Quantcast

ഗസ്സയില്‍ ബര്‍ത്ത്ഡേ പാര്‍ട്ടിക്കായി ബീച്ച് കഫേയില്‍ ഒത്തുകൂടിയവര്‍ക്ക് നേരെ ഇസ്രായേല്‍ ബോംബാക്രമണം; കുഞ്ഞുങ്ങളടക്കം 39 പേര്‍ കൊല്ലപ്പെട്ടു

തിങ്കളാഴ്ച ഗസ്സയിലെ സ്കൂളിലും ഭക്ഷണവിതരണ കേന്ദ്രങ്ങളിലും നടത്തിയ വ്യോമാക്രമണത്തില്‍ 95 പേരാണ് കൊല്ലപ്പെട്ടത്

MediaOne Logo

Web Desk

  • Published:

    1 July 2025 10:30 AM IST

ഗസ്സയില്‍ ബര്‍ത്ത്ഡേ പാര്‍ട്ടിക്കായി ബീച്ച് കഫേയില്‍ ഒത്തുകൂടിയവര്‍ക്ക് നേരെ ഇസ്രായേല്‍ ബോംബാക്രമണം; കുഞ്ഞുങ്ങളടക്കം  39 പേര്‍ കൊല്ലപ്പെട്ടു
X

ഗസ്സ സിറ്റി: ഗസ്സയിലെ സ്‌കൂൾ,കഫേ, ഭക്ഷണ വിതരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഇസ്രായേൽ സൈന്യം നടത്തിയയ ബോംബാക്രമണത്തിൽ 95 പേർ കൊല്ലപ്പെട്ടു, കൊല്ലപ്പെട്ടവരിൽ 62 ഓളം പേർ ഗസ്സ സിറ്റിയിലും വടക്കൻ ഗസ്സയിൽ നിന്നുള്ളവരാണെന്നും അധികൃതർ അറിയിച്ചു.വടക്കൻ ഗസ്സയിലെ കടൽത്തീരത്തുള്ള അൽ-ബഖ കഫറ്റീരിയയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 39 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ നിരവധി പേർക്കും പരിക്കേറ്റിട്ടുണ്ട്.

കൊല്ലപ്പെട്ടവരിൽ അധികവുംകഫേയിൽ ഒത്തുകൂടിയ സ്ത്രീകളും കുട്ടികളുമാണ്.ബോംബാക്രമണത്തിൽ മാധ്യമപ്രവർത്തകനായ ഇസ്മായിൽ അബു ഹതാബും കൊല്ലപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഇസ്രായേലി യുദ്ധവിമാനങ്ങളാണ് ആക്രമണം നടത്തിയതെന്ന് ദൃക് സാക്ഷികൾ പറഞ്ഞു.

ആക്രമണത്തിന് ശേഷം ആളുകളെല്ലാം ഛിന്നഭിന്നമായി കിടക്കുന്നതാണ് കണ്ടെതെന്ന് യഹിയ ഷെരീഫ് എന്നയാൾ അൽജസീറയോട് പറഞ്ഞു. സൈനികമായോ രാഷ്ട്രീയമായോ ബന്ധമില്ലാത്ത സ്ഥലമായിരുന്നു ഇത്. ജന്മദിനാഘോഷത്തിന് വേണ്ടി ഒത്തുകൂടിയ കുട്ടികളടക്കമുള്ളവര്‍ക്ക് നേരെയാണ് ബോംബാക്രമണം നടത്തിയത്. ആക്രമണത്തിൽ കഫേ നിലംപൊത്തി. ഒരു വലിയ ഗർത്തം മാത്രമാണ് അവശേഷിച്ചത്'.അദ്ദേഹം പറഞ്ഞു.ആക്രമണം മുന്നറിയിപ്പില്ലാതെയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. അഭയാർഥികളും കുടിയിറക്കപ്പെട്ടവരുടെയും അഭയസ്ഥാനമായിരുന്നു ഇവിടെ.താൽക്കാലിക ടെന്റുകളുടെ കൊടും ചൂടിൽ നിന്ന് ആശ്വാസം തേടിയാണ് ജനങ്ങൾ ഈ കടൽത്തീരത്ത് എത്തുന്നത്.

ഇതിന് പുറമെ ഗസ്സ സിറ്റിയിലെ യാഫ സ്‌കൂളിന് നേരെയും ഇസ്രായേൽ ബോംബാക്രമണം നടത്തി. നൂറുക്കണക്കിന് ഫലസ്തീനികൾ അഭയം പ്രാപിച്ച സ്ഥലമായിരുന്നു ഇവിടം.ആക്രമണത്തിന് അഞ്ച് മിനിറ്റ് മുമ്പ് ഒഴിഞ്ഞുപോകാൻ നിർദേശം ലഭിച്ചതായും സ്ഥലത്തുണ്ടായിരുന്ന ഒരാൾ പറഞ്ഞു. സെട്രൽ ഗസ്സയിൽ ആയിരക്കണക്കിന് കുടുംബങ്ങൾ അഭയം തേടിയിരുന്ന ദെയ്ർ എൽ-ബലായിലെ അൽ-അഖ്സ ആശുപത്രിയുടെ മുറ്റത്തും ഇസ്രായേൽ സൈന്യം ആക്രമണം നടത്തി.

ആക്രമണം നടക്കുന്നതിന് മുന്‍പ് സൈന്യം ഒരു മുന്നറിയിപ്പും നൽകിയിരുന്നില്ല. ഇസ്രായേലിന്റെ ആക്രമണത്തെ ഗസ്സയിലെ ഗവ.മീഡിയ ഓഫീസ് അപലപിച്ചു. യുദ്ധവിമാനങ്ങൾ ടെന്റുകൾക്ക് നേരെ ബോംബെറിഞ്ഞെന്നും നിരവധി രോഗികൾക്ക് ജീവൻ നഷ്ടമായെന്നും അതിൽക്കൂടുതൽ ആളുകൾക്ക് പരിക്കേറ്റെന്നും മീഡിയ ഓഫീസ് അറിയിച്ചു. ഇതിന് പിന്നാലെ ആശുപത്രിക്ക് വലിയ രീതിയിലുള്ള നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്. തെക്കൻ ഗസ്സയിൽ അമേരിക്കയുടെയും ഇസ്രായേലിന്റെയും പിന്തുണയുള്ള ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ ഖാൻ യൂനിസിൽ നടത്തുന്ന സഹായ വിതരണ കേന്ദ്രങ്ങളിൽ ഭക്ഷണത്തിനായി കാത്തു നിന്നവര്‍ക്ക് നേരെ നടത്തിയ വ്യോമാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു.

ആക്രമണത്തിൽ 50 പേർക്ക് പരിക്കേറ്റതായി നാസർ മെഡിക്കൽ കോംപ്ലക്സിലെ വൃത്തങ്ങൾ അറിയിച്ചു.മേയ് അവസാനം ഗസ്സയിൽ ആരംഭിച്ച സഹായവിതരണകേന്ദ്രങ്ങളിൽ നടത്തിയ കൂട്ടക്കൊലയിൽ ഏകദേശം 600 ഫലസ്തീനികളാണ് ഇതുവരെ കൊല്ലപ്പെട്ടത്. സഹായ വിതരണ കേന്ദ്രങ്ങളിൽ ഫലസ്തീൻ സിവിലിയന്മാർക്ക് പരിക്കേറ്റതായി ഇസ്രായേൽ സൈന്യം സമ്മതിച്ചിട്ടുണ്ട്.

TAGS :

Next Story