ഏഴ് വർഷത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിൽ; ഷാൻ ഹായ് ഉച്ചകോടിയിൽ പങ്കെടുക്കും
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം ശക്തമാക്കുന്നതിലൂടെ അമേരിക്കൻ തീരുവ പ്രതിസന്ധി മറികടക്കാനാണ് ആലോചന

ന്യൂഡൽഹി: നീണ്ട ഏഴ് വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിലെത്തി. ടിയാൻജിനിൽ ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ മോദി നാളെ പങ്കെടുക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം ശക്തമാക്കുന്നതിലൂടെ അമേരിക്കൻ തീരുവ പ്രതിസന്ധി മറികടക്കാനാണ് ആലോചന.
ഗാൽവൻ അതിർത്തിയിൽ ചൈനീസ് പട്ടാളത്തിന്റെ അതിക്രമത്തിൽ ഇന്ത്യൻ ജവാന്മാർക്ക് ജീവൻ നഷ്ടമായതിന് പിന്നാലെയാണ് ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധം വഷളായത്. 'മറക്കാം പക്ഷെ പൊറുക്കില്ല' എന്നതായിരുന്നു ഇത് വരെ ഇന്ത്യൻ നിലപാട്. അമേരിക്കയിലേക്ക് കയറ്റി അയക്കുന്ന ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 50 ശതമാനം അധിക നികുതി ഏർപ്പെടുത്തിയതോടെയാണ് ഇന്ത്യ മാറി ചിന്തിക്കുന്നത്.
48 ബില്യൺ ഇടപാടിന് പകരം വെക്കാൻ കഴിയില്ലെങ്കിലും സുസ്ഥിരവും ഊഷ്മളവുമായ ബന്ധത്തിന് തുടക്കമിടാൻ മോദിയുടെ സന്ദർശനത്തിന് കഴിയുമെന്നാണ് വിലയിരുത്തൽ. അസംസ്‌കൃത ഇരുമ്പ് അയിര് കയറ്റുമതിയിലുള്ള തടസം നീക്കും. മണ്ണുമാന്തി ഉൾപ്പെടെ വലിയ യന്ത്രങ്ങൾ ഇറക്കുമതി ചെയ്യും. ചൈനയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് പുനഃസ്ഥാപിക്കാൻ കഴിയുമെന്നുമാണ് പ്രതീക്ഷ.
ഗുജറാത്തിൽ നിന്നുള്ള മത്സ്യങ്ങൾക്ക് പുതിയമാർക്കറ്റ് കണ്ടെത്താൻ കഴിയുമെന്നതാണ് മറ്റൊരു കാര്യം. ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങുമായി മോദി നാളെ ചർച്ച നടത്തും.
അതിനിടെ നരേന്ദ്രമോദിയുമായി യുഎസ് പ്രസിഡന്റ് പിണങ്ങിയത് നൊബേലിന്റെ പേരിലെന്ന് ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്തു. സമാധാന നൊബേൽപുരസ്‌കാരത്തിന് തന്നെ നാമനിർദേശം ചെയ്യണമെന്ന് ട്രംപ് മോദിയോട് ആവശ്യപ്പെട്ടു. ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിച്ചത് ട്രംപാണെന്ന് സമ്മതിക്കാനും സമ്മർദമുണ്ടായി. മോദി ട്രംപിന് വഴങ്ങാത്തതിന്റെ പേരിലാണ് തീരുവ ഭീഷണി തുടങ്ങിയതെന്നും ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്തു.
Adjust Story Font
16

