ചർച്ചയും കരാറുമാണ് ആഗ്രഹിക്കുന്നത്; വാഗ്ദാനലംഘനങ്ങളും ഭീഷണിയും ചർച്ചകളെ വഴിമുട്ടിക്കുന്നു: ഇറാൻ
അമേരിക്കയുടെ നാവിക ഉപരോധം നിലനിൽക്കുന്നിടത്തോളം ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ വ്യക്തമാക്കി

- Published:
23 April 2026 5:07 PM IST

തെഹ്‌റാൻ: സമാധാന ചർച്ചകൾ തടസപ്പെട്ടതിന് ഉത്തരവാദി യുഎസ് എന്ന് ഇറാൻ. തങ്ങളുടെ തുറമുഖങ്ങളിൽ യുഎസ് ഏർപ്പെടുത്തിയ നാവിക ഉപരോധമാണ് പ്രധാന തടസമായി ഇറാൻ ചൂണ്ടിക്കാട്ടുന്നത്. സമുദ്രമേഖലയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് രണ്ട് വിദേശ കപ്പലുകൾ പിടിച്ചെടുക്കുകയും മൂന്നാമതൊന്നിന് നേരെ വെടിയുതിർക്കുകയും ചെയ്തു. തങ്ങൾ ചർച്ചയും കരാറുമാണ് ആഗ്രഹിക്കുന്നതെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ പറഞ്ഞു. എന്നാൽ വാഗ്ദാന ലംഘനങ്ങളും ഉപരോധവും ഭീഷണികളും ചർച്ചകളെ തടസപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വെടിനിർത്തൽ നീട്ടുന്നതിന് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
അമേരിക്കയുടെ നാവിക ഉപരോധം നിലനിൽക്കുന്നിടത്തോളം ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ വ്യക്തമാക്കി. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്ന് അദ്ദേഹം ആരോപിച്ചു.
അതിനിടെ യുഎസ് പ്രതിരോധരംഗത്ത് വലിയ മാറ്റങ്ങൾ തുടരുകയാണ്. നേവി സെക്രട്ടറി ജോൺ ഫീലനെ പ്രതിരോധ മേധാവി പീറ്റ് ഹെഗ്സെത്ത് പുറത്താക്കി. ട്രംപ് ഭരണകൂടത്തിന് കീഴിൽ നീക്കം ചെയ്യപ്പെടുന്ന 34-ാമത്തെ മുതിർന്ന ഉദ്യോഗസ്ഥനാണിത്. ഹങ് കാവോയെ നേവിയുടെ ആക്ടിങ് തലവനായി നിയമിച്ചു. ഇറാനെതിരെ യുദ്ധം ചെയ്യാനുള്ള ട്രംപിന്റെ അധികാരം പരിമിതപ്പെടുത്താനുള്ള സെനറ്റ് പ്രമേയം 55-46 വോട്ടുകൾക്ക് പരാജയപ്പെട്ടു.
10,000 സൈനികരെയും 17 യുദ്ധക്കപ്പലുകളെയും ഉപയോഗിച്ച് അമേരിക്ക ഇറാനെതിരെയുള്ള നാവിക ഉപരോധം തുടരുകയാണ്. ഉപരോധത്തിലൂടെ ഇറാന് മേൽ സാമ്പത്തിക സമ്മർദം ചെലുത്തി അവരെ ചർച്ചകളിലേക്ക് തിരികെ കൊണ്ടുവരാമെന്നാണ് ട്രംപിന്റെ നിലപാട്. അതേസമയം ലെബനാനുമായി തങ്ങൾക്ക് ഗുരുതരമായ അഭിപ്രായ വ്യത്യാസങ്ങളില്ലെന്നും ഹിസ്ബുല്ലയാണ് സമാധാനത്തിന് തടസമെന്നും ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിദിയോൺ സാർ പറഞ്ഞു.
ദക്ഷിണ ലെബനാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 'അൽ അഖ്ബർ' പത്രത്തിന്റെ റിപ്പോർട്ടർ അമൽ ഖലീൽ ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടു. പരിക്കേറ്റവരെ മാറ്റാനെത്തിയ റെഡ് ക്രോസ് ആംബുലൻസിന് നേരെയും വെടിവെപ്പുണ്ടായി. വടക്കൻ ഗസ്സയിലെ ബെയ്ത് ലാഹിയയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ മൂന്ന് കുട്ടികളടക്കം അഞ്ച് ഫലസ്തീനികൾ കൊല്ലപ്പെട്ടു.
Adjust Story Font
16
