ഫലസ്തീൻ ഭൂമി ദിനം 50-ാം വർഷത്തിൽ; ഭൂരിഭാഗം മണ്ണും നഷ്ടപ്പെട്ട് ഫലസ്തീനികൾ
ഫലസ്തീൻ ജനതയുടെ അസ്തിത്വ പോരാട്ടത്തിന്റെയും തങ്ങളുടെ മാതൃഭൂമിയോടുള്ള അടങ്ങാത്ത സ്നേഹത്തിന്റെയും പ്രതീകമാണ് 'ഭൂമിദിനം'

- Published:
30 March 2026 3:21 PM IST

ഫലസ്തീൻ ജനതയുടെ അസ്തിത്വ പോരാട്ടത്തിന്റെയും തങ്ങളുടെ മാതൃഭൂമിയോടുള്ള അടങ്ങാത്ത സ്നേഹത്തിന്റെയും പ്രതീകമാണ് 'ഭൂമിദിനം' (Land Day അഥവാ യൗമുൽ അർദ്). 1976 മാർച്ച് 30ന് നടന്ന ചരിത്രപ്രധാനമായ സംഭവങ്ങളുടെ ഓർമപ്പെടുത്തലായി എല്ലാ വർഷവും ഈ ദിനം ആചരിക്കുന്നു. 2026 മാർച്ച് 30ന് ഈ ചരിത്രസംഭവത്തിന്റെ അമ്പതാം വാർഷികം തികയുമ്പോൾ, ഫലസ്തീനികൾ തങ്ങളുടെ സ്വന്തം ഭൂമിയിൽ നേരിടുന്ന അതിജീവന പോരാട്ടം കേവലം ഒരു ഓർമപുതുക്കൽ മാത്രമല്ല, മറിച്ച് ആഗോളതലത്തിൽ ചെറുത്തുനിൽപ്പിന്റെ പുതിയൊരു അധ്യായം കൂടിയാകുകയാണ്.
എന്താണ് 1976 മാർച്ച് 30ന് സംഭവിച്ചത്?
1976 മാർച്ചിൽ, വടക്കൻ ഇസ്രായേലിലെ ഗലീലി പ്രദേശത്തുള്ള അറബ് ഗ്രാമങ്ങളിൽ നിന്ന് ആയിരക്കണക്കിന് ഡുനാം (ഏകദേശം 5,000 ഏക്കർ) ഭൂമി പിടിച്ചെടുക്കാൻ ഇസ്രായേൽ സർക്കാർ തീരുമാനിച്ചു. ഇസ്രായേൽ ഫലസ്തീൻ ഭൂമി പിടിച്ചെടുക്കുന്നതിനെതിരെ നടന്ന പ്രതിഷേധത്തിനിടെ, നിരായുധരായ ആറ് ഫലസ്തീനികളെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തി, നൂറിലധികം പേർക്ക് പരിക്കേറ്റു. പുതിയ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ നിർമിക്കുന്നതിനും വികസിപ്പിക്കുന്നതിനും വേണ്ടിയായിരുന്നു ഈ നീക്കം. തങ്ങളുടെ ഉപജീവനമാർഗവും പൈതൃകവുമായ ഭൂമി കവർന്നെടുക്കുന്നതിൽ പ്രതിഷേധിച്ച് ഫലസ്തീൻ നേതാക്കൾ മാർച്ച് 30ന് രാജ്യവ്യാപകമായി പൊതുപണിമുടക്കിനും പ്രതിഷേധത്തിനും ആഹ്വാനം ചെയ്തു.
സമാധാനപരമായി നടന്ന ഈ പ്രതിഷേധങ്ങളെ ഇസ്രായേൽ സൈന്യം വളരെ ക്രൂരമായാണ് നേരിട്ടത്. സൈന്യത്തിന്റെ വെടിയേറ്റ് നിരായുധരായ ആറ് ഫലസ്തീനികൾ കൊല്ലപ്പെട്ടു. നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും നിരവധി പേർ അറസ്റ്റിലാവുകയും ചെയ്തു. 1948ൽ ഇസ്രായേൽ രൂപീകരിക്കപ്പെട്ടതിന് ശേഷം, തങ്ങളുടെ അവകാശങ്ങൾക്കും ഭൂമിക്കും വേണ്ടി ഇസ്രായേലിലെ ഫലസ്തീൻ പൗരന്മാർ നടത്തിയ ആദ്യത്തെ സംഘടിതവും കൂട്ടായതുമായ പ്രതിഷേധമായിരുന്നു ഇത്.
