെക്കുന്ന കർശനമായ സാമ്പത്തിക നിയന്ത്രണങ്ങളെക്കാൾ, ലോകബാങ്കിന്റെ സഹായം തേടാനാണ് മിക്ക രാജ്യങ്ങളും താല്പര്യപ്പെടുന്നത്. കെനിയ പോലുള്ള രാജ്യങ്ങളിൽ നിലനിൽക്കുന്ന സാമൂഹിക അസ്വസ്ഥതകൾക്കിടയിൽ ഐഎംഎഫ് നിബന്ധനകൾ സ്ഥിതി കൂടുതൽ വഷളാക്കുമെന്ന ഭയം രാജ്യങ്ങളെ വല്ലാതെ പിടിച്ചുലക്കുമെന്ന് രാഷ്ട്രീയ വിദഗ്ധർ വിലയിരുത്തുന്നു. അതേസമയം, സഹായം തേടുന്ന 27 രാജ്യങ്ങളുടെ പേരുവിവരങ്ങളോ ഇവർ ആവശ്യപ്പെട്ട തുകയോ ലോകബാങ്ക് ഇതുവരെയും ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

TAGS :

Next Story