'മോദിയും ട്രംപും തമ്മിലുള്ള ബന്ധം ഉലഞ്ഞു' ഇത് എല്ലാവർക്കും പാഠമെന്ന് മുൻ യുഎസ് ഉദ്യോഗസ്ഥൻ
രണ്ട് പതിറ്റാണ്ടിലേറെയായി നിലനിൽക്കുന്ന ഇന്ത്യ-യുഎസ് ബന്ധത്തിലെ ഏറ്റവും മോശം ഘട്ടത്തിന്റെ പശ്ചാത്തലത്തിലാണ് യുഎസ് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടന്റെ പരാമർശങ്ങൾ വരുന്നത്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വളരെ നല്ല വ്യക്തി ബന്ധമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ഇരുവരും തമ്മിലുള്ള ബന്ധത്തിന് ഉലച്ചിൽ സംഭവിച്ചതായി യുഎസ് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ പറഞ്ഞു.
രണ്ട് പതിറ്റാണ്ടിലേറെയായി നിലനിൽക്കുന്ന ഇന്ത്യ-യുഎസ് ബന്ധത്തിലെ ഏറ്റവും മോശം ഘട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ബോൾട്ടന്റെ പരാമർശങ്ങൾ വരുന്നത്. ട്രംപിന്റെ താരിഫ് നയവും യുഎസ് ഭരണകൂടം ഇന്ത്യയെ നിരന്തരം വിമർശിക്കുന്നതും ഈ സമ്മർദ്ദം രൂക്ഷമാക്കി.
'ട്രംപ് അന്താരാഷ്ട്ര ബന്ധങ്ങളെ കാണുന്നത് നേതാക്കളുമായുള്ള വ്യക്തിപരമായ ബന്ധത്തിന്റെ പ്രിസത്തിലൂടെയാണ്. അതിനാൽ അദ്ദേഹത്തിന് വ്‌ളാഡിമിർ പുടിനുമായി നല്ല ബന്ധമുണ്ടെങ്കിൽ, റഷ്യയുമായും നല്ല ബന്ധമുണ്ട് എന്നാണ് അർഥം.' ബ്രിട്ടീഷ് മീഡിയ പോർട്ടൽ എൽബിസിക്ക് നൽകിയ അഭിമുഖത്തിൽ ബോൾട്ടൺ പറഞ്ഞു.
ആദ്യ ട്രംപ് ഭരണകൂടത്തിൽ എൻഎസ്എ ആയി സേവനമനുഷ്ഠിച്ച ബോൾട്ടൺ, തന്റെ മുൻ മേധാവിയെ വളരെയധികം വിമർശിച്ചിരുന്നു.
'മോദിയുമായി ട്രംപിന് വളരെ നല്ല ബന്ധമായിരുന്നു. ഇപ്പോൾ അത് നഷ്ടപ്പെട്ടു എന്ന് ഞാൻ കരുതുന്നു, എല്ലാവർക്കും ഒരു പാഠമാണിത്.' ബോൾട്ടൺ പറഞ്ഞു.
എൽബിസിയുമായുള്ള അഭിമുഖത്തിന് ശേഷം സോഷ്യൽ മീഡിയയിൽ എഴുതിയ പോസ്റ്റിൽ വൈറ്റ് ഹൗസ് യുഎസ്-ഇന്ത്യ ബന്ധങ്ങളെ പതിറ്റാണ്ടുകൾ പിന്നോട്ട് കൊണ്ടുപോയതായും മോദിയെ റഷ്യയുമായും ചൈനയുമായും കൂടുതൽ അടുപ്പിച്ചതായും ബോൾട്ടൺ ആരോപിച്ചു.
Adjust Story Font
16

