Quantcast

ഗസ്സയിൽ ഉടൻ വെടിനിര്‍ത്തല്‍; നെതന്യാഹുവിനെ അമേരിക്കയിലേക്ക് ക്ഷണിച്ച് ഡൊണാള്‍ഡ് ട്രംപ്

ഗസ്സയിലുടനീളം ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ നൂറിലേറെ ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

MediaOne Logo

Web Desk

  • Updated:

    2025-07-02 04:21:23.0

Published:

2 July 2025 7:00 AM IST

ഗസ്സയിൽ ഉടൻ വെടിനിര്‍ത്തല്‍; നെതന്യാഹുവിനെ അമേരിക്കയിലേക്ക് ക്ഷണിച്ച് ഡൊണാള്‍ഡ് ട്രംപ്
X

ഗസ്സ സിറ്റി: ഗസ്സയില്‍ വെടിനിര്‍ത്തല്‍ അടുത്ത ആഴ്ച ഉണ്ടാകുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനെ അമേരിക്കയിലേക്ക് ക്ഷണിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ നടക്കുന്ന നിര്‍ണായക ചര്‍ച്ചയ്ക്ക് മുന്നോടിയായി ശനിയാഴ്ച ഇസ്രായേല്‍ സുരക്ഷാ മന്ത്രിസഭയുടെ യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്.

അതേസമയം ഗസ്സയിലുടനീളം ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ നൂറിലേറെ ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഗസ്സയില്‍ പട്ടിണി ഭീതിതമായ അവസ്ഥയിലാണെന്ന് യുഎന്‍ വ്യക്തമാക്കി. തെല്‍ അവീവിന് നേരെ യെമനിലെ ഹൂതികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന്ഇസ്രായേല്‍ വ്യോമാതിര്‍ത്തി അടച്ചു.

അടുത്ത ആഴ്ച ഗസ്സയില്‍ വെടിനിര്‍ത്തല്‍ നടപ്പാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുദ്ധം നിര്‍ത്താന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനോട് ശക്തമായി ആവശ്യപ്പെട്ടതായും ചര്‍ച്ച തുടരുകയാണെന്നും ട്രംപ് പറഞ്ഞു. ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു തിങ്കളാഴ്ച വൈറ്റ്ഹൗസില്‍ ട്രംപുമായി ചര്‍ച്ച നടത്തും.

ജനുവരിയില്‍ ട്രംപ് അധികാരമേറ്റ ശേഷം ഇത് മൂന്നാം തവണയാണ് നെതന്യാഹുവിന്റെ അമേരിക്കന്‍ സന്ദര്‍ശനം. ശനിയാഴ്ച നെതന്യാഹു, അമേരിക്കക്ക് പുറപ്പെടും മുമ്പ് ഇസ്രായേല്‍ സുരക്ഷാ മന്ത്രിസഭയുടെ യോഗം ചേരും. വെടിനിര്‍ത്തല്‍ നീക്കത്തെ ചെറുക്കുമെന്ന് മന്ത്രിമാരായ ബെന്‍ ഗവിറും, സ്‌മോട്രികും വ്യക്തമാക്കിയിരിക്കെ, സമവായ സാധ്യത അടഞ്ഞതായാണ് ഇസ്രായേല്‍ മാധ്യമങ്ങള്‍ നല്‍കുന്ന സൂചന.

ഇസ്രായേല്‍, ഹമാസ് അനൗപചാരിക ചര്‍ച്ചയില്‍ പുരോഗതിയുണ്ടെങ്കിലും സങ്കീര്‍ണ സാഹചര്യം നിലനില്‍ക്കുന്നതായി മധ്യസ്ഥ രാജ്യമായ ഖത്തര്‍ വ്യക്തമാക്കി. ആക്രമണം പൂര്‍ണമായി അവസാനിപ്പിക്കുന്നതു സംബന്ധിച്ച് വ്യക്തമായ ഒരു പ്രതികരണവും ഇസ്രായേലിന്റെ ഭാഗത്തുനിന്ന് ലഭിച്ചിട്ടില്ലെന്ന് ഹമാസും അറിയിച്ചു. യുദ്ധാനന്തര ഗസ്സയുടെ ഭാവി സംബന്ധിച്ച നിലപാട് അമേരിക്കയുടെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റിവ് വിറ്റ്‌കോഫ് ഇന്നലെ രാത്രി ഇസ്രായേല്‍ നയകാര്യ മന്ത്രി റോണ്‍ ഡെര്‍മറെ അറിയിച്ചു.

വെടിനിര്‍ത്തല്‍ ചര്‍ച്ചക്കിടയിലും ഗസ്സയില്‍ കൊടുംക്രൂരത തുടരുകയാണ് ഇസ്രായേല്‍. ഇന്നലെ മാത്രം 102 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഭക്ഷണം കാത്തുനിന്ന ആള്‍ക്കൂട്ടത്തിനിടെയുണ്ടായ ആക്രമണത്തില്‍ 24 പേരാണ് കൊല്ലപ്പെട്ടത്. യുഎസ് പിന്തുണയോടെ ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ ഭക്ഷ്യ വിതരണ ഏജന്‍സിയായ ഗസ്സ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ പൂട്ടണമെന്ന ആവശ്യവുമായി 130ലേറെ സന്നദ്ധ സംഘടനകള്‍ രംഗത്തുവന്നു.

പട്ടിണി ഗസ്സയില്‍ ജനതയെ ഒന്നാകെ വരിഞ്ഞു മുറുക്കുകയാണെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കി. അതിനിടെ, ഇസ്രായേലിനു നേര്‍ക്ക് യമനിലെ ഹൂതികള്‍ ഇന്നലെ രാത്രി നടത്തിയ മിസൈല്‍ ആക്രമണം രാജ്യത്തുടനീളം ആശങ്ക പടര്‍ത്തി. വ്യോമാതിര്‍ത്തി അടച്ചതോടെ വിമാന സര്‍വീസുകള്‍ നിര്‍ത്തി വെച്ചു. യെമനുനേര്‍ക്ക് ബി 2 ബോംബര്‍ വിമാനങ്ങള്‍ അയക്കേണ്ടി വരുമെന്ന് ഇസ്രായേലിലെ യുഎസ് അംബാസഡര്‍ മൈക് ഹകാബി മുന്നറിയിപ്പ് നല്‍കി.

TAGS :

Next Story