Quantcast

"24 മണിക്കൂർ മതി, റഷ്യ-യുക്രൈൻ യുദ്ധം സിമ്പിൾ ആയി പരിഹരിക്കും"; ട്രംപ്

റഷ്യൻ പ്രസിഡന്റുമായി തനിക്ക് വളരെ അടുത്ത ബന്ധമാണുള്ളതെന്നും താൻ 2020 ൽ വീണ്ടും അധികാരത്തിലെത്തിയിരുന്നെങ്കിൽ യുദ്ധം ഉണ്ടാകില്ലായിരുന്നുവെന്നും ട്രംപ് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    28 March 2023 1:57 PM GMT

trump_russiaukraine war
X

വാഷിങ്ടൺ: റഷ്യ- യുക്രൈൻ യുദ്ധം 24 മണിക്കൂറിനുള്ളിൽ അവസാനിപ്പിച്ച് തരാമെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ അവകാശവാദം. സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകിക്കൊണ്ട് യുദ്ധം അവസാനിപ്പിക്കാൻ സാധിക്കുമെന്ന് ട്രംപ് പറഞ്ഞു. എന്നാൽ, അതെങ്ങനെയെന്ന് ചോദ്യത്തിൽ നിന്ന് ട്രംപ് വിദഗ്ധമായി ഒഴിഞ്ഞുമാറുകയാണ് ചെയ്തത്.

2024ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ അവസാനത്തോടെ യുദ്ധം അവസാനിച്ചില്ലെങ്കിൽ താൻ വീണ്ടും വൈറ്റ് ഹൗസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ "ഒരു ദിവസത്തിനുള്ളിൽ" സമാധാനം സ്ഥാപിക്കുമെന്നാണ് ട്രംപിന്റെ പ്രസ്താവന. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും യുക്രൈനിലെ വോളോഡിമർ സെലെൻസ്‌കിയും താനും തമ്മിലുള്ള ചർച്ചകൾ എളുപ്പമായിരിക്കുമെന്ന് ട്രംപ് പറഞ്ഞു.

"യുദ്ധത്തിന് പരിഹാരമായില്ലെങ്കിൽ, സെലെൻസ്‌കിയുമായും പുടിനുമായും സംസാരിച്ച് 24 മണിക്കൂറിനുള്ളിൽ ഞാനത് പരിഹരിക്കും. വളരെ എളുപ്പമുള്ള ചർച്ചകൾ നടക്കാനുണ്ട്. പക്ഷേ, അത് എന്താണെന്ന് ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നില്ല." ട്രംപ് പറഞ്ഞു.

എന്നാൽ, ഒന്നര വർഷത്തേക്ക് ചർച്ചകൾ തുടങ്ങാൻ സാധ്യതയില്ലെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ഇതിനിടെ യുദ്ധം കൂടുതൽ വഷളാകാൻ സാധ്യതയുണ്ടെന്നും ട്രംപ് പറയുന്നു. റഷ്യൻ പ്രസിഡന്റുമായി തനിക്ക് വളരെ അടുത്ത ബന്ധമാണുള്ളതെന്നും താൻ 2020 ൽ വീണ്ടും അധികാരത്തിലെത്തിയിരുന്നെങ്കിൽ യുദ്ധം ഉണ്ടാകില്ലായിരുന്നുവെന്നും ട്രംപ് പറഞ്ഞു. കൂടാതെ, ആണവലോകയുദ്ധം ഉണ്ടാകുമെന്ന മുന്നറിയിപ്പും ട്രംപ് നൽകി.

"വരുന്ന തിരഞ്ഞെടുപ്പോടെ യുദ്ധം പരിഹരിച്ചില്ലെങ്കിൽ ഇനിയത് സാധ്യമാകില്ല. മാത്രമല്ല, ഈ വിഡ്ഢികളുമായി ഞങ്ങൾ മൂന്നാം ലോക മഹായുദ്ധത്തിലാകാനും സാധ്യതയുണ്ട്. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളെ ഒന്നുമല്ലാതാക്കുന്ന ആണവായുധത്തിലാകും അത് കലാശിക്കുക"; ട്രംപ് പറഞ്ഞു.

