ലോക രാജ്യങ്ങളുടെ സമ്മർദം; ഗസ്സയിൽ വെടിനിർത്തൽ ചർച്ചക്ക് ഇസ്രായേൽ നീക്കം
ഗസ്സയിലെ യുദ്ധവിരാമമാണ് ട്രംപ് ഭരണകൂടത്തിന്‍റെ അടുത്ത ലക്ഷ്യമെന്ന് യു.എസ് സ്റ്റേറ്റ് വകുപ്പ്

ദുബൈ: ഗസ്സയിൽ വെടിനിർത്തലിന് ഹമാസുമായി വീണ്ടും ചർച്ചക്കൊരുങ്ങാൻ ഇസ്രായേൽ തീരുമാനിച്ചതായി റിപ്പോർട്ട്. അമേരിക്കയും ചില യൂറോപ്യൻ രാജ്യങ്ങളും ഉയർത്തിയ സമ്മർദത്തെ തുടർന്നാണ് ഹമാസുമായി വീണ്ടും ചർച്ചക്ക് തയാറാകാൻ ഇസ്രായേൽ ഒരുങ്ങുന്നത്. അമേരിക്കയുടെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റിവ് വിറ്റ്കോഫ് മുന്നോട്ടു വെച്ച വെടിനിർത്തൽ നിർദേശം അംഗീകരിച്ചാണ് വീണ്ടും ചർച്ചയെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്‍റെ വക്താവിനെ ഉദ്ധരിച്ച് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
ഇന്നലെ വിളിച്ചുചേർത്ത ഇസ്രയേൽ സുരക്ഷാ സമിതിയോഗവും വെടിനിർത്തൽ ചർച്ച ചെയ്തു. എന്നാൽ ഹമാസുമായി വീണ്ടും ചർച്ചക്ക് പോകാൻ നെതന്യാഹു തയാറാകില്ലെന്നാണ് പ്രതീക്ഷയെന്ന് തീവ്ര വലതുപക്ഷ മന്ത്രിമാരായ ബെൻ ഗവിറും സ്മോട്രികും പറഞു. അതേസമയം, ഗസ്സയിലെ യുദ്ധവിരാമമാണ് ട്രംപ് ഭരണകൂടത്തിന്‍റെ അടുത്ത ലക്ഷ്യമെന്ന് യു.എസ് സ്റ്റേറ്റ് വകുപ്പ് അറിയിച്ചു. ഗസ്സയിലേക്ക് ഉടൻ സഹായം അനുവദിക്കാനും അമേരിക്ക ഇസ്രായേലിനോട് ആവശ്യപ്പെട്ടു.
ഗസ്സയിൽ ഉടൻ വെടിനിർത്തൽ വേണമെന്നാവശ്യപ്പെട്ട് തെൽ അവിവിൽ റാലി നടന്നു. നിരവധി പ്രക്ഷോഭകരെ സുരക്ഷാ സൈന്യം അറസ്റ്റ് ചെയ്തു. ഗസ്സയിൽ പട്ടിണി വ്യാപിച്ചതോടെ ആയിരങ്ങൾ കൂടുതൽ ദുരിതത്തിലായി. ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 69 ഫലസ്തീനികളാണ് ഇന്നലെ കൊല്ലപ്പെട്ടത്.
അതിനിടെ, ഗസ്സയിൽ ഫലസ്തീനികളെ കൂട്ടക്കൊല ചെയ്യുന്ന ഇസ്രായേൽ സൈനികർക്ക് യാത്ര ചെയ്യാൻ ഐഡിഎഫ് നൽകുന്നത് കാലഹരണപ്പെട്ട കവചിത വാഹനങ്ങളെന്ന് കൊല്ലപ്പെട്ട സൈനികന്റെ മാതാവ് കുറ്റപ്പെടുത്തി. ചൊവ്വാഴ്ച ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഏഴ് ഇസ്രായേൽ സൈനികരിലൊരാളുടെ മാതാവാണ് ആരോപണവുമായി രംഗത്തു വന്നത്.
Adjust Story Font
16

