Quantcast

ഹമാസ് നേതാവ് ഖലീൽ ഹയ്യയുടെ മകൻ അസാം ഖലീൽ ഹയ്യ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെടുന്ന ഖലീൽ ഹയ്യയുടെ നാലാമത്തെ മകനാണ് അസാം

MediaOne Logo

ആത്തിക്ക് ഹനീഫ്

  • Updated:

    2026-05-07 08:51:07.0

Published:

7 May 2026 2:18 PM IST

ഹമാസ് നേതാവ് ഖലീൽ ഹയ്യയുടെ മകൻ അസാം ഖലീൽ ഹയ്യ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു
X

ഗസ്സ സിറ്റി: ഹമാസ് രാഷ്ട്രീയകാര്യ സമിതി അംഗവും വെടിനിർത്തൽ ചർച്ചകളിലെ മുഖ്യ മധ്യസ്ഥനുമായ ഖലീൽ അൽ ഹയ്യയുടെ മകൻ അസാം ഖലീൽ അൽ ഹയ്യ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ഗസ്സയിൽ ബുധനാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അസം വ്യാഴാഴ്ചയാണ് മരണത്തിന് കീഴടങ്ങിയതെന്ന് മുതിർന്ന ഹമാസ് നേതാവ് ബാസിം നയീം സ്ഥിരീകരിച്ചു. ഗസ്സയിലെ വെടിനിർത്തൽ നീക്കങ്ങൾക്കായി ഹമാസ് നേതാക്കൾ ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്‌റോയിൽ ചർച്ചകൾ നടത്തിക്കൊണ്ടിരിക്കെയാണ് ഈ ആക്രമണം നടന്നത്.

ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെടുന്ന ഖലീൽ ഹയ്യയുടെ നാലാമത്തെ മകനാണ് അസാം. ഇതിനുമുമ്പ് 2008ലും 2014ലും ഗസ്സയിൽ നടന്ന സൈനിക നടപടികളിൽ ഹയ്യയുടെ രണ്ട് മക്കൾ കൊല്ലപ്പെട്ടിരുന്നു. കൂടാതെ കഴിഞ്ഞ വർഷം ദോഹയിൽ ഹമാസ് നേതൃത്വത്തെ ലക്ഷ്യമിട്ടുണ്ടായ ആക്രമണത്തിൽ മറ്റൊരു മകനും കൊല്ലപ്പെട്ടു. ഏഴ് മക്കളുള്ള ഖലീൽ അൽ ഹയ്യ പലതവണ ഇസ്രായേലിന്റെ വധശ്രമങ്ങളിൽ നിന്ന് രക്ഷപ്പെട്ടിട്ടുള്ള നേതാവാണ്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മേൽനോട്ടത്തിലുള്ള 'ബോർഡ് ഓഫ് പീസ്' തയ്യാറാക്കിയ ഗസ്സ സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടം ചർച്ച ചെയ്യുന്നതിനായി ഹമാസ് പ്രതിനിധികൾ മധ്യസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് ഈ കൊലപാതകം നടന്നത്. ഇസ്രായേലിന്റെ ഇത്തരം നടപടികൾ വെടിനിർത്തൽ കരാറിനെയും സമാധാന ശ്രമങ്ങളെയും തകർക്കാനാണെന്ന് ഖലീൽ അൽ ഹയ്യ അൽ ജസീറയോട് പ്രതികരിച്ചു. കരാറിന്റെ ആദ്യ ഘട്ടത്തിലെ നിബന്ധനകൾ പാലിക്കാൻ ഇസ്രായേൽ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഒക്ടോബറിൽ ധാരണയായ ട്രംപ് പ്ലാൻ പ്രകാരം ഇസ്രായേൽ സൈന്യം ഗസ്സയിൽ നിന്ന് പിന്മാറുന്നതും ഹമാസ് ആയുധങ്ങൾ ഉപേക്ഷിക്കുന്നതും ഗസ്സയുടെ പുനർനിർമാണം ആരംഭിക്കുന്നതുമാണ് പ്രധാന ലക്ഷ്യങ്ങൾ. എന്നാൽ ഹമാസിനെ നിരായുധരാക്കുക എന്ന നിർദേശം ചർച്ചകളിൽ വലിയ തടസമായി തുടരുകയാണ്. ഇസ്രായേൽ ആക്രമണങ്ങൾ പൂർണമായും നിർത്താതെ രണ്ടാം ഘട്ട ചർച്ചകളിൽ ഗൗരവമായി സഹകരിക്കില്ലെന്ന് ഹമാസ് മധ്യസ്ഥരെ അറിയിച്ചിട്ടുണ്ട്.

വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിനുശേഷവും മേഖലയിൽ സംഘർഷം തുടരുന്നത് സ്ഥിതിഗതികൾ സങ്കീർണമാക്കുന്നു. പ്രാദേശിക കണക്കുകൾ പ്രകാരം ഒക്ടോബറിന് ശേഷം 830ലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഹമാസ് ഉൾപ്പെടെയുള്ള സംഘടനകളുടെ വശത്തുനിന്നുള്ള ഭീഷണികൾ തടയാനാണ് തങ്ങൾ ആക്രമണം നടത്തുന്നതെന്നാണ് ഇസ്രായേലിന്റെ വാദം. പുതിയ സാഹചര്യത്തിൽ സമാധാന ചർച്ചകൾ കൂടുതൽ പ്രതിസന്ധിയിലാകാൻ സാധ്യതയുണ്ട്.

TAGS :

Next Story