Quantcast

അമേരിക്കയുമായി ഇതാദ്യമായി കരാറിനരികിലെന്ന് ഇറാൻ; ഊഹാപോഹങ്ങൾ വാർത്തയാക്കരുതെന്ന മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി

അരാഗ്ചിയുടെ പോസ്റ്റ് പങ്കുവെച്ച് ട്രംപ്

MediaOne Logo

അൻഫസ് കൊണ്ടോട്ടി

  • Updated:

    2026-06-12 17:07:21

Published:

12 Jun 2026 10:27 PM IST

അമേരിക്കയുമായി ഇതാദ്യമായി കരാറിനരികിലെന്ന് ഇറാൻ; ഊഹാപോഹങ്ങൾ വാർത്തയാക്കരുതെന്ന മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി
X

തെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷത്തിനിടെ അമേരിക്കയുമായി ഇതാദ്യമായി ഒരു കരാറിനരികിലെത്തിയതായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. കേവലം അനുമാനങ്ങൾ വാർത്തയാക്കുന്നതിൽ നിന്ന് മാധ്യമങ്ങൾ വിട്ടുനിൽക്കണമെന്നും അന്തിമ തീർപ്പായാൽ കരാറിന്‍റെ മുഴുവൻ ഉള്ളടക്കവും പൊതുസമൂഹത്തെ അറിയിക്കുമെന്നും അരാഗ്ചി അറിയിച്ചു.

'ഇസ്ലാമാബാദ് ഇടപെടൽ മുഖേനയുള്ള വെടിനിർത്തൽ കരാർ ഇതാദ്യമായാണ് ഇത്രത്തോളമെത്തിയിരിക്കുന്നത്.' യുഎസ്-ഇറാൻ വെടിനിർത്തൽ ചർച്ചകളിൽ പാകിസ്താന്‍റെ നിർണായക ഇടപെടലുകളെ ചൂണ്ടിക്കാണിച്ചുകൊണ്ട് അരാഗ്ചി എക്സിൽ കുറിച്ചു.

'കരാർ അതിന്‍റെ അവസാനത്തോടടുത്തിരിക്കുകയാണ്. കേവലം അനുമാനങ്ങൾ വാർത്തയാക്കുന്നതിൽ നിന്ന് മാധ്യമങ്ങൾ വിട്ടുനിൽക്കണം'. അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനിയൻ മാധ്യമങ്ങളിൽ അടിസ്ഥാനരഹിതമായ വാർത്തകൾ വ്യാപകമായി പ്രചരിക്കുന്നതിന് പിന്നാലെയാണ് അരാഗ്ചിയുടെ മുന്നറിയിപ്പ്. അന്തിമ തീരുമാനമായാൽ കരാറിന്‍റെ മുഴുവൻ ഉള്ളടക്കവും പൊതുസമൂഹത്തെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെടിനിർത്തൽ കരാറിലെ നിർണായക വിവരങ്ങൾ ഇറാൻ മാധ്യമങ്ങൾ ചോർത്തുന്നുവെന്ന് ട്രംപ് ആരോപണം ഇന്നലെ ആരോപണം ഉന്നയിച്ചിരുന്നു.

ഇറാന്‍റെ സുപ്രധാനമായ ഖാർഗ് ദ്വീപിന് നേരെ കഴിഞ്ഞ ദിവസം യുഎസ് നടത്തിയ ആക്രമണങ്ങൾ മേഖലയെ കൂടുതൽ സംഘർഷാവസ്ഥയിലേക്ക് തള്ളിവിട്ടിരുന്നു. അതേസമയം, ഇരുരാജ്യങ്ങളും തമ്മിലുള്ള ശാശ്വതമായ വെടിനിർത്തൽ സാധ്യതകളും ചർച്ചകളും സജീവമായി തുടരുകയും ചെയ്യുന്നുണ്ടായിരുന്നു. ഇതിനിടെയാണ് ഇറാൻ വിദേശകാര്യമന്ത്രിയുടെ പ്രതികരണം. അരാഗ്ചിയുടെ എക്സ് പോസ്റ്റ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവെക്കുകയും ചെയ്തു. തങ്ങൾ മുന്നോട്ടുവെക്കുന്ന കരാറുകൾ അംഗീകരിക്കുകയല്ലാതെ ഇറാന്‍റെ മുന്നിൽ മറ്റ് വഴികളൊന്നുമില്ലെന്നായിരുന്നു ട്രംപ് നേരത്തെ പറഞ്ഞിരുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറിലെ ഉറപ്പുകൾ പാലിച്ചാൽ ഇറാന് സാമ്പത്തിക നേട്ടം ലഭിക്കുമെന്നും കരാറിൽ ഒപ്പുവെച്ചത് കൊണ്ട് മാത്രം ഫണ്ടുകൾ വിട്ടുകിട്ടില്ലെന്നും യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി വാൻസും പ്രതികരിക്കുകയുണ്ടായി.

അതേസമയം, ഇറാനും അമേരിക്കയും തമ്മിലുള്ള ധാരണാപത്രത്തിന്‍റെ കരട് തയ്യാറായതായി പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും പ്രതികരിച്ചു. സമാധാന കരാറിന്‍റെ മിനുക്കുപണികൾക്കായി ഇറാനും അമേരിക്കയും അടുത്ത സമ്പർക്കം പുലർത്തിവരികയാണെന്നും സമാധാനത്തിലേക്ക് ഇരുരാജ്യങ്ങളും ഇത്രമാത്രം അടുത്ത് വന്നത് ഇതാദ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ, ഒമാൻ തീരത്തുവെച്ച് ഇന്ത്യൻ നാവികരെ കൊലപ്പെടുത്തിയതിന്‍റെ ഉത്തരവാദിത്തം ഇറാന്‍റെ മേൽ ട്രംപ് ആരോപിച്ചിരുന്നു. ഹോർമുസ് കടലിടുക്ക് കടന്ന ഇന്ത്യൻ കപ്പലിന് നേരെ ഇറാൻ നടത്തിയ ആക്രമണം അംഗീകരിക്കാനാവില്ലെന്നായിരുന്നു ട്രംപിന്‍റെ പ്രതികരണം. അതേസമയം, ഇന്ത്യൻ കപ്പലിന് നേരെയുള്ള ആക്രമണത്തിൽ ഇറാന്‍റെ ഭാഗത്ത് നിന്നുള്ള പ്രതികരണങ്ങളൊന്നും ഇതേവരെയും പുറത്തുവന്നിട്ടില്ല.

TAGS :

Next Story