അതേസമയം, യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ചൈന മുന്നോട്ടുവെച്ച സമാധാന ചർച്ചയ്ക്ക് തയ്യാറെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ ഒരാഴ്ച മുൻപ് അറിയിച്ചിരുന്നു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായെത്തിയ ചൈനീസ് പ്രസിഡന്‍റ് പുടിനുമായി കൂടിക്കാഴ്‌‍ച നടത്തിയതിനു പിന്നാലെയായിരുന്നു പ്രസ്താവന. സന്ദർശനം റഷ്യ - ചൈന ബന്ധത്തിന്‍റെ ആക്കം കൂട്ടുമെന്ന് ഷി ജിങ് പിങ് പറഞ്ഞിരുന്നു.

യുക്രൈൻ യുദ്ധം തുടങ്ങിയതിന് ശേഷം ആദ്യമായാണ് ഷി ജിങ് പിങ് റഷ്യയിലെത്തിയത്. യുക്രൈനിലെ യുദ്ധക്കുറ്റങ്ങൾക്ക് വ്ലാദിമിർ പുടിനെ അറസ്റ്റ് ചെയ്യണമെന്ന് അന്താരാഷ്ട്ര കോടതി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സന്ദർശനം. പുടിനെതിരെയുള്ള അറസ്റ്റ് വാറന്‍റിനെ അപലപിച്ച ചൈന, യുദ്ധം അവസാനിപ്പിക്കാൻ മുന്നോട്ടുവെച്ച സമാധാന ചർച്ചയ്ക്ക് തയ്യാറെന്ന് പുടിൻ അറിയിച്ചതായും വ്യക്തമാക്കി.

മൂന്ന് ദിവസം നീളുന്ന സന്ദർശനത്തിൽ ഇരുരാഷ്ട്രത്തലവൻമാരും തമ്മിലുള്ള ഔദ്യോഗിക ചർച്ചകളും കൂടിക്കാഴ്‍ചകളും ഇന്നാണ്.ചില സുപ്രധാന കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചേക്കുമെന്നാണ് സൂചന. അതേസമയം സന്ദർശനത്തെ വാഷിങ്ടൺ അപലപിച്ചു. ഷിയുടെ സന്ദർശനത്തിൽ ആയുധകരാറുകൾ ഒപ്പിടുന്നതിനെതിരെ അമേരിക്കയും നാറ്റോ രാജ്യങ്ങളും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

യുക്രൈനിൽ അധിനിവേശം നടത്തി ഒരു വർഷം പിന്നിടുമ്പോഴും കടുത്ത ആക്രമണമാണ് റഷ്യ നടത്തിവരുന്നത്. രണ്ടാഴ്ചക്ക് മുൻപ് യുക്രൈനിലുടനീളം വ്യാപകമായി മിസൈൽ ആക്രമണം നടത്തിയ റഷ്യ ആറോളം യുക്രൈൻ പൗരന്മാരെ കൊലപ്പെടുത്തി. റഷ്യൻ ആക്രമണത്തെ തുടർന്ന് യുക്രൈനിലുടനീളം വൈദ്യുതിയും തടസ്സപ്പെട്ടു. 10 പ്രദേശങ്ങളിൽ വ്യാപക നാശവനഷ്ടങ്ങളുണ്ടായതായും വീടുകൾ തകർക്കപ്പെട്ടതായും പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പറഞ്ഞു.

യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ സപ്പോരിജിയയിലേക്കുള്ള വൈദ്യുതി വിതരണവും മിസൈൽ ആക്രമണത്തിൽ തടസ്സപ്പെട്ടു. കിയവ്, കരിങ്കടൽ തുറമുഖമായ ഒഡേസ, രണ്ടാമത്തെ വലിയ നഗരമായ ഖാർകിവ് എന്നിവിടങ്ങളിലും പോൾട്ടാവ വരെ വ്യാപിച്ചുകിടക്കുന്ന പ്രദേശങ്ങളെയും ലക്ഷ്യംവെച്ചാണ് റഷ്യയുടെ മിസൈൽ ആക്രമണമെന്ന് യുക്രൈൻ അധികൃതർ വ്യക്തമാക്കി. കിയവിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്ത് സ്ഫോടനം നടന്നതായി മേയർ വിറ്റാലി ക്ലിറ്റ്ഷ്‌കോ അറിയിച്ചു. നഗരത്തിലെ ഊർജ കേന്ദ്രത്തിൽ കൂട്ട മിസൈൽ ആക്രമണം ഉണ്ടായെന്നും വൈദ്യുതി വിച്ഛേദിച്ചെന്നും ഒഡെസ മേഖലയുടെ ഗവർണർ മാക്‌സിം മാർചെങ്കോ പറഞ്ഞു. ജനവാസ മേഖലകളും തകർക്കപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

TAGS :

Next Story