Quantcast

'ബന്ദികളുടെ വിധിയുടെ ഉത്തരവാദിത്വം സർക്കാരിന്'; ഇസ്രായേലിൽ പ്രക്ഷോഭം ശക്തം

ഗസ്സയിൽ വീണ്ടും സൈനിക നടപടികൾ ശക്തമാക്കാനുള്ള നീക്കമാണ് പ്രതിഷേധങ്ങൾക്ക് കാരണമായത്

MediaOne Logo

Web Desk

  • Published:

    30 March 2025 10:52 AM IST

ബന്ദികളുടെ വിധിയുടെ ഉത്തരവാദിത്വം സർക്കാരിന്; ഇസ്രായേലിൽ പ്രക്ഷോഭം ശക്തം
X

തെൽ അവീവ്: പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ഇസ്രായേലിൽ ശക്തമായ ബഹുജന പ്രക്ഷോഭം. കഴിഞ്ഞ ദിവസങ്ങളിൽ വലിയ റാലികളും പ്രതിഷേധങ്ങളും നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗസ്സയിലെ ബന്ധികൈമാറ്റവും കരാറും സംബന്ധിച്ചുള്ള സർക്കാർ നിലപാടാണ് പ്രതിഷേധങ്ങൾക്ക് പിന്നിൽ. ബന്ദികളുടെ വിധിയുടെ ഉത്തരവാദിത്വം സർക്കാരിനാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു.

ഗസ്സയിൽ വീണ്ടും സൈനിക നടപടികൾ ശക്തമാക്കാനുള്ള നീക്കമാണ് പ്രതിഷേധങ്ങൾക്ക് കാരണമായത്. ഗസ്സയിൽ ഇപ്പോഴും ഏകദേശം 58 ഇസ്രായേൽ ബന്ദികൾ തടവിലുണ്ട്. ഇതിൽ 34 പേർ മരിച്ചുവെന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ കണക്ക്. ഹമാസിന്റെ സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്‌സ്, 'സമയം കഴിഞ്ഞു' എന്ന തലക്കെട്ടിൽ ഒരു വീഡിയോ ശനിയാഴ്ച പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെ ബന്ദികളുടെ കുടുംബാംഗങ്ങളും തലസ്ഥാനമായ തെൽ അവീവിൽ പ്രതിഷേധങ്ങളുമായി എത്തിയിരുന്നു. ബന്ദികളുടെ ചിത്രങ്ങളുമായാണ് പ്രതിഷേധം നടന്നത്.

അതേസമയം, ഗസ്സയിൽ ഇസ്രായേലിന്റെ കനത്ത ആക്രമണങ്ങൾ തുടരുകയാണ്. മാര്‍ച്ച് 18ന് വെടിനിര്‍ത്തൽ കരാര്‍ ലംഘിച്ചതിന് ശേഷം ആയിരത്തോളം പേരെയാണ് ഗസ്സയിൽ ഇസ്രായേൽ കൊന്നൊടുക്കിയത്. ആറ് ആഴ്ച നീണ്ടുനിന്ന ആദ്യ ഘട്ട വെടിനിർത്തലിന് ശേഷം ആരംഭിക്കേണ്ടിയിരുന്ന രണ്ടാം ഘട്ട വെടിനിർത്തൽ കരാറിലേക്ക് പ്രവേശിക്കാൻ ഇസ്രായേൽ സമ്മതിച്ചില്ല. ഇതിനു പിന്നാലെയായിരുന്നു മേഖലയെ അശാന്തമാക്കി വീണ്ടും ഇസ്രായേൽ സൈന്യത്തിന്‍റെ കൂട്ടക്കൊല.

ഇസ്രായേൽ ഉപരോധം മൂലം മൂന്നാഴ്ചയിലേറെയായി ഗസ്സയിലേക്ക് ഭക്ഷണ വിതരണം തടസ്സപ്പെട്ടതിനാൽ ആയിരക്കണക്കിന് പലസ്തീനികൾ കടുത്ത പട്ടിണിയും പോഷകാഹാരക്കുറവും അനുഭവിക്കുന്നതായി ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


TAGS :

Next Story