ഗസ്സ വെടിനിർത്തൽ: ദോഹയിൽ ചർച്ചകൾ തുടരും; പ്രതീക്ഷയിൽ മധ്യസ്ഥരാജ്യങ്ങൾ
ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ 61 പേർ കൊല്ലപ്പെട്ടു

ഗസ്സ സിറ്റി: ഗസ്സ വെടിനിർത്തൽ ചർച്ചകൾ ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇന്നും തുടരും. വ്യാഴാഴ്ചയോടെ താൽക്കാലിക വെടിനിർത്തൽ കരാർ യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലാണ് മധ്യസ്ഥ രാജ്യങ്ങളും അമേരിക്കയും. ഗസ്സയിലെ സഹായവിതരണം യുഎൻ നിയന്ത്രണത്തിൽ പുനരാരംഭിക്കണമെന്ന ഹമാസ് നിർദേശത്തെ ഇസ്രായേൽ എതിർത്തു. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അമേരിക്കയിൽ നേതാക്കളുമായി തിരക്കിട്ട ചർച്ചയിലാണ്. യുദ്ധാനന്തര ഗസ്സയുടെ ഭാവി സംബന്ധിച്ച് തീർപ്പിലെത്താൻ അമേരിക്കയ്ക്കും ഇസ്രായേലിനും കഴിഞ്ഞിട്ടില്ല.
ഹമാസ്, ഇസ്രായേൽ പ്രതിനിധി സംഘങ്ങൾ തമ്മിൽ ദോഹയിൽ തുടരുന്ന ചർച്ച ശരിയായ ദിശയിലെന്ന് അമേരിക്ക. ഭിന്നതകൾക്ക് പരിഹാരം കണ്ട് ഉടൻ വെടിനിർത്തലിലേക്ക് നീങ്ങാൻ ഇരുപക്ഷത്തിനും കഴിയുമെന്ന് അമേരിക്കയുടെ പശ്ചിമേഷ്യൻ ദൂതൻ സ്റ്റിവ് വിറ്റ്കോഫ് പറഞു. ഇന്നും ദോഹയിൽ ചർച്ച തുടരും. വെടിനിർത്തൽ വേളയിൽ ഗസ്സയിലേക്കുള്ള സഹായ വിതരണം യുഎന്നിനോ സ്വതന്ത ഏജൻസിക്കോ കൈമാറണം എന്നതാണ് ഹമാസ് ഉന്നയിച്ച പ്രധാന ആവശ്യങ്ങളിലൊന്ന്. എന്നാൽ ഇസ്രായേൽ ഇത് എതിർക്കുകയാണ്.
വാഷിങ്ടണിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായി ഇന്നലെ സ്റ്റിവ് വിറ്റ്കോഫ് ചർച്ച നടത്തി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഇന്ന് നെതന്യാഹു ചർച്ച നടത്തും. വെടിനിർത്തലിനു പുറമെ യുദ്ധാനന്തര ഗസ്സയുടെ ഭാവി, ഇറാൻ ആണവ പദ്ധതിക്കെതിരായ നടപടി എന്നിവ സംബന്ധിച്ചും അമേരിക്കൻ നേതാക്കളുമായി ചർച്ച നടത്തുമെന്ന് നെതന്യാഹു പറഞു. ഇസ്രായേൽ-ഗസ്സ അതിർത്തിയോട് ചേർന്ന് മുഴുവൻ ഫലസ്തീനികളെയും പ്രത്യേകം പുനരധിവസിപ്പിച്ച് ഹമാസിന്‍റെ സ്വാധീനം ഇല്ലാതാക്കുന്നതുൾപ്പെടെയുള്ള ചില നിർദേശങ്ങളാണ് നെതന്യാഹു അമേരിക്കക്ക് മുമ്പാകെ സമർപ്പിച്ചതെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ 61 പേർ കൊല്ലപ്പെട്ടു. ഭക്ഷണത്തിന് കാത്തുനിന്നവർക്കു നേരെ നടന്ന വെടിവെപ്പിൽ ഇന്നലെയും അഞ്ച് പേർ മരണപ്പെട്ടു. വടക്കൻ ഗസ്സയിൽ ഹമാസ് നടത്തിയ അപ്രതീക്ഷിത തിരിച്ചടിയിൽ 16 ഇസ്രായേൽ സൈനികർക്ക് പരിക്കേറ്റു. ഇവരിൽ നാല് പേരുടെ നില ഗുരുതരമാണ്. സൈനിക വാഹനത്തിൽ ഘടിപ്പിച്ച സ്ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് അപകടം.
അതിനിടെ, യമനിലെ കേന്ദ്രങ്ങളിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടിച്ച് ഹൂതികൾ. ഇസ്രായേലിനു നേരെ മിസൈൽ വർഷിച്ചതിനു പുറമെ ചെങ്കടലിൽ ഒരു കപ്പലിനു നേരെയും ഹൂതികൾ ആക്രമണം നടത്തി. രണ്ട് കപ്പൽ ജീവനക്കാർക്ക് പരിക്കേൽക്കുകയും രണ്ട് പേരെ കാണാതാവുകയും ചെയ്തു. കഴിഞ്ഞ ദിവസം തങ്ങൾ ആക്രമിച്ച മാജിക് സീസ് എന്ന ചരക്കുകപ്പൽ കടലിൽ മുങ്ങിയതായും ഹൂതികൾ അറിയിച്ചു.
Adjust Story Font
16

