'ബോംബുകൾക്ക് ഭരണമാറ്റം കൊണ്ടുവരാൻ കഴിയില്ല'; ഇറാനെതിരായ യുഎസ് ആക്രമണങ്ങളെ വിമർശിച്ച് ഒമർ അബ്ദുല്ല
ഒരു സ്വതന്ത്ര രാജ്യത്തിന് മേൽ മറ്റൊരു രാജ്യം ഇത്തരത്തിൽ ആക്രമണം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് ഒമർ അബ്ദുല്ല പറഞ്ഞു

- Published:
8 March 2026 7:44 AM IST

ജമ്മു കശ്മീർ: ഇറാനുനേരെ അമേരിക്കയും ഇസ്രായേലും നടത്തിയ വ്യോമാക്രമണങ്ങൾക്കെതിരെ വിമർശനവുമായി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല. ബോംബുകൾ വർഷിച്ചുകൊണ്ട് ഒരു രാജ്യത്തെ ഭരണമാറ്റം സാധ്യമാകില്ലെന്നും ഇത്തരം നടപടികൾ മേഖലയിലെ സമാധാനത്തെ തകർക്കുമെന്നും അദേഹം പറഞ്ഞു. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം അതീവ ഗുരുതരമാണെന്നും അദേഹം ഓർമിപ്പിച്ചു.
ഒരു സ്വതന്ത്ര രാജ്യത്തിന് മേൽ മറ്റൊരു രാജ്യം ഇത്തരത്തിൽ ആക്രമണം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് ഒമർ അബ്ദുല്ല പറഞ്ഞു. വിദേശ ഇടപെടലുകളിലൂടെയും സൈനിക നീക്കങ്ങളിലൂടെയും ഭരണകൂടങ്ങളെ മാറ്റാൻ ശ്രമിക്കുന്നത് പരാജയപ്പെട്ട ചരിത്രമാണ് ലോകത്തിനുള്ളതെന്നും അദേഹം ചൂണ്ടിക്കാട്ടി. ഇത്തരം നീക്കങ്ങൾ സാധാരണക്കാരുടെ ജീവിതം ദുസഹമാക്കുമെന്നും കൂടുതൽ അസ്ഥിരതയ്ക്ക് കാരണമാകുമെന്നും അദേഹം കൂട്ടിച്ചേർത്തു.
ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം വർധിച്ചുവരുന്ന സാഹചര്യത്തിൽ സമാധാനപരമായ ചർച്ചകളിലൂടെ പ്രശ്നപരിഹാരം കാണണമെന്നാണ് ഇന്ത്യയുടെ നിലപാട്. യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും നയതന്ത്ര ചർച്ചകളാണ് ഇക്കാലത്ത് ആവശ്യമെന്നും ഒമർ അബ്ദുല്ല വ്യക്തമാക്കി. മേഖലയിലെ സംഘർഷം ആഗോള സമ്പദ്‌വ്യവസ്ഥയെയും ഊർജ സുരക്ഷയെയും ബാധിക്കുമെന്ന ആശങ്കയും അദേഹം പങ്കുവെച്ചു.
Adjust Story Font
16
