Quantcast

2026 ലോകകപ്പിന് വളന്റിയറാകാൻ ആഗ്രഹമുണ്ടോ? അപേക്ഷകൾ ക്ഷണിച്ച് ഫിഫ

ഏകദേശം 65,000 വളന്റിയർമാരെയാണ് ഈ ലോകകപ്പിന്റെ വിവിധ മേഖലകളിൽ ഉൾപ്പെടുത്താൻ ഫിഫ ലക്ഷ്യമിടുന്നത്

MediaOne Logo

Web Desk

  • Published:

    27 Aug 2025 3:12 PM IST

2026 ലോകകപ്പിന് വളന്റിയറാകാൻ ആഗ്രഹമുണ്ടോ? അപേക്ഷകൾ ക്ഷണിച്ച് ഫിഫ
X

സ്യുറിച്ച്: 2026 ഫിഫ ലോകകപ്പിന്റെ ഭാഗമാകാൻ ഫുട്ബോൾ ആരാധകർക്ക് ഇപ്പോൾ അവസരം! കാനഡ, മെക്സിക്കോ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ 48 ടീമുകളെ ഉൾപ്പെടുത്തി നടക്കുന്ന മെഗാ ഇവന്റിന്റെ വളന്റിയർ പ്രോഗ്രാമിനുള്ള അപേക്ഷകൾ ഫിഫ ഔദ്യോഗികമായി ആരംഭിച്ചു. ഏകദേശം 65,000 വളന്റിയർമാരെയാണ് ഈ ലോകകപ്പിന്റെ വിവിധ മേഖലകളിൽ ഉൾപ്പെടുത്താൻ ഫിഫ ലക്ഷ്യമിടുന്നത്. ഫിഫയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വളന്റിയർ കമ്മ്യൂണിറ്റിയാകാൻ സാധ്യതയുള്ള നീക്കമാണിത്.

2026 ജൂൺ 11-ന് മെക്സിക്കോ സിറ്റിയിലെ പ്രശസ്തമായ എസ്റ്റാഡിയോ അസ്റ്റെക്കയിലാണ് ലോകകപ്പിന് അരങ്ങേറ്റം കുറിക്കുക. 48 ടീമുകൾ മാറ്റുരക്കുന്ന ടൂർണമെന്റിൽ 6 ഹോസ്റ്റ് സിറ്റികളിലായി 104 മത്സരങ്ങൾ നടക്കും. മൂന്ന് രാജ്യങ്ങളിൽ നടക്കുന്ന ആദ്യത്തെ ടൂർണമെന്റ് കൂടിയാണിത്. ഈ ചരിത്രനിമിഷത്തിന്റെ ഭാഗമാകാൻ ഫുട്ബോൾ പ്രേമികൾക്ക് വളന്റിയറായി പങ്കെടുക്കാം. ഫിഫ വളന്റിയർ കമ്മ്യൂണിറ്റി വെബ്സൈറ്റിലൂടെ (fifa.com/volunteers) ആണ് അപേക്ഷിക്കേണ്ടത്.

വളന്റിയർ പ്രോഗ്രാമിന് എങ്ങനെ അപേക്ഷിക്കാം?

1. രജിസ്ട്രേഷൻ: ഔദ്യോഗിക വെബ്സൈറ്റിൽ ഒരു അക്കൗണ്ട് ഉണ്ടാക്കുക.

2. അപേക്ഷാ ഫോം പൂരിപ്പിക്കൽ: ഇഷ്ട ഹോസ്റ്റ് സിറ്റി തെരഞ്ഞെടുത്തതിന് ശേഷം നിങ്ങളുടെ കഴിവുകളും ലഭ്യതയും വ്യക്തമാക്കുക.

3. ഓൺലൈൻ അസസ്മെന്റ്: ടൂർണമെന്റിനോടുള്ള താല്പര്യവും വളന്റിയർ ടീമിന് അനുയോജ്യനാക്കുന്ന കാരണങ്ങളും വിശദീകരിക്കുന്ന ഒരു ചെറിയ ഓൺലൈൻ ടെസ്റ്റ് ഉണ്ടായിരിക്കുന്നതാണ്.

