Quantcast

പോരാട്ടം തുടരുന്ന ഫലസ്തീൻ, ആക്രമണങ്ങൾ പതിവാക്കിയ ഇസ്രായേല്‍: പറയാനുളളത് ദീർഘകാല ചരിത്രം

വംശഹത്യയുടെ പല പതിപ്പുകളിലൂടെയാണ് ഫലസ്തീൻ ജനത കടന്നുപോകുന്നത്. അതിന് വെള്ളവും വളവും നൽകി അമേരിക്കയടക്കമുള്ള രാജ്യങ്ങളും

MediaOne Logo

റിഷാദ് അലി

  • Published:

    7 Oct 2025 7:15 AM IST

പോരാട്ടം തുടരുന്ന ഫലസ്തീൻ, ആക്രമണങ്ങൾ പതിവാക്കിയ ഇസ്രായേല്‍: പറയാനുളളത് ദീർഘകാല ചരിത്രം
X

2023 ഒക്ടോബർ ഏഴിന് ശേഷമാണ് ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടങ്ങിയതെന്നും അത് ഹമാസിന്റെ മിന്നലാക്രമണത്തിനുളള മറുപടിയാണെന്നും കരുതുന്നവർ ഇപ്പോഴുമുണ്ട്. 2023ന് മുമ്പും ഗസ്സയും ഫലസ്തീനും ഹമാസ് ഉണ്ടായിരുന്നുവെന്ന് ഇക്കൂട്ടർക്ക് അറിയാഞ്ഞിട്ടല്ല, അതൊക്കെ സൗകര്യപൂർവം മറക്കുകയാണ്.

വംശഹത്യയുടെ പല പതിപ്പുകളിലൂടെയാണ് ഫലസ്തീൻ ജനത കടന്നുപോകുന്നത്. അതിന് വെള്ളവും വളവും നൽകി അമേരിക്കയടക്കമുള്ള രാജ്യങ്ങളും. ഒരിക്കല്‍ കൂടി സമാധാനക്കരാറിനരികെ ഫലസ്തീൻ ജനത നിൽക്കുന്നുണ്ടെങ്കിലും എത്ര കാലത്തേക്ക് എന്ന ചോദ്യം ഉയരുന്നുണ്ട്.

എങ്ങനെയായിരുന്നു ഫലസ്തീൻ എന്നും അതിപ്പോൾ എവിടംവരെ എത്തി നിൽക്കുന്നു എന്നും ലളിതമായി മനസ്സിലാക്കിത്തരുന്ന ഭൂപടം സമൂഹമാധ്യമങ്ങളിലൊക്കെ നിറയാറുണ്ട്. 1946-47 മുതൽ 2016വരെ കാണിക്കുന്ന ആ ഭൂപടത്തിൽ നിന്നും തന്നെ വ്യക്തമാണ് ഇസ്രായേൽ എങ്ങനെ ഉണ്ടായതാണെന്നും മേഖലയിൽ എങ്ങനെയാണ് കാലൂന്നിയതെന്നും. നെഞ്ചുവിരിച്ച് കിടന്നിരുന്ന ആ ഭൂപടത്തിൽ 'പൊട്ട് പോലെ' അങ്ങിങ്ങായി മാത്രം കാണപ്പെടുന്ന തുരുത്തുകളായിപ്പോയി ഫലസ്തീന്‍ ഇപ്പോള്‍. അതിലെ ഗസ്സയാണിപ്പോൾ കണ്ണീര്‍തുള്ളി.

1946 മുതല്‍ 2016 വരെയുള്ള ഫലസ്തീന്‍ ഭൂപ്രദേശം.

ബ്രിട്ടനെ കൂട്ടി 'പണി' തുടങ്ങുന്നു

വ്യാജവും പച്ചനുണകളാലും കെട്ടിപ്പടുത്ത രാഷ്ട്രമാണ് ഇസ്രായേൽ. കൊന്നും കൊല്ലിച്ചും ഇറക്കിവിട്ടും ആട്ടിപ്പായിച്ചുമൊക്കെ ഒരാള്‍ക്ക് എങ്ങനെയൊക്കെ ക്രൂരനാകാമോ അങ്ങനെയൊക്കെ ഉണ്ടാക്കിയതാണ് ഇസ്രായേല്‍ എന്ന രാഷ്ട്രം. അതിന് അവര്‍ക്ക് തുടക്കത്തില്‍ വഴിയൊരുക്കി കൊടുത്തത് ബ്രിട്ടനും.

