Quantcast

പിതാവിനെക്കൊണ്ട് കുറ്റം സമ്മതിപ്പിക്കാന്‍ ഗസ്സയില്‍ 18 മാസം പ്രായമുള്ള കുഞ്ഞിന് ഇസ്രായേൽ സൈന്യത്തിന്റെ ക്രൂര പീഡനം

കുട്ടിയുടെ ശരീരത്തിൽ സിഗരറ്റ് പൊള്ളലേറ്റ പാടുകളും ആണി തറച്ചുണ്ടായ മുറിവുകളും കണ്ടെത്തിയിട്ടുണ്ട്

MediaOne Logo
പിതാവിനെക്കൊണ്ട് കുറ്റം സമ്മതിപ്പിക്കാന്‍ ഗസ്സയില്‍ 18 മാസം പ്രായമുള്ള കുഞ്ഞിന് ഇസ്രായേൽ സൈന്യത്തിന്റെ ക്രൂര പീഡനം
X

ഗസ്സസിറ്റി: ഗസ്സയില്‍ ഇസ്രായേൽ സൈന്യത്തിന്റെ ക്രൂരതയ്ക്ക് ഇരയായി ഒന്നര വയസ്സുകാരൻ. ഗസ്സയിലെ അൽ-മഗാസി അഭയാർത്ഥി ക്യാമ്പിന് സമീപം കരീം അബു നാസർ എന്ന 18 മാസം പ്രായമുള്ള കുഞ്ഞിനെയാണ് ഇസ്രായേൽ സൈനികർ പത്ത് മണിക്കൂറോളം തടഞ്ഞുവെച്ച് ക്രൂരമായി പീഡിപ്പിച്ചത്.

മാർച്ച് 21ന് കുഞ്ഞുമായി പുറത്തുപോയ പിതാവ് ഉസാമ അബു നാസറിന് നേരെ സൈന്യം വെടിയുതിർക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ തറയിൽ ഉപേക്ഷിക്കാൻ ആവശ്യപ്പെട്ട സൈനികർ ഉസാമയെ നഗ്നനാക്കി പരിശോധിച്ചു. പിന്നാലെയായിരുന്നു കുഞ്ഞിന് നേരെയുള്ള ക്രൂരത. ഇദ്ദേഹത്തെക്കൊണ്ട് നിർബന്ധിത കുറ്റസമ്മതം നടത്തിപ്പിക്കാനാണ് കുഞ്ഞിനെ ഉപദ്രവിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കുഞ്ഞിന്റെ ശരീരത്തിൽ സിഗരറ്റ് കൊണ്ട് പൊള്ളിക്കുകയും കാലിൽ ആണി തറയ്ക്കുകയും ചെയ്തിട്ടുണ്ട്. കുഞ്ഞിന്റെ അമ്മ മാധ്യമങ്ങൾക്ക് മുന്നിൽ ഈ മുറിവുകൾ കാണിച്ചുകൊണ്ട് പൊട്ടിക്കരഞ്ഞത് ലോകമനസ്സാക്ഷിയെ തന്നെ പിടിച്ചുലച്ചിരുന്നു. കുട്ടിയുടെ ശരീരത്തിൽ സിഗരറ്റ് പൊള്ളലേറ്റ പാടുകളും ആണി തറച്ചുണ്ടായ മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. ഇസ്രായേൽ കസ്റ്റഡിയിൽ 10 മണിക്കൂർ കഴിഞ്ഞതിന് ശേഷമാണ് ഇന്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസ് വഴി കുട്ടിയെ ബന്ധുക്കൾക്ക് കൈമാറിയത്. പിതാവ് ഇപ്പോഴും ഇസ്രായേല്‍ കസ്റ്റഡിയിലാണ്.

സംഭവത്തിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് മനുഷ്യാവകാശ സംഘടനകളുടെ ഭാഗത്ത് നിന്ന് ഉയരുന്നത്. സാധാരണക്കാരെയും കുട്ടികളെയും ലക്ഷ്യം വെച്ചുള്ള ഇത്തരം അതിക്രമങ്ങൾ യുദ്ധക്കുറ്റമാണെന്ന് ഫലസ്തീൻ അതോറിറ്റി ആരോപിച്ചു. ഒരു പിതാവിനെ തങ്ങളുടെ വരുതിയിലാക്കാന്‍ വേണ്ടി ഒരു കുഞ്ഞിനെ പീഡിപ്പിക്കാൻ മാത്രം അധപതിച്ച ഏത് തരം കുറ്റവാളികളാണിവരെന്നാണ് യുഎൻ പ്രത്യേക റിപ്പോർട്ടർ ഫ്രാൻസെസ്ക അൽബനീസ് എക്സില്‍ പങ്കുവെച്ച കുറിപ്പിലൂടെ ചോദിച്ചത്.

അമേരിക്കന്‍ കോൺഗ്രസിന്റെ അടിയന്തര നടപടി ആവശ്യപ്പെടുന്ന, അങ്ങേയറ്റം നിന്ദ്യമായ അതിക്രമം എന്നാണ് കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസ് വ്യക്തമാക്കിയത്.

TAGS :

Next Story