ഗസ്സയിലെ ആശുപത്രി ഡയറക്ടർ ഹുസ്സാം അബു സഫിയയെ ഏകാന്ത തടവിലാക്കി ഇസ്രായേൽ
ഫലസ്തീനി ഡോക്ടറെ മറ്റ് തടവുകാരിൽ നിന്നും അദ്ദേഹത്തിന്റെ അഭിഭാഷകരിൽ നിന്നും പുറംലോകത്ത് നിന്നും പൂർണമായും ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്ഥലംമാറ്റമെന്ന് അറ്റോർണി നാസർ ഔദ പറഞ്ഞു

- Published:
5 Jun 2026 10:21 PM IST

ഗസ്സ: നെഗേവ് തടങ്കൽ പാളയത്തിൽ കഴിഞ്ഞിരുന്ന വടക്കൻ ഗസ്സയിലെ കമാൽ അദ്വാൻ ആശുപത്രി ഡയറക്ടർ ഡോ. ഹുസ്സാം അബു സഫിയയെ ഇസ്രായേൽ നാഫ്ഹ ജയിലിലെ ഏകാന്ത തടവിലേക്ക് മാറ്റി. അബു സഫിയയെ തടങ്കലിൽ വെച്ചിരിക്കുന്നതിനെതിരെ അദ്ദേഹത്തിന്റെ പ്രതിരോധ അഭിഭാഷക സംഘം കോടതിയെ സമീപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇസ്രായേൽ അധികൃതർ ഈ നടപടിയെടുത്തതെന്ന് അറ്റോർണി നാസർ ഔദ പറഞ്ഞു.
ഇസ്രായേലിന്റെ കസ്റ്റഡിയിൽ കഴിയുന്ന അബു സഫിയ ക്രൂരമായ പീഡനങ്ങൾക്കും ഭീഷണികൾക്കും അപമാനകരമായ പെരുമാറ്റങ്ങൾക്കും ഇരയായിട്ടുണ്ടെന്നും, ഇസ്രായേൽ ജയിലുകളിലെ അവസ്ഥകളെക്കുറിച്ച് പുറംലോകത്തോട് മിണ്ടാതിരിക്കാൻ ഇസ്രായേലി രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും ജയിൽ അധികൃതരും അദ്ദേഹത്തിന് മേൽ സമ്മർദം ചെലുത്തുന്നുണ്ടെന്നും അഭിഭാഷകൻ വ്യക്തമാക്കി.
ഫലസ്തീനി ഡോക്ടറെ മറ്റ് തടവുകാരിൽ നിന്നും അദ്ദേഹത്തിന്റെ അഭിഭാഷകരിൽ നിന്നും പുറംലോകത്ത് നിന്നും പൂർണമായും ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്ഥലംമാറ്റമെന്ന് ഔദ പറഞ്ഞു. കൃത്യമായ നിയമപരമായ കാരണങ്ങളൊന്നും ചൂണ്ടിക്കാണിക്കാതെ, പ്രതിരോധ അഭിഭാഷകർ അബു സഫിയയെ സന്ദർശിക്കുന്നത് ജയിൽ അധികൃതർ പലതവണ തടഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16
