Quantcast

ലെബനാനിൽ വെടിനിർത്തൽ ലംഘിച്ച് ഇസ്രായേൽ വ്യോമാക്രമണം; ഹിസ്ബുല്ല കമാന്റർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഹിസ്ബുല്ലയുടെ റദ്‌വാൻ ഫോഴ്‌സ് കമാന്റർ മാലിക് ബലൂവാണ് കൊല്ലപ്പെട്ടത്

MediaOne Logo

Web Desk

  • Published:

    7 May 2026 7:32 AM IST

ലെബനാനിൽ വെടിനിർത്തൽ ലംഘിച്ച് ഇസ്രായേൽ വ്യോമാക്രമണം; ഹിസ്ബുല്ല കമാന്റർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
X

ബെയ്‌റൂത്ത്: ലെബനാൻ തലസ്ഥാന നഗരമായ ബെയ്‌റൂത്തിന്റെ തെക്കൻ പ്രാന്തപ്രദേശമായ ദാഹിയയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ലയുടെ റദ്‌വാൻ ഫോഴ്‌സ് കമാന്റർ മാലിക് ബലൂ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഏപ്രിൽ 17ന് പ്രാബല്യത്തിൽ വന്ന വെടിനിർത്തൽ കരാർ നിലനിൽക്കെയാണ് ഇസ്രായേൽ ആക്രമണമുണ്ടായിരിക്കുന്നത്. ഹിസ്ബുല്ലയുടെ ഉപവിഭാഗമായ റദ്‌വാൻ ഫോഴ്‌സിനെ ലക്ഷ്യം വെച്ച് നടത്തിയ ഈ നീക്കം മേഖലയിൽ വീണ്ടും യുദ്ധഭീതി പടർത്തിയിരിക്കുകയാണ്.

ഹിസ്ബുല്ലയുടെ സൈനിക പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിക്കുന്ന മാലിക് ബലൂവിനെ ലക്ഷ്യം വെച്ചാണ് ഇസ്രായേൽ യുദ്ധവിമാനങ്ങൾ ഘോബേരിയിൽ മിസൈൽ ആക്രമണം നടത്തിയത്. ഇസ്രായേൽ സൈനികർക്കും വടക്കൻ സെറ്റിൽമെന്റുകൾക്കും നേരെ നടന്ന ആക്രമണങ്ങൾക്ക് പിന്നിൽ റദ്‌വാൻ സേനയാണെന്നും, തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നവരെ എവിടെയാണെങ്കിലും വകവരുത്തുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഈ ആക്രമണത്തിന് പിന്നാലെ വ്യക്തമാക്കി.

കഴിഞ്ഞ മാസം ഒപ്പിട്ട വെടിനിർത്തൽ കരാറിന്റെ നഗ്നമായ ലംഘനമാണ് ഈ ആക്രമണമെന്ന് ലെബനാൻ വൃത്തങ്ങൾ പറഞ്ഞു. കരാർ നിലവിൽ വന്നതിനുശേഷം ബെയ്‌റൂത്ത് നഗരപരിധി സമാധാനപരമായിരുന്നുവെങ്കിലും, ബുധനാഴ്ച മാത്രം ലെബണാന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ഇസ്രായേൽ ആക്രമണങ്ങളിൽ 13 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ മേഖലയിലെ സമാധാനശ്രമങ്ങൾ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്.

യുദ്ധം മൂലം പലായനം ചെയ്ത ജനങ്ങൾ ദാഹിയ ഉൾപ്പെടെയുള്ള തെക്കൻ മേഖലകളിലേക്ക് മടങ്ങിയെത്തി തുടങ്ങിയ ഘട്ടത്തിലാണ് ആക്രമണമുണ്ടായത്. ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുനടക്കുന്നതിനിടയിലുണ്ടായ ഈ ആക്രമണം ബെയ്‌റൂത്തിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. ആക്രമണം നടന്ന സ്ഥലത്ത് വലിയ നാശനഷ്ടങ്ങൾ ഉണ്ടായതായും ലെബനാനിലെ ഔദ്യോഗിക വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

നിലവിലെ ആക്രമണങ്ങളെക്കുറിച്ച് ഹിസ്ബുല്ല ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. എന്നിരുന്നാലും, തെക്കൻ ലെബനാനിൽ ഇസ്രായേൽ സൈനിക പോസ്റ്റുകൾക്ക് നേരെ തങ്ങൾ തിരിച്ചടി നൽകിയതായി ഹിസ്ബുല്ല അവകാശപ്പെടുന്നുണ്ട്. ഇരുപക്ഷവും പ്രത്യാക്രമണങ്ങൾ തുടരുന്നതോടെ കരാർ പൂർണമായും തകരാനും വലിയ തോതിലുള്ള സൈനിക നീക്കങ്ങൾക്കും സാധ്യതയുണ്ടെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.

TAGS :

Next Story