Quantcast

ഇസ്രായേലിന് ഫൈറ്റർ ജെറ്റ് പാർട്‌സ് നൽകുന്നു; നെതർലൻഡ്‌സിനെതിരെ ഡച്ച് കോടതിയിൽ കേസ്

ഇസ്രായേലി ഫൈറ്റർ ജെറ്റുകൾക്ക് വേണ്ട പാർട്‌സുകൾ കയറ്റിയയക്കാൻ അനുവദിക്കുന്നതിലൂടെ നെതർലൻഡ്‌സ് മാനവിക നിയമങ്ങൾ ലംഘിക്കുകയാണെന്ന് ഹരജിയിൽ കുറ്റപ്പെടുത്തി

MediaOne Logo

Web Desk

  • Updated:

    2023-12-04 15:22:03.0

Published:

4 Dec 2023 3:17 PM GMT

A case in Hague District Court against the government of the Netherlands against providing parts of the F-35 fighter jet to Israel, which kills innocent people in Palestine.
X

ഹേഗ്: ഫലസ്തീനിൽ നിരപരാധികളെ കൊന്നൊടുക്കുന്ന ഇസ്രായേലിന് ഫൈറ്റർ ജെറ്റ് പാർട്‌സ് നൽകുന്നതിന് നെതർലൻഡ്‌സിനെതിരെ രാജ്യത്തെ കോടതിയിൽ തന്നെ കേസ്. എഫ് 35 ഫൈറ്റർ ജെറ്റ് പാർട്‌സ് നൽകുന്നതിലൂടെ ഗസ്സയിലെ യുദ്ധക്കുറ്റങ്ങളുടെ ഭാഗമായെന്ന് കാണിച്ചാണ് നെതർലൻഡ്‌സ് ഭരണകൂടത്തിനെതിരെ ഹേഗ് ഡിസ്ട്രിക്റ്റ് കോടതിയിൽ ഹരജി. ആംനസ്റ്റി ഇൻറർനാഷണൽ ആൻഡ് ഓക്‌സ്ഫാമിന്റെ ഡച്ച് ഘടകമാണ് ഹരജി നൽകിയിരിക്കുന്നത്. യുദ്ധം തുടരവേ ഇസ്രായേലി ഫൈറ്റർ ജെറ്റുകൾക്ക് വേണ്ട പാർട്‌സുകൾ കയറ്റിയയക്കാൻ അനുവദിക്കുന്നതിലൂടെ നെതർലൻഡ്‌സ് മാനവിക നിയമങ്ങൾ ലംഘിക്കുകയാണെന്ന് ഹരജിയിൽ കുറ്റപ്പെടുത്തി. അതിനാൽ പാർട്‌സുകൾ കയറ്റുമതി ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

യുഎസ് ഉടമസ്ഥതയിലുള്ള എഫ് 35 പാർട്‌സിന്റെ നിരവധി പ്രാദേശിക വെയർഹൗസുകളിലൊന്ന് നെതർലൻഡ്‌സിലാണ്. ഇസ്രായേലടക്കമുള്ളയിടങ്ങളിലേക്ക് ഇവിടെ നിന്ന് അവ കൊണ്ടുപോകുന്നുണ്ട്. ഇസ്രായേൽ യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ഗസ്സയിലെ സാധാരണക്കാരെ കൊന്നൊടുക്കുകയാണെന്ന് ഒക്‌സ്ഫാം നവിബടക്കമുള്ളവർ നൽകിയ ഹരജിയിൽ കുറ്റപ്പെടുത്തി. സഖ്യരാജ്യങ്ങളോടുള്ള വാണിജ്യപരമോ രാഷ്ട്രീയപരമോ ആയ ബാധ്യതകൾ നെതർലൻഡ്സ് നിറവേറ്റുന്നതിനേക്കാൾ പ്രധാനം യുദ്ധക്കുറ്റങ്ങൾ തടയുകയാണെന്നും അവർ വാദിച്ചു.

'(ഡച്ച്) ഭരണകൂടം എഫ് 35 പാർട്‌സ് ഇസ്രായേലിന് നൽകുന്നത് ഉടനടി നിർത്തണം' അഭിഭാഷകനായ ലിസ്‌ബെത്ത് സെഗ്വെൽഡ് കോടതിയിൽ ആവശ്യപ്പെട്ടു. ജനീവ കൺവെൻഷന്റെ ആർട്ടിക്കിൾ ഒന്ന് പ്രകാരവും വംശഹത്യ തടയാനുള്ള വംശഹത്യ ഉടമ്പടി പ്രകാരവും അത് ബാധ്യതയാണെന്ന് ചൂണ്ടിക്കാട്ടി. കയറ്റുമതി നിയമപ്രകാരമുള്ള ബാധ്യതയാണെന്നും പറഞ്ഞു.

എന്നാൽ കയറ്റുമതിയുടെ കാര്യങ്ങളും ഇസ്രായേലിന്റെ സ്വയം പ്രതിരോധത്തിന്റെ കാര്യങ്ങളും തങ്ങൾ പരിശോധിച്ചതായി ഡച്ച് ഭരണകൂടത്തിന്റെ അഭിഭാഷകൻ റീമർ വെൽധൂയിസ് പറഞ്ഞു. ഗസ്സയിലെ ജനങ്ങൾ ഏറെ സഹിക്കേണ്ടി വരുന്നുണ്ടെന്നും എന്നാൽ എല്ലാ കാര്യങ്ങളും പരിഗണിക്കാതെ ഇസ്രായേലി സൈന്യത്തിന്റെ പ്രവൃത്തികൾക്ക് മേൽ ഡച്ച് കോടതിക്ക് വിധി പുറപ്പെടുവിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

നെതർലൻഡ്സിന്റെ വിശാല സുരക്ഷയും രാഷ്ട്രീയ താൽപ്പര്യങ്ങളും പരിഗണിച്ച് കയറ്റുമതി തുടരണമെന്നും ഇത് മറ്റ് വെയർഹൗസുകളിൽ നിന്ന് റൂട്ട് ചെയ്യാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കേസിൽ രണ്ട് ആഴ്ചക്കുള്ളിൽ വിധിയുണ്ടാകുമെന്നാണ് റിപ്പോർട്ട്. ഒക്‌ടോബർ ഏഴിന് ശേഷം ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ 6600ലേറെ കുട്ടികളടക്കം 15000ത്തിലേറെ പേരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. എന്നാൽ തങ്ങൾ യുദ്ധക്കുറ്റം ചെയ്യുന്നില്ലെന്നാണ് ഇസ്രായേലിന്റെ അവകാശവാദം.

A case in Hague District Court against the government of the Netherlands against providing parts of the F-35 fighter jet to Israel, which kills innocent people in Palestine.

TAGS :

Next Story