4. ഇന്റർവ്യൂ: ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടവർക്ക് തെരഞ്ഞെടുത്ത സിറ്റിയിൽ നേരിട്ടോ ഗ്രൂപ്പ് ഇന്റർവ്യൂവിലോ പങ്കെടുക്കാം.

5. ബാക്ഗ്രൗണ്ട് ചെക്ക്: തെരഞ്ഞെടുക്കപെട്ടവർക്ക് ഒരു ബാക്ഗ്രൗണ്ട് പരിശോധനയുണ്ടായിരിക്കും.

6. റോൾ ഓഫർ: 2026 ജനുവരി-ഫെബ്രുവരി മാസങ്ങളിൽ തെരഞ്ഞെടുക്കപെട്ടവർക്ക് സ്റ്റേഡിയം മാനേജ്മെന്റ്, മീഡിയ കോർഡിനേഷൻ, ഫാൻ സർവീസസ്, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിൽ റോളുകൾ ലഭിക്കും.

7. പരിശീലനം: 2026 മാർച്ചിൽ ഓരോ ആളുകളുടെയും റോളിന് അനുയോജ്യമായ പരിശീലനം നൽകും. ഔദ്യോഗിക യൂണിഫോമും അക്രഡിറ്റേഷൻ പാസും ലഭിക്കും.

ആർക്കാണ് അപേക്ഷിക്കാൻ യോഗ്യത?

വളന്റിയർ പ്രോഗ്രാമിൽ പങ്കെടുക്കാൻ ഇനിപ്പറയുന്ന മാനദണ്ഡങ്ങൾ പാലിക്കണം

- പ്രായം: അപേക്ഷിക്കുമ്പോൾ 18 വയസ് പൂർത്തിയായിരിക്കണം (മുകളിലേക്ക് പ്രായപരിധി ഇല്ല)

- ലഭ്യത: ടൂർണമെന്റിന്റെ സമയത്ത് കുറഞ്ഞത് എട്ട് ഷിഫ്റ്റുകളിൽ (ചിലത് ടൂർണമെന്റിന് മുമ്പ്) ജോലി ചെയ്യാൻ ലഭ്യമായിരിക്കണം.

- ഭാഷാ വൈദഗ്ധ്യം: ഇംഗ്ലീഷിൽ നല്ല പ്രാവീണ്യം ഉണ്ടായിരിക്കണം. മെക്സിക്കോയിൽ വളന്റിയർ ചെയ്യാൻ സ്പാനിഷും, കാനഡയിൽ വളന്റിയർ ചെയ്യാൻ കനേഡിയൻ ഫ്രഞ്ചും അറിയുന്നത് ഒരു നേട്ടമാണ്

- നിയമപരമായ യോഗ്യത: ഹോസ്റ്റ് രാജ്യത്ത് വളന്റിയർ ചെയ്യാൻ നിയമപരമായ അനുമതി ഉണ്ടായിരിക്കണം.

ചെലവുകളും ആനുകൂല്യങ്ങളും

യാത്ര, താമസം, വിസ ചെലവുകൾ എന്നിവ ഫിഫ വഹിക്കില്ല. എന്നാൽ ഷിഫ്റ്റുകളിൽ ഭക്ഷണവും പാനീയങ്ങളും ലഭിക്കും. കൂടാതെ ഔദ്യോഗിക യൂണിഫോമും ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ ഇവന്റിന്റെ അനുഭവങ്ങളുടെയും ഭാഗമാകാം. ടൂർണമെന്റിന്റെ അവസാനം വളന്റിയർമാർക്ക് വളന്റിയർ സർട്ടിഫിക്കറ്റും ലഭിക്കും. അപേക്ഷകൾ 2025 ആഗസ്റ്റ് മധ്യത്തിൽ ആരംഭിച്ചിട്ടുണ്ട്. ഒക്ടോബറിൽ വോളന്റിയർ ടീം ട്രയൗട്ടുകൾ ആരംഭിക്കും. കൂടുതൽ വിശദാംശങ്ങൾക്ക്, ഔദ്യോഗിക ഫിഫ വെബ്സൈറ്റ് (fifa.com) സന്ദർശിക്കുക

TAGS :

Next Story