'മരുന്നുകൾക്ക് കടുത്ത ക്ഷാമം'; ഫലസ്തീൻ ആരോഗ്യമേഖലയെ രക്ഷിക്കാൻ ഇന്ത്യ ഇടപെടണമെന്ന് അംബാസഡർ
പ്രകൃതിദുരന്തങ്ങളോ മാനുഷിക പ്രതിസന്ധികളോ നേരിടുന്ന വികസ്വര രാജ്യങ്ങൾക്ക് അടിയന്തര മെഡിക്കൽ സാമഗ്രികൾ എത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഇന്ത്യയുടെ 'ആരോഗ്യ മൈത്രി' പദ്ധതി ഫലസ്തീനിലേക്കും വ്യാപിപ്പിക്കണമെന്നും അബ്ദുല്ല എം. അബു ഷാവേഷ് അഭ്യർഥിച്ചു

- Published:
20 Jun 2026 9:36 AM IST

ന്യൂഡൽഹി: തകർന്നടിഞ്ഞ ഫലസ്തീൻ ആരോഗ്യമേഖലയെ രക്ഷിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് ഇന്ത്യയോട് അഭ്യർഥിച്ച് ഫലസ്തീൻ അംബാസഡർ അബ്ദുല്ല എം. അബു ഷാവേഷ്. ഗസ്സയിലും വെസ്റ്റ് ബാങ്കിലുമുള്ള ആശുപത്രികളെ സഹായിക്കാൻ കേന്ദ്ര ഗവൺമെന്റും ഇന്ത്യൻ മാനുഷിക സംഘടനകളും അടിയന്തരമായി മുന്നോട്ടുവരണമെന്ന് അദ്ദേഹം വെള്ളിയാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇസ്രായേലിന്റെ മൂന്ന് വർഷത്തോളമായി തുടരുന്ന ആക്രമണത്തെത്തുടർന്ന് ഫലസ്തീൻ ആരോഗ്യമേഖല പൂർണമായും തകർച്ചയുടെ വക്കിലാണെന്ന് അംബാസഡർ ചൂണ്ടിക്കാട്ടി.
പ്രകൃതിദുരന്തങ്ങളോ മാനുഷിക പ്രതിസന്ധികളോ നേരിടുന്ന വികസ്വര രാജ്യങ്ങൾക്ക് അടിയന്തര മെഡിക്കൽ സാമഗ്രികൾ എത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഇന്ത്യയുടെ 'ആരോഗ്യ മൈത്രി' പദ്ധതി ഫലസ്തീനിലേക്കും വ്യാപിപ്പിക്കണമെന്നും അംബാസഡർ അഭ്യർഥിച്ചു. ആയിരക്കണക്കിന് നിരപരാധികളുടെ ജീവൻ രക്ഷിക്കാനുള്ള കൃത്യമായ സമയമാണിത്. ഇന്ത്യയും ഇന്ത്യൻ ജനതയുമല്ലെങ്കിൽ പിന്നെ ആരാണ്? ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ്? ഓരോ ജീവനും വിലപ്പെട്ടതാണെന്നും അബു ഷാവേഷ് പറഞ്ഞു. ഏകദേശം 100 ദശലക്ഷം ഡോളർ വിലമതിക്കുന്ന ജീവൻ രക്ഷാ മരുന്നുകളും മെഡിക്കൽ സാമഗ്രികളും ഫലസ്തീന് ഇപ്പോൾ അടിയന്തരമായി ആവശ്യമുണ്ട്.
കാൻസർ മരുന്നുകൾക്ക് കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്. ആശുപത്രികളിലേക്ക് ആവശ്യമായ 520 അവശ്യ മരുന്നുകളിൽ 180 എണ്ണം പൂർണമായും തീർന്നുപോയ അവസ്ഥയിലാണ്. കാൻസർ, ട്യൂമർ ചികിത്സകൾക്കുള്ള 97 മരുന്നുകളിൽ 50 എണ്ണവും നിലവിൽ സ്റ്റോക്കിലില്ല. ഇത് നാലായിരത്തോളം കാൻസർ രോഗികളുടെ ജീവൻ അപകടത്തിലാക്കുന്നു. ഇതിനുപുറമെ അനസ്‌തേഷ്യ മരുന്നുകൾ, സർജിക്കൽ ഉപകരണങ്ങൾ, ഡയാലിസിസ് ഫിൽട്ടറുകൾ, രക്തം, ഇൻസുലിൻ, ആശുപത്രി ജനറേറ്ററുകൾ പ്രവർത്തിപ്പിക്കാനുള്ള ഇന്ധനം എന്നിവയ്ക്കും കടുത്ത ക്ഷാമം നേരിടുന്നുണ്ട്. ഗസ്സയിലെ ലക്ഷക്കണക്കിന് കെട്ടിടങ്ങൾ തകർന്നടിഞ്ഞതായും അവശിഷ്ടങ്ങൾക്കിടയിൽ നിരവധി മൃതദേഹങ്ങൾ കുടുങ്ങിക്കിടക്കുന്നതായും അംബാസഡർ അറിയിച്ചു. കടുത്ത പ്രതിസന്ധി കാരണം 2026-ന്റെ തുടക്കം മുതൽ ഇതുവരെ വെസ്റ്റ് ബാങ്കിലെ സർക്കാർ ആശുപത്രികളിൽ മാത്രം 11,000-ത്തിലധികം ശസ്ത്രക്രിയകൾ മാറ്റിവെക്കേണ്ടി വന്നതായും അദ്ദേഹം വ്യക്തമാക്കി.
Adjust Story Font
16
