വെടിനിർത്തലിന് പുല്ലുവില; കരാറിന് ശേഷം ഇസ്രായേൽ കൊലപ്പെടുത്തിയത് 97 ഫലസ്തീനികളെ
ഇന്നലെ മാത്രം 43 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്

Gaza | Photo | AP
ഗസ്സ: വെടിനിർത്തൽ കരാറിന് പുല്ലുവില കൽപ്പിച്ച് ഗസ്സയിൽ ഇസ്രായേൽ കൂട്ടക്കുരുതി. കരാർ നിലവിൽ വന്നശേഷം 97 ഫലസ്തീനികളെയാണ് ഇസ്രായേൽ കൊലപ്പെടുത്തിയത്. 230 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇസ്രായേൽ 80 തവണ വെടിനിർത്തൽ ലംഘിച്ചതായി ഗസ്സയിലെ സർക്കാർ മീഡിയ ഓഫീസ് പറഞ്ഞു. ഇന്നലെ മാത്രം 43 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.
ഹമാസ് ആണ് വെടിനിർത്തൽ ലംഘിച്ചതെന്നാണ് ഇസ്രായേൽ ആരോപിക്കുന്നത്. ഹമാസ് ഇത് നിഷേധിച്ചിട്ടുണ്ട്. അതിനിടെ ഗസ്സയിൽ ഇപ്പോഴും വെടിനിർത്തൽ നിലനിൽക്കുന്നുണ്ടെന്നും സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.
ഗസ്സയിലെ നിലവിലെ സാഹചര്യം വിലയിരുത്താൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ഫോണിൽ സംസാരിച്ചു. യുദ്ധം പൂർണമായും അവസാനിപ്പിക്കാനുള്ള നീക്കങ്ങളും ചർച്ചയായെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഫലസ്തീനികളുടെ മാനുഷിക ദുരിതങ്ങൾ ഉടൻ പരിഹരിക്കേണ്ടതിന്റെയും ഇസ്രായേലിന്റെ പൂർണ പിൻമാറ്റവും ഇരുനേതാക്കളും ചർച്ച ചെയ്‌തെന്നും റിപ്പോർട്ടിൽ പറയുന്നു.
അതിനിടെ ഞായറാഴ്ച രാത്രി മുതൽ വീണ്ടും വെടിനിർത്തൽ കരാർ നടപ്പാക്കുമെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. ഹമാസ് വെടിനിർത്തൽ ലംഘിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നും സൈന്യം മുന്നറിയിപ്പ് നൽകി. ഞായറാഴ്ച ഹമാസ് ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെടുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇസ്രായേൽ ആരോപിച്ചിരുന്നു. എന്നാൽ ഹമാസ് ഇത് നിഷേധിച്ചു.
16 ഇസ്രായേലി ബന്ദികളുടെ മൃതദേഹങ്ങൾ ഇപ്പോഴും തിരിച്ചുകിട്ടാനുണ്ടെന്നും ഗസ്സയിലേക്കുള്ള മാനുഷിക സഹായം പകുതിയായി വെട്ടിക്കുറയ്ക്കുന്നത് തുടരുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു. ബന്ദികളുടെ മൃതദേഹങ്ങൾ വിട്ടുനൽകുന്നത് വരെ ട്രംപിന്റെ വെടിനിർത്തൽ കരാറിന്റെ രണ്ടാംഭാഗത്തെ കുറിച്ച് ചർച്ചക്ക് തയ്യാറില്ലെന്നും നെതന്യാഹു പറഞ്ഞു. വെടിനിർത്തൽ ദീർഘിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചക്കായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് ഈ ആഴ്ച ഇസ്രായേൽ സന്ദർശിക്കുമെന്നും റിപ്പോർട്ടുണ്ട്.
അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിൽ നിന്ന് ഇസ്രായേൽ കസ്റ്റഡിയിലെടുത്ത 49 കാരനായ മഹ്മൂദ് അബ്ദുല്ല ജയിലിൽ മരിച്ചു. 2023 ഒക്ടോബർ മുതൽ ഇസ്രായേൽ തടവിൽ മരിച്ച 79-ാമത്തെ ഫലസ്തീനിയാണ് അബ്ദുല്ലയെന്ന് ഫലസ്തീൻ പ്രിസണേഴ്‌സ് സൊസൈറ്റി പറഞ്ഞു. ഔദ്യോഗിക കണക്കുകൾ പ്രകാരം 10,400 ഫലസ്തീനികളാണ് ഇപ്പോഴും ഇസ്രായേൽ ജയിലുകളിൽ കഴിയുന്നത്. ഇതിൽ 320 പേർ കുട്ടികളും 88 പേർ സ്ത്രീകളുമാണ്.
Adjust Story Font
16

