'കുടുംബത്തോട് യാത്ര പറയാൻ പോലും അനുവദിച്ചില്ല'; 33 വർഷം യുഎസിൽ താമസിച്ചിരുന്ന 73കാരിയെ ഇന്ത്യയിലേക്ക് നാടുകടത്തി
നാടുകടത്തപ്പെടുന്നതിന് മുമ്പ് ജോർജിയയിലെ ജയിലിൽ രണ്ട് ദിവസം താമസിപ്പിച്ചുവെന്നും കിടക്കപോലും നിഷേധിച്ചെന്നും അഭിഭാഷകന്‍ പറഞ്ഞു

വാഷിങ്ടണ്‍: 33 വർഷത്തിലേറെയായി അമേരിക്കയിൽ താമസിച്ചിരുന്ന 73കാരിയായ സിഖ് വനിതയെ ഇന്ത്യയിലേക്ക് നാടുകടത്തി. വടക്കൻ കാലിഫോർണിയില്‍ താമസിച്ചുവരികയായിരുന്ന ഹര്‍ജിത് കൗറിനെയാണ് നാടുകടത്തിയത്. പതിവ് പരിശോധനക്കിടെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) ഉദ്യോഗസ്ഥർ ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മകൾക്കൊപ്പം 1992ലാണ് ഹർജിത് കൗർ യുഎസിലെത്തിയത്. ഇവർക്ക് രേഖകളില്ലായിരുന്നുവെന്നാണ് അധികൃതർ പറയുന്നത്. 13 വർഷത്തിലേറെയായി ഓരോ ആറുമാസത്തിലും അവർ സാൻ ഫ്രാൻസിസ്കോയിലെ ഐസിഇയിൽ റിപ്പോർട്ട് ചെയ്തിരുന്നുവെന്നാണ് കുടുംബം പറയുന്നു.
പഞ്ചാബ് സ്വദേശിനിയായ ഹര്‍ജിത് കൗർ ചൊവ്വാഴ്ചയാണ് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. എന്നാല്‍ ഇവരുടെ അഭിഭാഷകന്‍ നാടുകടത്തിയ രീതിയെക്കുറിച്ച് വീഡിയോ പുറത്തുവിട്ടതോടെ സംഭവം ചര്‍ച്ചയായത്.
ഇന്ത്യയിലേക്ക് തിരിച്ചയക്കുന്നതിനുമുമ്പ് ഹർജിത് കൗറിന് കുടുംബത്തോട് യാത്ര പറയാനുള്ള സാവകാശം പോലും നൽകിയില്ലെന്ന് അഭിഭാഷകനായ ദീപക് അലുവാലിയ പറഞ്ഞു. കൈകളില്‍ വിലങ്ങ് അണിയിച്ചായിരുന്നു ലോസ് ഏഞ്ചൽസിലെ ഐസിഇയിലേക്ക് കൊണ്ടുപോയതെന്നും അഭിഭാഷകന്‍ പറയുന്നു.
കൗറിന്റെ കുടുംബം ആവരുടെ യാത്രാ രേഖകൾ തയ്യാറാക്കിയിരുന്നുവെന്നും എന്നാൽ അവരെ തിരിച്ചെത്തിക്കണമെന്നും അഭ്യർഥിച്ചിരുന്നു.എന്നാൽ അവരെ കാണാൻ പോലും ഐസിഇ അനുവദിച്ചില്ലെന്നും അഭിഭാഷകൻ പറയുന്നു.ഞായറാഴ്ച രാത്രിയാണ് ലോസ് ഏഞ്ചൽസിൽ നിന്ന് കൗറിനെ ചാർട്ടേഡ് വിമാനത്തിൽ ജോർജിയയിലേക്കും അവിടുന്ന് ന്യൂഡൽഹിയിലേക്കും നാടുകടത്തുകയായിരുന്നു.
നാടുകടത്തപ്പെടുന്നതിന് മുമ്പ് രണ്ട് ദിവസം ജോർജിയയിലെ താൽക്കാലിക തടങ്കൽ കേന്ദ്രത്തിലായിരുന്നു ഇവരെ താമസിപ്പിച്ചിരുന്നത്. കിടക്കപോലും 73കാരിക്ക് നിഷേധിച്ചു. ഏകദേശം 60-70 മണിക്കൂർ അവൾക്ക് കിടക്ക പോലും നൽകിയില്ല, പുതപ്പ് വിരിച്ച് തറയിൽ ഉറങ്ങാൻ നിർബന്ധിച്ചു. രണ്ട് കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയതിനാൽ അവൾക്ക് എഴുന്നേൽക്കാൻ കഴിഞ്ഞില്ല," അഭിഭാഷകന്‍ പറഞ്ഞു.കൗറിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അവരുടെ കുടുംബാംഗങ്ങളടക്കമുള്ള നൂറുകണക്കിനാളുകള്‍ പ്രതിഷേധപ്രകടനം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
Adjust Story Font
16