ബ്രിട്ടന്റെ സഹായമില്ലാതെ രാഷ്ട്രനിർമാണം പൂർത്തിയാക്കാൻ സയണിസ്റ്റ് മേധാവികൾക്ക് കഴിയുമായിരുന്നില്ല. വ്യവസ്ഥാപിതമായ രീതിയിൽ ഭൂമി കയ്യേറാൻ ബ്രിട്ടന്‍ കൈമെയ് മറന്ന് സഹായിച്ചുവെന്ന് വേണം പറയാന്‍. ഒരു ജൂതരാഷ്ട്രം സ്ഥാപിക്കുക എന്നത് എളുപ്പമായിരുന്നില്ല. ഒരു ജനതയുടെ സ്വാതന്ത്ര്യത്തിലേക്ക് കൈകടത്താതെ അവരെ അവിടെ നിന്ന് ആട്ടിപ്പായിക്കാതെ എങ്ങനെയാണ് ഒരു രാഷ്ട്രം കെട്ടിപ്പടുക്കാനാവുക. ഇവിടെയാണ് ബ്രിട്ടന്റെ സഹായം സയണിസത്തിന് ലഭിക്കുന്നത്.

കുപ്രസിദ്ധ ബാൽഫർ പ്രഖ്യാപനം

1917 നവംബർ 2ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ആർതർ ബാൽഫർ ലോഡ്, ലയണൽ വാൾട്ടർ റോത്ത്ഷീൽഡ് എന്ന സയണിസ്റ്റ് നേതാവിന് എഴുതിയ ഒരു കത്തിലൂടെയാണ് ബാൽഫർ പ്രഖ്യാപനം നടക്കുന്നത്. ‘ഫലസ്തീനിൽ യഹൂദ ജനതക്കായി ഒരു ദേശീയ വാസസ്ഥലം സ്ഥാപിക്കാൻ ബ്രിട്ടന്റെ സർക്കാർ ആലോചിക്കുന്നു’ എന്ന് അതിൽ പറയുന്നു. പ്രത്യേക രാഷ്ട്രത്തിനായുള്ള ജൂത സമൂഹത്തിന്റെ ശ്രമങ്ങളെ പിന്തുണക്കാനുള്ള ബാധ്യത ബ്രിട്ടനുണ്ടെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നതായിരുന്നു രേഖ. ഈ പ്രഖ്യാപനം ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടന് അമേരിക്കയിലെയും മറ്റ് രാജ്യങ്ങളിലെയും ജൂത സമുദായങ്ങളുടെ പിന്തുണ നേടാനുള്ള ഒരു തന്ത്രമായിരുന്നു.

ബാല്‍ഫര്‍ പ്രഖ്യാപനം

ഫലസ്തീനില്‍, ജൂത രാഷ്ട്രം ഉണ്ടാക്കാനുളള നിര്‍ണായക സമ്മതിപത്രമായും അതിന് ബ്രിട്ടീഷ് ഭരണകൂടത്തിന്റെ പിന്തുണയുണ്ടെന്നും ജൂത ലോബി സ്ഥാപിച്ചു. ഫലസ്തീനിലെ അറബ് ഭൂരിപക്ഷത്തിന്റെ അവകാശങ്ങൾ അവഗണിച്ചുകൊണ്ടായിരുന്നു ബ്രിട്ടന്റെ തീരുമാനം. അന്ന് തുര്‍ക്കി ഖലീഫയുടെ അധീനതയിലുണ്ടായിരുന്ന പ്രദേശത്ത് ഒരു ബന്ധവുമില്ലാത്ത ബ്രിട്ടീഷ് സര്‍ക്കാറാണ് ജൂത രാഷ്ട്രത്തിന് മുതിര്‍ന്നത് എന്നാണ് വിചിത്രം. ഫലസ്തീനുമായുള്ള ബ്രിട്ടന്റെ ഇടപെടൽ ചരിത്രത്തിൽ വളരെ സങ്കീർണമായ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്.

