Quantcast

രക്തം പുരണ്ട സ്കൂൾ ബാഗുകളും ഷൂസുകളും; കൊല്ലപ്പെട്ട കുരുന്നുകളുടെ ഓർമകളുമായി ഇറാൻ സംഘം പാകിസ്താനിൽ

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിന്റെ ആദ്യ ദിനം കൊല്ലപ്പെട്ട സ്കൂൾ കുട്ടികളുടെ സ്മരണാർത്ഥം 'മിനാബ് 168' (Minab 168) എന്നാണ് ഈ ചർച്ചാ സംഘത്തിന് പേരിട്ടിരിക്കുന്നത്

MediaOne Logo
രക്തം പുരണ്ട സ്കൂൾ ബാഗുകളും ഷൂസുകളും; കൊല്ലപ്പെട്ട കുരുന്നുകളുടെ ഓർമകളുമായി ഇറാൻ സംഘം പാകിസ്താനിൽ
X

ന്യൂഡൽഹി: മിനാബ് കൂട്ടക്കൊലയിലെ ഇരകളുടെ രക്തം പുരണ്ട സ്കൂൾ ബാഗുകളും ഷൂസുകളും വെള്ളപ്പൂക്കളും ചിത്രങ്ങളുമായി ഇറാൻ പ്രതിനിധി സംഘം പാകിസ്താനിലെത്തി. പശ്ചിമേഷ്യയെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന യുദ്ധഭീതിക്കിടെ, യുഎസുമായി സമാധാന ചർച്ചകൾ നടത്തുന്നതിനായി ഇറാൻ സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇസ്‌ലാമാബാദിലെത്തിയത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ ഭീകരത വിളിച്ചോതുന്ന മിനാബ് കൂട്ടക്കൊലയിൽ ജീവൻ പൊലിഞ്ഞ കുട്ടികളുടെ ചിത്രങ്ങൾ വിമാനത്തിലെ മുൻനിരയിൽ വച്ചാണ് സംഘം പാകിസ്താനിൽ പറന്നിറങ്ങിയത്.

'ഈ വിമാനയാത്രയിൽ ഇവരാണെന്‍റെ സഹയാത്രികർ' തന്‍റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ വിമാനത്തിനുള്ളിലെ ചിത്രം പങ്കുവെച്ചുകൊണ്ട് ഗാലിബാഫ് കുറിച്ചു. കൊല്ലപ്പെട്ട കുട്ടികളുടെ ചിത്രങ്ങളിലേക്കും അവരുടെ വസ്തുക്കളിലേക്കും ഗാലിബാഫ് നോക്കിയിരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിന്റെ ആദ്യ ദിനം കൊല്ലപ്പെട്ട സ്കൂൾ കുട്ടികളുടെ സ്മരണാർത്ഥം 'മിനാബ് 168' (Minab 168) എന്നാണ് ഈ ചർച്ചാ സംഘത്തിന് പേരിട്ടിരിക്കുന്നത്. ഫെബ്രുവരി 28-ന് തെക്കൻ ഇറാനിലെ മിനാബ് നഗരത്തിലുള്ള 'ഷജറെ തയ്യിബ' എന്ന പെൺകുട്ടികളുടെ പ്രൈമറി സ്കൂളിന് നേരെയാണ് ആക്രമണമുണ്ടായത്. 160-ലധികം കുട്ടികൾ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. സ്കൂളിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ചുകൊണ്ട് ദക്ഷിണാഫ്രിക്കയടക്കം നിരവധി രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു.

നേരത്തെ, കൊല്ലപ്പെട്ട പെൺകുട്ടികളെ അടക്കം ചെയ്യാൻ വൻതോതിൽ കുഴികളെടുക്കുന്നതിന്റെ ആകാശദൃശ്യങ്ങൾ ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി പങ്കുവെച്ചിരുന്നു. ഡോണാൾഡ് ട്രംപിനെതിരെ കടുത്ത വിമർശനമുന്നയിച്ച അദ്ദേഹം, ഇത് ആസൂത്രിതമായ കൊലപാതകമാണെന്ന് ആരോപിച്ചു. കുട്ടികളുണ്ടായിരുന്ന നേരം സ്കൂളിന് നേരെ പകൽ വെളിച്ചത്തിൽ നടന്ന ഈ ആക്രമണം ഇറാൻ ജനതയോടുള്ള കൊടുംക്രൂരതയാണെന്നും ഇതിന് മറുപടി നൽകാതെ വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പശ്ചിമേഷ്യയിൽ അതിരൂക്ഷമായി തുടരുകയായിരുന്ന യുദ്ധം ആഗോളതലത്തിൽ വലിയ പ്രതിസന്ധിയായതിന് പിന്നാലെയാണ് മധ്യസ്ഥ ചർച്ചകൾക്കായി ഇരുരാജ്യങ്ങളും പാകിസ്താനിൽ ഒത്തുകൂടുന്നത്. സ്പീക്കർ ഗാലിബാഫിനൊപ്പം അരാഗ്ചിയും 12 അംഗ സംഘവുമാണ് ഇറാനെ പ്രതിനിധീകരിക്കുന്നത്. പാകിസ്താൻ വിദേശകാര്യമന്ത്രി മന്ത്രി മുഹമ്മദ് ഇഷാഖ് ദാർ, ആർമി ചീഫ് ഫീൽഡ് മാർഷൽ സയ്യിദ് അസിം മുനീർ എന്നിവർ ചേർന്ന് സംഘത്തെ സ്വീകരിച്ചു.

അമേരിക്കൻ പക്ഷത്തുനിന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്നർ എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. 2011-ൽ ജോ ബൈഡൻ സന്ദർശിച്ചതിന് ശേഷം പാകിസ്താനിലെത്തുന്ന ആദ്യ യുഎസ് വൈസ് പ്രസിഡന്റാണ് ജെ.ഡി. വാൻസ്.

TAGS :

Next Story