Quantcast

'ഇറാനെതിരായ സൈനികനീക്കത്തിന് വ്യോമപാതകള്‍ വിട്ടുനല്‍കില്ല'; യുഎസിനെതിരെ നിലപാട് കടുപ്പിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ യുഎസിന്റെ സൈനികനീക്കങ്ങളില്‍ പങ്കുചേരാനാവില്ലെന്ന് ഫ്രാന്‍സ്, സ്‌പെയിന്‍, ഇറ്റലി, സ്വിറ്റ്‌സര്‍ലാന്റ് എന്നീ രാജ്യങ്ങളും നിലപാട് വ്യക്തമാക്കിയിരുന്നു.

MediaOne Logo
ഇറാനെതിരായ സൈനികനീക്കത്തിന് വ്യോമപാതകള്‍ വിട്ടുനല്‍കില്ല; യുഎസിനെതിരെ നിലപാട് കടുപ്പിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍
X

വിയന്ന: ഇറാനെതിരായ സൈനികനടപടിയില്‍ യുഎസിന് വീണ്ടും തിരിച്ചടി. യുദ്ധത്തില്‍ തങ്ങളുടെ വ്യോമപാതകള്‍ യുഎസ് സൈന്യത്തിന് വിട്ടുനല്‍കില്ലെന്ന് ആസ്ട്രിയന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇറാനെതിരായ സൈനികനീക്കത്തില്‍ വ്യോമസംവിധാനങ്ങള്‍ സൗകര്യപ്പെടുത്തിത്തരണമെന്ന ആവശ്യവുമായി യുഎസ് നിരവധി തവണ തങ്ങളെ സമീപിച്ചിരുന്നതായും എന്നാൽ, 1955-ലെ നിക്ഷ്പക്ഷത നിയമത്തിനെതിരാകുമെന്നതിനാൽ അനുവദിക്കാനാവില്ലെന്നും ആസ്ട്രിയന്‍ വക്താവിനെ ഉദ്ദരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട യുഎസ് അഭ്യര്‍ഥനകളെല്ലാം നിരാകരിക്കുന്നുവെന്നും ആസ്ട്രിയന്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നുള്ള വക്താവ് കൂട്ടിച്ചേര്‍ത്തു. സൈനികനീക്കത്തിന് തയ്യാറെടുത്ത മറ്റ് രാജ്യങ്ങളോടും സമാനമായ നിലപാടാണ് ആസ്ട്രിയ സ്വീകരിച്ചിരുന്നത്. നേരത്തെ, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ യുഎസിന്റെ സൈനികനീക്കങ്ങളില്‍ പങ്കുചേരാനാവില്ലെന്ന് ഫ്രാന്‍സ്, സ്‌പെയിന്‍, ഇറ്റലി, സ്വിറ്റ്‌സര്‍ലാന്റ് എന്നീ രാജ്യങ്ങളും നിലപാട് വ്യക്തമാക്കിയിരുന്നു. അതിനിടയിലാണ് ആസ്ട്രിയയുടെ നീക്കം.

ട്രംപ് ആവശ്യപ്പെട്ടതുപോലെയുള്ള ദൗത്യനിര്‍വഹണം നാറ്റോയുടെ ഉത്തരവാദിത്തമല്ലെന്നായിരുന്നു ഫ്രഞ്ച് ഡെപ്യൂട്ടി പ്രതിരോധമന്ത്രി ആലീസ് റൂഫോയുടെ പ്രതികരണം. യൂറോ അറ്റ്‌ലാന്റിക് മേഖലയുടെ സുരക്ഷ ഉറപ്പാക്കാനുള്ള സൈനിക സഖ്യമാണ് നാറ്റോയെന്നും ആലീസ് റൂഫോ ഓര്‍മിപ്പിച്ചു. എന്നാല്‍, ഹോര്‍മൂസ് കടലിടുക്കില്‍ സൈനികനടപടികള്‍ നടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാകുമെന്നും നാറ്റോയുടെ ഘടന അതിന് അനുവദിക്കില്ലെന്നും റൂഫോ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇറാനെതിരായ സൈനികനടപടി മൂന്ന് ആഴ്ചക്കുള്ളില്‍ അവസാനിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞു. ഇറാനുമായി കരാര്‍ ഉണ്ടാക്കാതെ യുദ്ധം അവസാനിപ്പിക്കില്ലെന്ന നിലപാട് തിരുത്തിയാണ് സൈന്യം പിന്മാറിയേക്കുമെന്ന സൂചന ട്രംപ് നല്‍കിയത്.

TAGS :

Next Story