1917ൽ, ഫലസ്തീൻ ഓട്ടോമൻ ഭരണത്തിന് കീഴിലായിരുന്നു. ജനസംഖ്യയില്‍ 90 ശതമാനവും അറബികള്‍. എണ്ണത്തിൽ നന്നെ കുറവായിരുന്ന ജൂതർ ഒരു മൂലയിലായിരുന്നു ഒതുങ്ങിക്കൂടിയിരുന്നത്. എന്നാല്‍ ബാൽഫർ ഡിക്ലറേഷൻ എന്ന ചതിയിലൂടെ ജൂത വിഭാഗത്തിന് ദേശീയാവകാശങ്ങൾ വകവെച്ച് നൽകുകയും ഭൂരിപക്ഷത്തെ വ്യക്തി, മത അവകാശങ്ങളിലേക്ക് ഒതുക്കുകയും ചെയ്തതോടെ ദുരന്തത്തിന് തുടക്കം കുറിക്കുകയായിരുന്നു. അറബ് ജനതയുടെ തീവ്രമായ ചെറുത്ത് നിൽപ്പിനപ്പുറം പുതിയൊരു ഭൂരിപക്ഷ വിഭാഗത്തെ സൃഷ്ട്ടിക്കലായിരുന്നു ഇവരുടെ പദ്ധതി. ജൂതരുടെ എണ്ണം ക്രമാതീതമായി വർധിച്ചതും അവർ ആധിപത്യത്തിന്‌ ശ്രമിച്ചതും സംഘർഷങ്ങൾക്കു തുടക്കമിട്ടു. പിന്നീടങ്ങോട്ട് ഫലസ്തീന്‍ കലാപകലുഷിതമാകുകയായിരുന്നു. അങ്ങനെ അറബ് മണ്ണിനെ പിടിച്ചുപറിച്ച് 1948 മെയ് 14നാണ് ഇസ്രായേല്‍ രാഷ്ട്രം രൂപീകൃതമാകുന്നത്.

ഇസ്രായേല്‍ നിലവില്‍ വന്ന ശേഷം അമേരിക്കയും ബ്രിട്ടനും ജര്‍മനി പോലും ജൂതസംരക്ഷണത്തിനായി ആയുധവും അര്‍ഥവും ഒഴുക്കി. പിന്നെ എത്രയെത്ര കൂട്ടക്കൊലകള്‍. ഓരോ കൂട്ടക്കൊലയും ഇസ്രായേലിന്റെ നിലനില്‍പ്പിനായുള്ള അനിവാര്യതയായി ചിത്രീകരിക്കപ്പെട്ടു.

ഇസ്രായേല്‍ രൂപീകരണവും നക്ബയും

1948ൽ ഇസ്രായേൽ രൂപീകരണത്തോടനുബന്ധിച്ച് നടന്ന നിർബന്ധിത കൂട്ടപലായനത്തെയാണ് നക്ബ എന്ന പേരിൽ വിളിക്കുന്നത്. നക്ബ എന്നാല്‍ അറബിയില്‍ ദുരന്തം എന്നാണ് അര്‍ഥം. 1948ലെ നക്ബ ഫലസ്തീന്‍ ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകമായ സംഭവങ്ങളില്‍ ഒന്നാണ്. ക്രമേണയുള്ള സയണിസ്റ്റ് കോളനിവല്‍ക്കരണം അതിന്റെ പാരമ്യതയിലെത്തിയപ്പോഴാണ് നക്ബ സംഭവിച്ചത്.

ആയുധമേന്തിയുള്ള കുടിയൊഴിപ്പിക്കലില്‍ പതിമൂന്നായിരം ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 5300 ഫലസ്തീന്‍ ഗ്രാമങ്ങളും 62000 വീടുകളും സയണിസ്റ്റുകള്‍ തകര്‍ക്കുകയും ചെയ്തു. ഏഴര ലക്ഷം ഫലസ്തീനികളാണ് അന്ന് അഭയാര്‍ത്ഥികളായത്. ഈ വംശഹത്യ പദ്ധതിയിലൂടെയാണ് ഇസ്രായേല്‍ എന്ന രാഷ്ട്രം സ്ഥാപിക്കപ്പെടുന്നത്. അതോടെ ഫലസ്തീന്‍ സമ്പൂര്‍ണമായി ശിഥിലീകരിക്കപ്പെട്ടു എന്ന് തന്നെ പറയാം.

