Quantcast

ഗസ്സയില്‍ ഭക്ഷണവിതരണകേന്ദ്രത്തിലെത്തിയ ജനക്കൂട്ടത്തിന് നേരെ ഇസ്രായേല്‍ വെടിവെപ്പ്; 38 പേര്‍ കൊല്ലപ്പെട്ടു

സംഭവത്തിൽ ഐക്യരാഷ്ട്ര സഭ അപലപിച്ചു

MediaOne Logo

Web Desk

  • Published:

    17 Jun 2025 9:22 AM IST

ഗസ്സയില്‍ ഭക്ഷണവിതരണകേന്ദ്രത്തിലെത്തിയ ജനക്കൂട്ടത്തിന് നേരെ ഇസ്രായേല്‍ വെടിവെപ്പ്;  38 പേര്‍ കൊല്ലപ്പെട്ടു
X

representative image

ഗസ്സ സിറ്റി: ഗസ്സയിൽ ഇസ്രായേൽ നടത്തിയ കൂട്ടക്കുരുതിയിൽ 56 ഫലസ്തീനികൾ കൊല്ലപ്പെട്ടു.കൊല്ലപ്പെട്ടവരില്‍ 38 പേര്‍ റഫയിലെ ഭക്ഷണ വിതരണ കേന്ദ്രത്തിൽ സഹായം തേടിയെത്തിയവരാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. വീട്ടുകാരുടെ വിശപ്പടക്കാൻ വേണ്ടി സഹായ കേന്ദ്രത്തിലെത്തിയവരായിരുന്നു ഇവർ. സംഭവത്തിൽ ഐക്യരാഷ്ട്ര സഭ അപലപിച്ചു.

സഹായ കേന്ദ്രങ്ങൾക്ക് സമീപം ഇസ്രായേൽ വെടിവെപ്പ് നടത്തുന്നത് ഇതാദ്യമായല്ല. ഇതുവരെ നടത്തിയ ആക്രമണങ്ങളിൽ 300ലധികം പേർ കൊല്ലപ്പെടുകയും 2000ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

തിങ്കളാഴ്ച പുലർച്ചെ നാലുമണിയോടെ ഇസ്രായേൽ സൈന്യം ജനക്കൂട്ടത്തിന് നേരെ വെടിവെക്കുകയായിരുന്നെന്ന് ദൃക് സാക്ഷികളായ ഹെബ ജൗദയും മുഹമ്മദ് അബേദും അസോസിയേറ്റഡ് പ്രസ് വാർത്താ ഏജൻസിയോട് പറഞ്ഞു. രക്ഷപ്പെടാൻ ശ്രമിച്ച ആളുകൾ നിലത്തുവീഴുകയായിരുന്നു. എല്ലായിടത്തും തീയും പുകയുമായിരുന്നുവെന്നും അവർ പറഞ്ഞു. ദിവസം തോറും ഗസ്സയിലെ സ്ഥിതി വഷളാകുകയുമാണെന്നും ഇവർ പറയുന്നു.

20 മാസത്തിലേറെയായി നടക്കുന്ന ഇസ്രായേലി ആക്രമണങ്ങളിൽ ആയിരക്കണക്കിന് കുട്ടികൾ ഉൾപ്പെടെ 55,362 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഗസ്സയിലെ ആരോഗ്യ വകുപ്പ് മന്ത്രാലയം വ്യക്തമാക്കുന്നത്.

അതേസമയം, ഇസ്രായേൽ നഗരങ്ങളെ വിറപ്പിച്ച് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണം നടക്കുകയാണ്. ട്രൂ പ്രോമിസ് എന്ന് പേരിട്ട ഓപ്പറേഷന്റെ ഭാഗമായി ഇത് ഒൻപതാം തവണയാണ് ഇസ്രായേലിന് നേരെയുള്ള ആക്രമണം.

തെൽ അവീവിലേക്ക് വീണ്ടും ഇറാൻ ആക്രമണം നടത്തി. പലഘട്ടമായി ആക്രമണം തുടരുമെന്ന് ഇറാൻ റെവല്യൂഷനറി ഗാർഡ് മുന്നറിയിപ്പ് നൽകി. ഇറാന്റെ മിസൈലുകൾ തടഞ്ഞതായി ഇസ്രായേൽ അറിയിച്ചു.

തെഹ്റാനിലെ സർക്കാർ ടിവി ആസ്ഥാനത്തിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. യുദ്ധത്തിൽ പങ്കാളിയാകില്ലെന്ന് യുഎസ് പ്രസിഡന്‍റ് ട്രംപ് ഗൾഫ് നേതാക്കളെ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.

TAGS :

Next Story