Quantcast

മാര്‍ച്ച് 2 മുതല്‍ കൊന്നുതള്ളിയത് 2,496 പേരെ, വെടിനിർത്തലിന് പിന്നാലെയും ആക്രമണം; ലെബനാനില്‍ കലിയടങ്ങാതെ ഇസ്രായേൽ

ലെബനാന്‍ യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ നീട്ടിയതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയും ഇസ്രായേല്‍ ആക്രമണം തുടര്‍ന്നിരുന്നു

MediaOne Logo
മാര്‍ച്ച് 2 മുതല്‍ കൊന്നുതള്ളിയത് 2,496 പേരെ, വെടിനിർത്തലിന് പിന്നാലെയും ആക്രമണം; ലെബനാനില്‍ കലിയടങ്ങാതെ ഇസ്രായേൽ
X

ബെയ്‌റൂത്ത്: മാര്‍ച്ച് രണ്ടിന് ആരംഭിച്ച ഇസ്രായേല്‍-ലെബനാന്‍ സംഘര്‍ഷത്തില്‍ ലെബനാനില്‍ മാത്രമായി കൊല്ലപ്പെട്ടത് 2,496 പേരെന്ന് റിപ്പോര്‍ട്ട്. ലെബനാനിന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്രായേല്‍ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളില്‍ 7,725 പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്നും ലെബനാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ലെബനാന്‍ യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ നീട്ടിയതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയും ഇസ്രായേല്‍ ആക്രമണം തുടര്‍ന്നിരുന്നു.

ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് 120,000 പേര്‍ക്ക് വീട് വിട്ടിറങ്ങേണ്ടിവന്നെന്നും 31,000 കുടുംബങ്ങള്‍ ക്യാമ്പുകളില്‍ കഴിയുകയാണെന്നും ലെബനാന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇസ്രായേല്‍ ആക്രമണങ്ങളില്‍ നിരവധി പേര്‍ക്ക് തങ്ങളുടെ വീടുകള്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു. നേരത്തെ, വെടിനിര്‍ത്തല്‍ നീട്ടിയതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് പ്രഖ്യാപിച്ചതിന് പിന്നാലെയും ലെബനാനിലേക്ക് ഇസ്രേയേല്‍ ആക്രമണം നടത്തിയിരുന്നു. തെക്കന്‍ ലെബനാനിലെ രണ്ട് ടൗണുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇവിടെ നിരവധി വീടുകള്‍ ഇസ്രായേല്‍ സൈന്യം തകര്‍ക്കുകയും ചെയ്തു.

ഇസ്രായേലിനെ ആക്രമിക്കാന്‍ ഹിസ്ബുല്ല ഉപയോഗിക്കുന്ന കെട്ടിടങ്ങളാണ് ആക്രമിച്ച് തകര്‍ത്തതെന്ന് ഇസ്രായേല്‍ സൈന്യം എക്‌സില്‍ അവകാശപ്പെട്ടെങ്കിലും ഇതിനെ സാധൂകരിക്കുന്ന തെളിവുകളൊന്നും നല്‍കിയിട്ടില്ല. ഹിസ്ബുല്ല രാജ്യത്തിന് നേരെ റോക്കറ്റാക്രമണം നടത്തിയെന്നും അതിന് മറുപടിയായാണ് ആക്രമണമെന്നും ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടിരുന്നു.

ലെബനാനില്‍ താത്ക്കാലിക വെടിനിര്‍ത്തല്‍ മൂന്നാഴ്ചത്തേക്ക് നീട്ടിയതായാണ് നേരത്തെ ട്രംപ് പ്രഖ്യാപിച്ചത്. വൈറ്റ് ഹൗസില്‍ ചേര്‍ന്ന അമേരിക്കയിലെ ഇസ്രായേല്‍, ലെബനാന്‍ അംബാസഡര്‍മാരുടെ യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ലെബനീസ് പ്രധാനമന്ത്രി ജോസഫ് ഔനും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ യുഎസ് സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു.

TAGS :

Next Story