1948ലെ നക്ബ

അഭയാര്‍ഥികളായ ഭൂരിപക്ഷം പേരും ഗസ്സ, വെസ്റ്റ് ബാങ്ക് എന്ന ചെറിയ രണ്ട് പ്രദേശങ്ങളില്‍ അഭയം തേടി. ഫലസ്തീനില്‍ സയണിസ്റ്റുകള്‍ നടത്തിയ വംശ ശുദ്ധീകരണത്തിന്റെ മൂർദ്ധന്യഭാവമായിരുന്നു ഈ മാഹാ ദുരന്തം. ഇവിടം കൊണ്ടും തീര്‍ന്നില്ല. കൃത്യമായ ഇടവേളകളില്‍ ഭൂമി കൈവശപ്പെടുത്താനായി ഇസ്രായേല്‍ യുദ്ധം പ്രഖ്യാപിച്ചു. 1967ലെ ആറ് ദിവസം നീണ്ട യുദ്ധത്തില്‍ ഫലസ്തീന്‍ മണ്ണ് ജൂതന്മാര്‍ പിന്നെയും കവര്‍ന്നു. ഗസ്സാ മുനമ്പ്, സിനായി പര്‍വത മേഖല, വെസ്റ്റ് ബാങ്ക്, ജൂലാന്‍ കുന്നുകള്‍ തുടങ്ങിയവയൊക്കെ ഇസ്രായേല്‍ കൈവശപ്പെടുത്തി.

സ്വതന്ത്ര ഫലസ്തീൻ രൂപപ്പെടുന്നു

1988 നവംബർ 15ന് ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ (പിഎൽഒ) അധ്യക്ഷൻ യാസർ അറഫാത്ത് അൽജീരിയയിൽ വെച്ചാണ് ഫലസ്തീനിന്റെ സ്വാതന്ത്ര്യം പ്രഖ്യാപ്പിക്കുന്നത്. തുടർന്ന് 80-ലധികം രാജ്യങ്ങൾ പ്രഖ്യാപനത്തെ അംഗീകരിച്ചു രംഗത്ത് വന്നു. ആഫ്രിക്ക, ഏഷ്യ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള രാജ്യങ്ങളാണ് അവയിലധികവും. 2012ൽ യുഎൻ ജനറൽ അസംബ്ലി ഫലസ്തീനിനെ നോൺ-മെമ്പർ ഒബ്സർവർ സ്റ്റേറ്റ് ആക്കി. ഇത് 138 വോട്ടുകളോടെ പാസായി. എന്നാൽ യുഎൻ സെക്യൂരിറ്റി കൗൺസിലിൽ അമേരിക്കയുടെ വീറ്റോ കാരണം പൂർണ അംഗത്വം നേടാനായില്ല.

ഓസ്‌ലോ കരാർ; സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം എന്ന ലക്ഷ്യം ഇപ്പോഴും അകലെ

ഫലസ്തീന്‍ പ്രശ്ന പരിഹാരത്തിനായി അമേരിക്കയുടെ മധ്യസ്ഥതയില്‍ ഫലസ്തീനും ഇസ്രായേലും തമ്മിലുണ്ടാക്കിയ കരാറാണ് ഓസ്‍ലോ കരാര്‍. 1993 സെപ്തബര്‍ 13ന് വാഷിങ്ടണില്‍ വെച്ച് അന്നത്തെ ഇസ്രായേല്‍ പ്രധാനമന്ത്രി ഇസ്ഹാഖ് റബീനും ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ നേതാവ് യാസര്‍ അറഫാത്തുമായിരുന്നു ഓസ്‍ലോ കരാര്‍ ഒപ്പുവെച്ചത്. ഇസ്ഹാഖ് റബീനും യാസര്‍ അറഫാത്തും ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഷിമോണ്‍ പെരസും നോര്‍വയുടെ തലസ്ഥാനമായ ഓസ്‍ലോയില്‍ നടത്തിയ ചര്‍ച്ചയിലാണ് ഉടമ്പടി രൂപപ്പെട്ടത്.

ഓസ്‌ലോ കരാർ

അതിന് ശേഷം വൈറ്റ് ഹൗസിൽ വെച്ച് അമേരിക്കന്‍ പ്രസിഡന്റ് ബില്‍ക്ലിന്റന്റെ മധ്യസ്ഥതയില്‍ കരാര്‍ ഒപ്പിടുകയും ചെയ്തു. 1967ലെ അറബ് യുദ്ധത്തില്‍ ഇസ്രായേല്‍ കയ്യേറിയ പ്രദേശങ്ങളില്‍ നിന്ന് പിന്‍മാറി ഗസ്സയും വെസ്റ്റ് ബാങ്കും ചേര്‍ത്ത് സ്വതന്ത്ര ഫലസ്തീന്‍ രാജ്യം രൂപീകരിക്കുക എന്നതായിരുന്നു കരാറിലെ വ്യവസ്ഥ. അതേസമയം ഇരു രാജ്യങ്ങളും അവകാശ വാദം ഉന്നയിക്കുന്ന ജറൂസലേമിന്റെ കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കയും ചെയ്യാം എന്നും ധാരണയിലെത്തി. കരാര്‍ പ്രകാരം ഇസ്രായേലും പിഎല്‍ഒയും പരസ്പരം അംഗീകരിക്കുകയും ചെയ്തു.

