'ഹോര്‍മുസിലെ യുഎസ് ഭീഷണി പ്രശ്‌നം വഷളാക്കും, കനത്ത തിരിച്ചടി നല്‍കും, ': മാക്രോണുമായി ഫോണ്‍ സംഭാഷണം നടത്തി ഇറാന്‍ പ്രസിഡന്റ്
യുഎസ്-ഇറാൻ വെടിനിർത്തൽ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് ഫോൺ സംഭാഷണം

- Published:
14 April 2026 5:16 PM IST

തെഹ്‌റാന്‍: പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ സമാധാനചര്‍ച്ചകള്‍ക്കായുള്ള ശ്രമങ്ങള്‍ക്കിടെ ഹോര്‍മുസ് കടലിടുക്കിനെതിരെ യുഎസ് നടത്തുന്ന ഭീഷണികള്‍ പ്രശ്‌നങ്ങളെ കൂടുതല്‍ വഷളാക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് മസ്ഊദ് പെസഷ്‌കിയാന്‍. ട്രംപിന്റെ ഭീഷണികളെ നേരിടാന്‍ ഇറാന്‍ സൈന്യം സജ്ജമാണെന്നും ഇത് ആഗോള വ്യാപാരരംഗത്തെ സങ്കീര്‍ണമായ അവസ്ഥയിലേക്ക് കൊണ്ടെത്തിക്കുമെന്നും പെസഷ്‌കിയാന്‍ മുന്നറിയിപ്പ് നല്‍കി. സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി അന്താരാഷ്ട്ര നിയമങ്ങളുടെ പരിധിയില്‍ നിന്നുകൊണ്ടുള്ള ചര്‍ച്ചകള്‍ക്ക് ഇറാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് ഇറാന്‍ പ്രസിഡന്റിന്റെ പ്രസ്താവന.
പാകിസ്താന്റെ മധ്യസ്ഥതയില്‍ ഇസ്‌ലാമാബാദില്‍ വെച്ചുനടന്ന ചര്‍ച്ചകളെ കുറിച്ചും പ്രാദേശികതലത്തിലുള്ള പുരോഗതികളെ കുറിച്ചും യുറേനിയം സമ്പുഷ്ടീകരണത്തെക്കുറിച്ചും ഇരുരാജ്യങ്ങളുടേയും പ്രസിഡന്റുമാര്‍ സംസാരിച്ചതായാണ് വിവരം. യുഎസ്-ഇറാന്‍ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് ഫോണ്‍ സംഭാഷണം.
പ്രതീക്ഷയോടെയാണ് ഇറാന്‍ പ്രതിനിധിസംഘം ഇസ്‌ലാമാബാദിലെത്തിയതെന്നും എന്നാല്‍, പ്രതിപക്ഷം പൂര്‍ണമായും തങ്ങളെ അവിശ്വസിച്ചതിനാലാണ് ചര്‍ച്ച പരാജയപ്പെട്ടതെന്നും പെസഷ്‌കിയാന്‍ ഫ്രഞ്ച് പ്രസിഡന്റിനെ അറിയിച്ചതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാനിയന്‍ ഭൂപ്രദേശങ്ങള്‍ക്ക് നേരെയുള്ള ട്രംപിന്റെ സമീപകാല ഭീഷണികള്‍ മേഖലയെ കൂടുതല്‍ അപകടകരമായ അവസ്ഥയിലേക്ക് കൊണ്ടെത്തിക്കുമെന്നും ആഗോളവ്യാപരമേഖലയെ സങ്കീര്‍ണമാക്കുമെന്നും ഇറാന്‍ പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി. ഇറാന്റെ ദേശീയതാല്‍പ്പര്യങ്ങള്‍ക്കെതിരായ ഏത് ആക്രമണത്തിനും കനത്ത തിരിച്ചടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂക്ലിയര്‍ ആയുധവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍, യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള കരാര്‍ നിലനില്‍ക്കുന്നുണ്ടെന്നും അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് ഇറാന്‍ ഒന്നും ചെയ്തിട്ടില്ലെന്നും പെസഷ്‌കിയാന്‍ വ്യക്തമാക്കിയതായാണ് വിവരം. അതേസമയം, ലെബനാനെ ഇറാന്റെ പ്രാരംഭവെടിനിര്‍ത്തല്‍ കരാറില്‍ ഉള്‍പ്പെടുത്തണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ നിർദേശിച്ചു. ന്യൂക്ലിയര്‍ ആയുധവുമായും ഹോര്‍മുസ് കടലിടുക്കിലെ നിയമപരമായ അവകാശങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചതായാണ് വിവരം. എന്നാല്‍, നിലവിലെ സാഹചര്യങ്ങളെ കുറിച്ചുള്ള ഇറാന്‍ പ്രസിഡന്റിന്റെ പ്രസ്താവനകളില്‍ അദ്ദേഹം പ്രത്യേകം പ്രതികരണം നടത്തിയിട്ടില്ല.
Adjust Story Font
16
