ഗസ്സയിൽ ശാശ്വത വെടിനിർത്തൽ വേണമെന്ന് യുഎൻ രക്ഷാ സമിതിയുടെ സംയുക്ത പ്രസ്താവന; വിട്ടുനിന്ന് അമേരിക്ക
ഹമാസിനെ തുരത്താനുള്ള അവസാനഘട്ട യുദ്ധത്തിലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു

ഗസ്സസിറ്റി: ഗസ്സയിൽ നിരുപാധികവും സുസ്ഥിരവുമായ വെടിനിർത്തൽ ഉടൻ വേണമെന്ന് യുഎൻ രക്ഷാസമിതി. ഗസ്സയിൽ നിരുപാധികവും സമ്പൂർണവുമായ യുദ്ധവിരാമം ഉടൻ വേണമെന്ന് യു.എൻ രക്ഷാസമിതിയിലെ അമേരിക്ക ഒഴികെയുള്ള മുഴുവൻ രാജ്യങ്ങളും സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
ഇന്നലെ രാത്രി ചേർന്ന യു.എൻ രക്ഷാ സമിതിയുടെ പ്രത്യേക യോഗം ഗസ്സയിലെ സ്ഥിതിഗതികളിൽ അങ്ങേയറ്റം ആശങ്ക രേഖപ്പെടുത്തി. പട്ടിണിയും പോഷകാഹാര കുറവും മൂലം 41,000 കുഞ്ഞുങ്ങൾ മരണവക്കിലാണെന്ന് രക്ഷാസമിതി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. പട്ടിണി ആയുധമാക്കുന്നത് അന്താരാഷ്ട്ര നിയമം വിലക്കിയതാണെന്ന് രക്ഷാസമിതി ഇസ്രായേലിനെ ഓർമിപ്പിച്ചു.
മുഴുവൻ ബന്ദികളെയും നിരുപാധികം വിട്ടയക്കണമെന്ന് രക്ഷാസമിതി ഹമാസിനോടും ആവശ്യപ്പെട്ടു. അതിനിടെ, ഗസ്സയിൽ 10 പേർ കൂടി പട്ടിണി മൂലം കൊല്ലപ്പെട്ടു. ഇതോടെ പട്ടിണിക്കൊലക്ക് ഇരകളായവരുടെ എണ്ണം 319 ആയി. ഇവരിൽ 119 പേർ കുട്ടികളാണ്. വിവിധ ആക്രമണങ്ങളിലായി 51 പേരാണ് ഇന്നലെ കൊല്ലപ്പെട്ടത്. ഇവരിൽ സഹായം തേടിയെത്തിയ 12 പേരും ഉൾപ്പെടും. ഗസ്സ സിറ്റിക്ക് നേരെയുള്ള ഇസ്രായേൽ ആക്രമണങ്ങൾ വൻതോതിലുള്ള സിവിലിയൻ കുരുതിക്ക് വഴിയൊരുക്കുമെന്ന് യു.എൻ സെക്രട്ടറി ജനറൽ ആന്‍റണിയോ ഗുട്ടറസ് പറഞു. ഗസ്സയിലെ യുദ്ധം അവസാന ഘട്ടത്തിലാണെന്നും ഹമാസിനെ ഇല്ലായ്മ ചെയ്യുന്നതിൽ രാജ്യം വിജയം വരിക്കുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വ്യക്തമാക്കി.
ബന്ദികളുടെ മോചനത്തിന് ഹമാസുമായി കരാറിൽ എത്തണമെന്നാവശ്യപ്പെട്ട് രാജ്യത്തുടനീളം പ്രക്ഷോഭം ശക്തിയാർജിക്കുന്നതിനിടെയാണ് നെതന്യാഹുവിന്‍റെ പ്രതികരണം. ജറൂസലമിലെ നെതന്യാഹുവിന്‍റെ വസതിക്ക് മുന്നിൽ ബന്ദികളുടെ ബന്ധുക്കൾ ഉൾപ്പെടെ ആയിരങ്ങൾ പ്രതിഷേധിച്ചു. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ നബുലസ് പട്ടണത്തിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 80 ഫലസ്തീനികൾക്ക് പരിക്കേറ്റു.
Adjust Story Font
16

