'നീ എന്‍റെ ഹൃദയവും ആത്മാവുമാണ്, ഞാൻ മരിക്കുമ്പോൾ എനിക്കുവേണ്ടി കരയാതെ പ്രാര്‍ഥിക്കുക'; ഗസ്സയിൽ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക മറിയം അബു ദഖ മകനെഴുതിയ വികാരനിര്‍ഭരമായ കത്ത്
ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 245 മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്

ഗസ്സ സിറ്റി: 'നീ നിന്റെ അമ്മയുടെ ഹൃദയവും ആത്മാവുമാണ്. ഞാൻ മരിക്കുമ്പോൾ, എനിക്കുവേണ്ടി കരയാതെ, എനിക്കുവേണ്ടി പ്രാർത്ഥിക്കുക. നീ വലുതാകുമ്പോൾ, നീ വിവാഹം കഴിക്കുമ്പോൾ, നിനക്ക് ഒരു മകൾ ജനിക്കുമ്പോൾ, അവൾക്ക് മറിയം എന്ന് പേരിടുക'- ഗസ്സയിലെ നസർ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട അസോസിയേറ്റഡ് പ്രസിന്റേയും ദ ഇൻഡിപ്പെൻഡന്റ് അറബിക്കിന്റെയും പ്രതിനിധിയായ മറിയം അബു ദഖ മകനെഴുതിയ വികാരനിര്‍ഭരമായ കത്തിലെ വാക്കുകളാണിവ.
മറിയം അബു ദഖയുടെ കത്ത് വായിച്ച് അൾജീരിയയുടെ യുഎൻ അംബാസഡർ അമർ ബെൻഡ്ജാമ കരയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഏതൊരു ഔദ്യോഗിക പ്രസ്താവനയേക്കാളും കൂടുതൽ സത്യവും കഠിനവുമാണ് അബു ദഖയുടെ കത്തിലെ വാക്കുകളെന്ന് അമർ ബെൻഡ്ജാമ പറഞ്ഞു.
ഗസ്സയിലെ വാർത്തകൾ നിശബ്ദമാക്കാനും നടന്നുകൊണ്ടിരിക്കുന്ന വംശഹത്യയും ക്ഷാമവും മറച്ചുവെക്കാനും മാധ്യമപ്രവർത്തകരെയാണ് ഇസ്രായേൽ ലക്ഷ്യമിടുന്നതെന്ന് അമർ ബെൻഡ്ജാമ ആരോപിച്ചു. 245 പത്രപ്രവർത്തകർക്ക് ജീവൻ നഷ്ടപ്പെട്ടു. ഓഗസ്റ്റ് അവസാനത്തിൽ ഇസ്രായേൽ സൈന്യം മനഃപൂർവ്വം ആറ് പേരെ കൂടി കൊലപ്പെടുത്തി. അവർ വാക്കുകൾ മാത്രമാണ് വഹിക്കുന്നത്, പ്രതിച്ഛായ മാത്രമാണ്, അവരുടെ ശബ്ദമല്ലാതെ മറ്റൊന്നും നിലനിൽക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ കുറ്റകൃത്യത്തിന് ശേഷം സുരക്ഷാ കൗൺസിൽ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം നസർ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ നാല് മാധ്യമപ്രവർത്തകരടക്കം 14 പേര്‍ കൊല്ലപ്പെട്ടിരുന്നു. അൽ ജസീറ ഫോട്ടോ ജേണലിസ്റ്റ് മുഹമ്മദ് സലാമ, റോയിട്ടേഴ്സിന്റെ ഫോട്ടോ ജേണലിസ്റ്റായ ഹൊസ്സാം അൽ മസ്രി, അസോസിയേറ്റഡ് പ്രസിന്റേയും ദ ഇൻഡിപ്പെൻഡന്റ് അറബിക്കിന്റെയും പ്രതിനിധിയായ മറിയം അബു ദഖ, എൻബിസി നെറ്റ് വർക്കിന്റെ ജേർണലിസ്റ്റ് മൊഅസ് അബു ദഹ എന്നിവരാണ് കൊല്ലപ്പെട്ടത്. നസർ ആശുപത്രിയിലെ റിപ്പോർട്ടിങ്ങിനിടയുണ്ടായ ബോംബാക്രമണത്തിലാണ് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടത്. ഇതുവരെ ഇസ്രായേൽ ആക്രമണത്തിൽ 245 മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്.
Adjust Story Font
16

