അമേരിക്കയെ വിശ്വസിക്കാനില്ല, ചർച്ച നല്ല രീതിയിൽ മുന്നോട്ടുപോകുമെന്നാണ് പ്രതീക്ഷ: ഇറാൻ സ്പീക്കർ
കരാറിനിടെ ആക്രമിക്കാനാണ് നീക്കമെങ്കിൽ കനത്ത പ്രത്യാക്രമണമുണ്ടാകുമെന്നും ഇറാൻ സ്പീക്കർ

- Updated:
2026-04-11 02:37:47.0

തെഹ്‌റാന്‍: പശ്ചിമേഷ്യന്‍ യുദ്ധത്തിൽ പാകിസ്താനില്‍ വെച്ചുനടക്കുന്ന മധ്യസ്ഥ ചര്‍ച്ചയില്‍ അമേരിക്കയെ പൂര്‍ണമായും വിശ്വസിക്കാനാകില്ലെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാക്കിര്‍ ഖാലിബാഫ്. മുന്‍പ് നടന്ന ചര്‍ച്ചകള്‍ക്കിടെ യുഎസ് ഇറാനില്‍ നടത്തിയ ആക്രമണങ്ങള്‍ മുന്‍നിര്‍ത്തിയാണ് സ്പീക്കറുടെ പ്രതികരണം. അതേസമയം, സംഘര്‍ഷം ലഘൂകരിക്കുന്നതിനായുള്ള നല്ല തീരുമാനങ്ങളെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് തങ്ങളുള്ളതെന്നും ഖാലിബാഫ് പറഞ്ഞു.
'മധ്യസ്ഥ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഒന്നിലധികം തവണ ഇറാന് നേരെ ആക്രമണം അഴിച്ചുവിട്ടവരാണ് അമേരിക്ക, അതും കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഒന്നിലധികം തവണ. ചര്‍ച്ചകളില്‍ ഇറാന്‍ പ്രതിനിധികള്‍ കാണിച്ച വിശ്വാസവും സഹകരണവും കണക്കിലെടുക്കാതെ ആക്രമണം തുടര്‍ന്നത് യുദ്ധക്കുറ്റം തന്നെയാണ്. മധ്യസ്ഥ ചര്‍ച്ചയില്‍ ശുഭപ്രതീക്ഷയുണ്ട്. എങ്കിലും, അമേരിക്കയെ ഞങ്ങള്‍ വിശ്വസിക്കുന്നില്ല'. ഖാലിബാഫിനെ ഉദ്ദരിച്ച് പാകിസ്താന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇറാന്റെ അവകാശങ്ങള്‍ മാനിച്ചുകൊണ്ടുള്ള കരാറിന് അമേരിക്ക തയ്യാറാവുകയാണെങ്കില്‍ സഹകരിക്കാന്‍ തങ്ങളും ഒരുക്കമാണെന്നും, മറിച്ച് ആക്രമിക്കാനാണ് നീക്കമെങ്കില്‍ ഏത് പ്രത്യാക്രമണങ്ങള്‍ക്കും ഇറാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇറാനുമായി കരാര്‍ രൂപപ്പെടുമോയെന്ന കാര്യം ഇന്ന് അറിയാമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രതികരിച്ചു. ഇസ്‌ലാമാബാദ് ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാന് നേരെ ആക്രമണം പുനരാരംഭിക്കുമെന്നും ട്രംപ് പറഞ്ഞു. ഇന്ന് വൈകിട്ടോടെ വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തതയിലെത്തുമെന്ന് മധ്യസ്ഥ രാജ്യമായ പാകിസ്താന്‍ അറിയിച്ചു. ചർച്ചക്കായി അമേരിക്കൻ, ഇറാൻ പ്രതിനിധികൾ പാകിസ്താനിൽ എത്തിയിട്ടുണ്ട്.
Adjust Story Font
16
