യുഎസിനെ ആശ്രയിക്കാതെ യുദ്ധത്തിനിറങ്ങാൻ സൈനികരോട് നെതന്യാഹു; ഇസ്രായേൽ പിടിച്ചുനിൽക്കില്ലെന്ന് നിരീക്ഷകർ
സൈനിക ഉപകരണങ്ങൾ വിതരണം ചെയ്യുന്നത് അമേരിക്ക നിർത്തുന്നതോടെ, ഇസ്രായേലിന്‍റെ യുദ്ധശേഷി അതിവേഗം ഇല്ലാതായേക്കുമെന്നാണ് രാഷ്ട്രീയ വിദഗ്ധരുടെ നിഗമനം

- Updated:
2026-06-23 14:28:39

തെൽ അവീവ്: ഇറാനെതിരായ പോരാട്ടത്തിൽ യുഎസിന്‍റെ ആധുനിക യുദ്ധോപകരണങ്ങൾക്കായി കാത്ത് നിൽക്കേണ്ടതില്ലെന്ന് സൈനികരോട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ആക്രമണങ്ങൾക്ക് യുഎസിനെ അമിതമായി ആശ്രയിക്കുന്നത് അവസാനിപ്പിക്കണമെന്നും സ്വന്തം സൈനികോപകരണങ്ങളെ ശക്തിപ്പെടുത്തുന്നതിലും വികസിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും നെതന്യാഹു സൈനികർക്ക് നിർദേശം നൽകി. ഇറാനുമായും പ്രോക്സി ഘടകങ്ങളുമായുള്ള നിലവിലെ യുദ്ധത്തിൽ ഇത് ഗുണം ചെയ്യുമെന്നും നെതന്യാഹുവിനെ ഉദ്ദരിച്ച് വിവിധ ഇസ്രായേലീ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വെസ്റ്റ് ബാങ്കിലെ സൈനിക നീക്കങ്ങളുടെ ഉത്തരവാദിത്തമുള്ള ഗഷ് എറ്റിസണുമായുള്ള കൂടിക്കാഴ്ചയിലാണ് നെതന്യാഹുവിന്‍റെ ആഹ്വാനം. 'ഇതുവരെ കിട്ടിയ സഹകരണങ്ങൾക്കും പിന്തുണക്കും നന്ദി. ഇത്രയും കാലം രാജ്യത്തെ സുരക്ഷിതമാക്കി നിർത്തുന്നതിൽ യുഎസ് സഹകരണത്തിന് വലിയ പങ്കുണ്ട്. എന്നാൽ, ഇനിയങ്ങോട്ടുള്ള കാലത്തേക്ക് സ്വന്തം ആയുധങ്ങളെയും സംവിധാനങ്ങളെയും ആശ്രയിക്കേണ്ടതുണ്ടെന്നാണ് എനിക്ക് പറയാനുള്ളത്. ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കാനുള്ള സംവിധാനങ്ങളെ നാം രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ട്'. നെതന്യാഹു ആഹ്വാനം ചെയ്തു.
'ഇറാനെയും അവരുടെ പ്രോക്സീ സംഘങ്ങളുമായുമുള്ള പോരാട്ടത്തിലാണ് നാം. അവരെ ആഞ്ഞടിക്കേണ്ടതുണ്ട്. ഇതുവരെയും ഈ പോരാട്ടം അവസാനിച്ചിട്ടില്ല. 30 വർഷത്തോളമായി നാം നമ്മുടെ ശക്തിയെ ആശ്രയിച്ചുകൊണ്ടിരിക്കുന്നു. ഇനിയും നാം അത് തന്നെ തുടരും. അതുപയോഗിച്ച് നമ്മുടെ സംവിധാനങ്ങളെ ശക്തിപ്പെടുത്തും'. നെതന്യാഹു കൂട്ടിച്ചേർത്തു.
യുഎസിന്‍റെ സൈനികപിന്തുണ അവസാനിപ്പിക്കുമെന്ന് ഇതാദ്യമായല്ല നെതന്യാഹു പറയുന്നത്. എങ്കിലും പശ്ചിമേഷ്യൻ യുദ്ധവും സമാധാനചർച്ചകളും ഊർജിതമായിരിക്കുന്ന സാഹചര്യത്തിൽ ഏറ്റവും പുതിയ പ്രതികരണം എത്രകണ്ട് യാഥാർഥ്യവുമായി ചേർന്നുനിൽക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. ടെക്നോളജിയുമായി സഹകരിച്ച് കൂടുതൽ ശക്തമായി നാം സൈനികനീക്കത്തെ സജ്ജീകരിക്കുമെന്നും പ്രതിരോധം ശക്തിപ്പെടുത്തുമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
അതേസമയം, അമേരിക്കയുടെ പിന്തുണയില്ലാതെ ഇസ്രായേലിന് ദീർഘകാലം നീണ്ടുനിൽക്കുന്ന യുദ്ധത്തിൽ ഏർപ്പെടാൻ സാധിക്കില്ലെന്നാണ് സൈനിക വിദഗ്ധരുടെ അഭിപ്രായം. ഇസ്രായേലിന്‍റെ പ്രതിരോധ ആയുധങ്ങളിൽ മൂന്നിൽ രണ്ട് ഭാഗവും യുഎസിൽ നിർമിക്കപ്പെട്ടവയാണെന്ന യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി വാൻസിന്‍റെ പ്രസ്താവന ഈ അഭിപ്രായങ്ങൾക്ക് കരുത്ത് പകരുകയും ചെയ്യുന്നുണ്ട്. ഇസ്രായേലിന്‍റെ വ്യോമസേന പൂർണമായും അമേരിക്കൻ യുദ്ധവിമാനങ്ങളെയാണ് ആശ്രയിക്കുന്നത്. യുദ്ധവിമാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കും സ്പെയർ പാർട്സുകൾക്കും അമേരിക്കയെ തന്നെ വേണം.
ഇത് കൂടാതെ, പ്രശസ്തമായ അയൺ ഡോം പ്രതിരോധ സംവിധാനത്തിൽ പോലും അമേരിക്കൻ പങ്കാളിത്തമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇറാന്‍റെ ആക്രമണങ്ങളെ പലപ്പോഴും തടയുന്നത് അമേരിക്കയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങളാണ്. സൈനിക ഉപകരണങ്ങൾ വിതരണം ചെയ്യുന്നത് അമേരിക്ക നിർത്തുന്നതോടെ, ഇസ്രായേലിന്‍റെ യുദ്ധശേഷി അതിവേഗം ഇല്ലാതായേക്കുമെന്നാണ് രാഷ്ട്രീയ വിദഗ്ധരുടെ നിഗമനം. ആയുധങ്ങൾ അതിവേഗത്തിൽ പുനർനിർമിക്കാനുള്ള വ്യാവസായിക ശേഷി അവർക്കില്ലാത്തതിനാൽ ദീർഘകാലം നീണ്ടുനിൽക്കുന്ന സംഘർഷങ്ങൾ അവർക്ക് ബുദ്ധിമുട്ടായിരിക്കും.
Adjust Story Font
16
