ഗസ്സയിലെ വംശഹത്യക്ക് പുറമെ ലബനാനിലും സിറിയയിലും വ്യോമക്രമണവുമായി ഇസ്രായേൽ
ഗസ്സയിൽ ഇന്നലെ മാത്രം 61 പേരെയാണ് ഇസ്രായേൽ കൊന്നുതള്ളിയത്

ഗസ്സസിറ്റി: ഗസ്സക്ക് പുറമെ അയൽ രാജ്യങ്ങളിലേക്ക് കൂടി ആക്രമണം വ്യാപിപ്പിച്ച് ഇസ്രായേൽ സേന. ലബനാനിലും സിറിയയിലും ഇസ്രായേൽ ബോംബുവർഷിച്ചു. കിഴക്കൻ ലബനാനിൽ ബികാ താഴ്‌വരയിലെ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ ആക്രമണത്തിൽ 14 പേരുടെ മരണം സ്ഥിരീകരിച്ചു.
ഡ്രൂസുകളും ബിദൂനി വിഭാഗവും തമ്മിൽ സംഘർഷം നടക്കുന്ന സിറിയയിലെ സുവൈദയിലാണ് ഇസ്രായേൽ ബോംബിട്ടത്. ആക്രമണത്തെ സിറിയ അപലപിച്ചു. സാധാരണക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി സിറിയ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
അതേസമയം ഗസ്സയിൽ ഇന്നലെ മാത്രം 61 പേരെയാണ് ഇസ്രായേൽ കൊന്നുതള്ളിയത്. അഭയാർഥി ക്യാമ്പിന് നേരെ നടത്തിയ ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു. വടക്കൻ ഗസ്സയിൽ 16 ഇടങ്ങളിൽ കൂടി ഇസ്രായേൽ കൂട്ടകുടിയൊഴിപ്പിക്കലിന് ഉത്തരവിറക്കി. പതിനായിരങ്ങൾ കഴിയുന്ന ജബാലിയ അഭയാർഥി ക്യാമ്പും ഒഴിയണമെന്നാണ് ഭീഷണി.
അതേസമയം ഗസ്സ വെടിനിർത്തൽ ചർച്ചകൾ തുടരുന്നതായും എന്നാൽ, സുപ്രധാന ഘട്ടത്തിലേക്ക് ഇനിയും കടന്നിട്ടില്ലെന്നും മധ്യസ്ഥ രാജ്യമായ ഖത്തർ പ്രതികരിച്ചു. ഇസ്രായേൽ, ഹമാസ് പ്രതിനിധികൾ ഇപ്പോഴും ദോഹയിൽ തങ്ങുകയാണ്. അതിനിടെ, ഇസ്രായേലിൽ യാഥാസ്ഥിതിക കക്ഷിയായ യുനൈറ്റഡ് തോറ ജൂദായിസം പാർട്ടി സഖ്യം വിട്ടു. ഇതോടെ നെതന്യാഹു സർക്കാർ ഭരണപ്രതിസന്ധി നേരിടുകയാണ്. നിർബന്ധിത സൈനിക സേവനത്തിലെ ഇളവ് അവസാനിപ്പിച്ച് സർക്കാർ പ്രഖ്യാപിച്ച കരട് സൈനിക നയത്തിൽ പ്രതിഷേധിച്ചാണ് ഏഴംഗ പാർട്ടിയിലെ ആറുപേരും രാജിക്കത്ത് നൽകിയത്.
120 അംഗ സഭയിൽ ഭൂരിപക്ഷം 61 ആയി ചുരുങ്ങിയതോടെ നെതന്യാഹു സർക്കാറിനുമേൽ സഖ്യകക്ഷികളായ തീവ്രവലതുപക്ഷ പാർട്ടികൾക്ക് കൂടുതൽ മേധാവിത്വം കൈവന്നു.
Adjust Story Font
16

