ഗസ്സ വെടിനിർത്തൽ രണ്ടാം ഘട്ടം: ഇസ്രായേലിനുമേൽ സമ്മർദം തുടർന്ന് അമേരിക്ക
ഗസ്സയിൽ ആക്രമണവും സഹായനിയന്ത്രണവും തുടർന്ന് ഇസ്രായേൽ

ഗസ്സ സിറ്റി: വെടിനിർത്തൽ രണ്ടാം ഘട്ടം നടപ്പാക്കാൻ ഇസ്രായേലിനുമേൽ സമ്മർദം തുടർന്ന് അമേരിക്ക. വെടിനിർത്തൽ ശരിയായ ദിശയിൽ മുന്നോട്ടുപോകുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. വെസ്റ്റ് ബാങ്ക് പിടിച്ചെടുത്താൽ ഇസ്രായേലിനുള്ള യുഎസിന്റെ മുഴുവൻ പിന്തുണയും അവസാനിക്കുമെന്ന് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഗസ്സയിൽ ആക്രമണവും സഹായനിയന്ത്രണവും ഇസ്രായേൽ തുടരുകയാണ്.
യുദ്ധാനന്തര ഗസ്സയുടെ ഭരണസംവിധാനവും ഹമാസ് നിരായുധീകരണവും ഉൾപ്പെടുന്ന വെടിനിർത്തൽ രണ്ടാംഘട്ട ചർച്ചകൾക്ക് തയാറാകാനാണ് അമേരിക്കയുടെ സമ്മർദം. മുഴുവൻ ബന്ദികളുടെ മൃതദേഹങ്ങളും ലഭിക്കാതെ ഹമാസുമായി തുടർ ചർച്ചക്കില്ലെന്ന നിലപാടിലാണ് ഇസ്രായേൽ. എന്നാൽ ബന്ദികളുടെ മുഴുവൻ മൃതദേഹങ്ങളും കണ്ടെത്തി കൈമാറാൻ സമയംവേണ്ടി വരുമെന്ന യാഥാർഥ്യം ഇസ്രായേലിനെ ബോധ്യപ്പെടുത്താനാണ് യുഎസ് ശ്രമം.
ഫലസ്തീൻ അതോറിറ്റിക്കും ഗസ്സ ഭരണത്തിൽ പങ്കാളിത്തം നൽകരുതെന്നാണ് ഇസ്രയേലിന്‍റെ പിടിവാശി. വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിനു പിന്നാലെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്നലെ ഇസ്രായേലിൽ എത്തി പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായി ചർച്ച നടത്തി.
വെടിനിർത്തലിൽ പുരോഗതിയുണ്ടെങ്കിലും ഇനിയും ഏറെ ചെയ്യാനുണ്ടെന്ന് മാർക്കോ റൂബിയോ പറഞ്ഞ. പ്രതികൂല സാഹചര്യങ്ങൾക്കിടയിലും സമാധാനം തന്നെയാണ് ലക്ഷ്യമെന്ന് നെതന്യാഹുവും പ്രതികരിച്ചു. ഖാൻ യൂനുസിൽ ഇന്നലെ ഇസ്രായേൽ സേന വ്യാപക ആക്രമണം നടത്തി. റഫ അതിർത്തി തുറന്ന് കൂടുതൽ സഹായം ഗസ്സയിൽ എത്തിക്കണമെന്ന ആവശ്യവും ഇസ്രായേൽ തള്ളി.
ഗസ്സയിലുടനീളം ആവശ്യത്തിന് വെള്ളവും ഭക്ഷണവും മറ്റ് സൗകര്യങ്ങളും ലഭിക്കാതെ ജനങ്ങൾ വലിയ ദുരിതം നേരിടുന്നതായി 'യുനർവ' സാരഥികൾ അറിയിച്ചു. അതിനിടെ, വെസ്റ്റ് ബാങ്കിന് വേണ്ടി ഇസ്രായേൽ നീങ്ങിയാൽ അവർക്കുള്ള യുഎസിന്റെ മുഴുവൻ പിന്തുണയും അവസാനിക്കുമെന്ന് ടൈം മാഗസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.
വെസ്റ്റ് ബാങ്ക് പ്രദേശം ഇസ്രായേൽ പിടിച്ചെടുക്കില്ലെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും പ്രതികരിച്ചു. വെസ്റ്റ് ബാങ്ക് കൂട്ടിച്ചേർക്കാനുള്ള ബില്ലിന് ഇസ്രായേൽ പാർലമെന്റ് പ്രാഥമിക അംഗീകാരം നൽകിയതിന് പിന്നാലെയാണ് അമേരിക്കയുടെ പ്രതികരണം. അമേരിക്കൻ നിലപാടിനെ ഫലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് സ്വാഗതം ചെയ്തു. അൽ അഖ്‌സ മസ്‌ജിദിന്‍റെ താഴെയും ചുറ്റുപാടും ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന ഖനനങ്ങൾ ജറൂസലമിലെ ശേഷിപ്പുകൾക്ക് ഗുരുതര ഭീഷണി ഉയർത്തുന്നതായി ഖുദ്‌സ് ഗവർണറേറ്റ് മുന്നറിയിപ്പ് നൽകി.
Adjust Story Font
16