കരാറിന്റെ പേരില്‍ യാസര്‍ അറഫാത്തിനും ഇസ്ഹാഖ് റബീനും ഷിമോണ്‍ പെരസിനും ആ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം ലഭിച്ചു. എന്നാല്‍ സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം എന്ന ലക്ഷ്യത്തിലേക്ക് നീങ്ങാന്‍ സാധിച്ചില്ല. 1995ല്‍ ഇസ്ഹാഖ് റബിന്‍ വെടിയേറ്റു മരിച്ചതോടെ കരാറിലെ പ്രഖ്യാപനങ്ങള്‍ നടപ്പാക്കുന്നത് മന്ദഗതിയിലായി.

നോവായി ഗസ്സ

2006ൽ ഹമാസ് അധികാരത്തിലെത്തിയത് മുതലാണ് ഇസ്രായേല്‍ ഗസ്സക്ക് നേരെ വീണ്ടും തിരിയാന്‍ തുടങ്ങിയത്. കടുത്ത ഉപരോധം അനുഭവിക്കേണ്ടിവരുമ്പോൾ ഗസ്സയിലെ ജനങ്ങള്‍ ഹമാസിനെതിരെ തിരിയുമെന്നായിരുന്നു സയണിസ്റ്റുകളുടെ കണക്ക് കൂട്ടല്‍. എന്നാല്‍ അതെല്ലാം തെറ്റിച്ച് ഹമാസിന്റെ പിന്തുണ വര്‍ധിക്കുന്നതാണ് പിന്നീട് കണ്ടത്.

ഹമാസ് ഭരണത്തിലേറിയത് മുതല്‍ അഞ്ചാം തവണയാണ് ഇസ്രായേല്‍ ഗസ്സക്ക് നേരെ തോക്കെടുക്കുന്നത്. 2008-9 കാലഘട്ടത്തില്‍ ഗസ്സയെ വരിഞ്ഞുമുറുക്കാന്‍ നോക്കി. 23 ദിവസം ആ യുദ്ധം നീണ്ടു നിന്നു. തുടര്‍ന്ന് 2012ലും 2014ലും 2021ലും ഗസ്സയിലെ പാവപ്പെട്ട ജനങ്ങളെ ഇല്ലാതാക്കാന്‍ നോക്കി. ഇതില്‍ 2014ലെ ആക്രമണം 50 ദിവസമാണ് നിലനിന്നത്.

ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്ന ഗസ്സയിലെ കെട്ടിടം

ഫലസ്തീൻ ജനതയെ പിന്നെയും ബോംബെറിഞ്ഞും വെടിവെച്ചും ഇസ്രായേൽ ഇല്ലാതാക്കാനുള്ള ശ്രമം നടത്തി. ആരും തന്നെ രക്ഷയ്ക്കുണ്ടായിരുന്നില്ല. സ്വന്തം ജീവൻകൊണ്ട് പ്രതിരോധിക്കുകയല്ലാതെ ആ ജനതക്ക് മറ്റുമാർഗങ്ങളില്ലായിരുന്നു. ഇതിനിടെയാണ് 2023 ഒക്ടോബർ ഏഴിന് ഇസ്രായേലിന്റെ മിന്നലാക്രമണമുണ്ടാകുന്നത്. അതില്‍ വിറച്ച ഇസ്രായേല്‍ പിന്നെ ഗസ്സയില്‍ കാട്ടിക്കൂട്ടുന്നതാണ് ഇന്ന് ലോകം കാണുന്നത്. മനുഷ്യത്വമുള്ള ആര്‍ക്കും കാണാനോ കേള്‍ക്കാനോ കഴിയാത്ത ക്രൂരതകള്‍ക്കിന്ന് രണ്ടാണ്ട് പൂര്‍ത്തിയാകുകയാണ്. യുഎന്‍ ഏജന്‍സികള്‍ക്ക് തന്നെ ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്നത് വംശഹത്യയെന്ന് പറയണ്ടി വന്നു.

TAGS :

Next Story