അരനൂറ്റാണ്ടിനിപ്പുറം: നഷ്ടപ്പെട്ട ഭൂമിയും വർധിക്കുന്ന അതിക്രമങ്ങളും
ആദ്യത്തെ ഭൂമിദിനം നടന്ന് അമ്പത് വർഷങ്ങൾ പിന്നിടുമ്പോൾ, ഫലസ്തീനികളുടെ അവസ്ഥ മുമ്പത്തേക്കാൾ സങ്കീർണവും ദുസഹവുമാണ്. അന്ന് ഗലീലിയിൽ തുടങ്ങിയ ഭൂമി പിടിച്ചെടുക്കൽ ഇന്ന് വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലും വ്യാപകമായി തുടരുന്നു. അനധികൃത കുടിയേറ്റ കേന്ദ്രങ്ങളുടെ നിർമാണം, സൈനിക അധിനിവേശം, ഗസ്സയിൽ തുടരുന്ന കനത്ത ആക്രമണങ്ങൾ, നിർബന്ധിത കുടിയൊഴിപ്പിക്കലുകൾ എന്നിവ കാരണം ഫലസ്തീനികൾക്ക് അവരുടെ ചരിത്രപരമായ ഭൂമിയുടെ ഭൂരിഭാഗവും ഇതിനകം നഷ്ടപ്പെട്ടു കഴിഞ്ഞു.
ഇസ്രായേൽ വർണവിവേചന വാരാചരണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ വർഷത്തെ ഭൂമിദിനം കടന്നുവരുന്നത്. ഗസ്സയിലെ യുദ്ധത്തിനു പുറമെ, വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യവും കുടിയേറ്റക്കാരും ഫലസ്തീനികൾക്ക് നേരെ നടത്തുന്ന ആക്രമണങ്ങൾ വലിയ തോതിൽ വർധിച്ചിരിക്കുന്നു എന്ന് ബിഡിഎസ് ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
ഭൂമിദിനത്തിന്റെ ഈ അമ്പതാം വാർഷികം കേവലം ഒരു വിലാപദിനമായല്ല, മറിച്ച് ശക്തമായ ചെറുത്തുനിൽപ്പിനുള്ള ആഹ്വാനമായാണ് ഫലസ്തീൻ അനുകൂല പ്രസ്ഥാനങ്ങൾ കാണുന്നത്. അധികാരപ്രയോഗങ്ങൾക്കും സാമ്രാജ്യത്വ താല്പര്യങ്ങൾക്കുമെതിരെയുള്ള ആഗോള പോരാട്ടത്തിന്റെ കേന്ദ്രബിന്ദുവാണ് ഇന്നത്തെ ഫലസ്തീൻ വിഷയം. ബിഡിഎസ് പ്രസ്ഥാനം ഈ ദിനത്തിൽ ലോകത്തോട് ആവശ്യപ്പെടുന്ന പ്രധാന കാര്യങ്ങളിൽ ഒന്ന് ഇസ്രായേലിന്റെ സൈനിക-കുടിയേറ്റ നയങ്ങൾക്ക് സാമ്പത്തികവും സ്ഥാപനപരവുമായ പിന്തുണ നൽകുന്ന കമ്പനികളെയും സംവിധാനങ്ങളെയും ബഹിഷ്കരിക്കുക എന്നതാണ്.
കൂടാതെ സർവ്വകലാശാലകൾ, തൊഴിലിടങ്ങൾ, നഗരസഭകൾ തുടങ്ങിയവ ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കാൻ സമ്മർദ്ദം ചെലുത്തുക, 2024ലെ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധികളുടെ അടിസ്ഥാനത്തിൽ, ഇസ്രായേലിന്മേൽ ആയുധ ഉപരോധം ഉൾപ്പെടെയുള്ള ഉപരോധങ്ങൾ ഏർപ്പെടുത്താൻ ലോകരാഷ്ട്രങ്ങളോട് ആവശ്യപ്പെടുക എന്നിവയും ബിഡിഎസ് ആവശ്യപ്പെടുന്നു.
കൊടുംക്രൂരതകൾക്കും അടിച്ചമർത്തലുകൾക്കും നടുവിലും തങ്ങളുടെ മാതൃഭൂമിയിലേക്കുള്ള മടങ്ങിവരവിനും പൂർണ സ്വാതന്ത്ര്യത്തിനുമുള്ള അവകാശം ഫലസ്തീൻ ജനത അടിയറവ് വെച്ചിട്ടില്ല. നഷ്ടപ്പെട്ട ഓരോ തരി മണ്ണിനും വേണ്ടി അവർ നടത്തുന്ന പ്രതിരോധം ഒരിക്കലും അവസാനിക്കില്ല എന്നതാണ് അമ്പതാം ഭൂമിദിനം ലോകത്തോട് വിളിച്ചുപറയുന്നത്. നീതിക്കും സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടിയുള്ള ആ പോരാട്ടം കൂടുതൽ കരുത്തോടെ ഇന്നും തുടരുകയാണ്.
Adjust Story Font
16
