Quantcast

'പശ്ചിമേഷ്യയിൽ സമാധാനം പുലരണം, യുഎസ്-ഇറാന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കാന്‍ തയ്യാര്‍': പുടിന്‍

ഇസ്‌ലാമാബാദില്‍ വെച്ചുനടന്ന ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ ഇറാന്‍ പ്രസിഡന്റ് മസ്ഊദ് പെസഷ്‌കിയാനെ ഫോണില്‍ വിളിച്ചാണ് പുടിന്‍ ഇക്കാര്യമറിയിച്ചത്

MediaOne Logo

അൻഫസ് കൊണ്ടോട്ടി

  • Updated:

    2026-04-12 17:09:40.0

Published:

12 April 2026 10:36 PM IST

പശ്ചിമേഷ്യയിൽ സമാധാനം പുലരണം, യുഎസ്-ഇറാന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കാന്‍ തയ്യാര്‍: പുടിന്‍
X

മോസ്‌കോ: പശ്ചിമേഷ്യയില്‍ തുടരുന്ന യുദ്ധഭീതിയില്‍ ഇറാന്‍-യുഎസ് രാജ്യങ്ങള്‍ക്കിടയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കാൻ തയ്യാറെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. ഇസ്‌ലാമാബാദില്‍ വെച്ചുനടന്ന ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ ഇറാന്‍ പ്രസിഡന്റ് മസ്ഊദ് പെസഷ്‌കിയാനെ ഫോണില്‍ വിളിച്ചാണ് പുടിന്‍ ഇക്കാര്യമറിയിച്ചത്. പാകിസ്താന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ കരാറിലെത്താനാകാതെ ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ പിരിയുകയായിരുന്നു.

'പശ്ചിമേഷ്യന്‍ യുദ്ധം അതിരൂക്ഷമായ ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. യുദ്ധത്തിന് രാഷ്ട്രീയവും നയതന്ത്രപരവുമായ പരിഹാരം കാണാനും, പശ്ചിമേഷ്യയില്‍ നീതിയുക്തവും ശാശ്വതവുമായ സമാധാനം കൊണ്ടുവരാനുമുള്ള ശ്രമങ്ങളില്‍ മധ്യസ്ഥത വഹിക്കാന്‍ പുടിന്‍ തയ്യാറാണ്'. ഇറാന്‍ പ്രസിഡന്റുമായുള്ള പുടിന്റെ ഫോണ്‍ സംഭാഷണത്തെ കുറിച്ച് ക്രംലിന്‍ പ്രസ്താവിച്ചു. പശ്ചിമേഷ്യന്‍ മേഖലകളില്‍ സുരക്ഷയും സുസ്ഥിരതയും ഉറപ്പുവരുത്താനുള്ള സാധ്യതകളെ കുറിച്ചും ഇരുരാജ്യങ്ങളുടെയും പ്രസിഡന്റുമാര്‍ ചര്‍ച്ച ചെയ്തതായാണ് വിവരം. തങ്ങളുടെ രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തമായ രീതിയില്‍ നിലനിര്‍ത്തുന്നതിലൂടെ വികസനവും പുരോഗതിയും കൈവരിക്കാനാകുമെന്നാണ് വിലയിരുത്തല്‍.

ഇസ്രായേലുമായി ചേര്‍ന്ന് യുഎസ് ഇറാനില്‍ നടത്തിയ ആക്രമണത്തിന് പിന്നാലെയുണ്ടായ യുദ്ധം അതിരൂക്ഷമായ ഘട്ടത്തിലേക്ക് കടന്നതോടെ വെടിനിര്‍ത്തലിനായി പാകിസ്താന്റെ നേതൃത്വത്തില്‍ ഇസ്ലാമാബാദില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഏറ്റവും മികച്ച വാഗ്ദാനം മുന്നോട്ടുവെച്ചെങ്കിലും ഇറാന്‍ സ്വീകരിച്ചില്ലെന്ന് പറഞ്ഞാണ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് ചര്‍ച്ചാ വേദിയില്‍ നിന്ന് മടങ്ങിയത്. ദേശീയ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി ചര്‍ച്ച തുടരുമെന്നാണ് ഇറാന്‍ നിലപാട്.

ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ ഇറാന്‍ നിയന്ത്രണമേര്‍പ്പെടുത്തിയ ഹോര്‍മുസില്‍ ബദല്‍ ഉപരോധം പ്രഖ്യാപിച്ചതായി ട്രംപ് അറിയിച്ചിരുന്നു. ഇറാന് നിയമവിരുദ്ധമായ കരം നല്‍കി കടലിടുക്ക് കടക്കുന്ന ഏത് കപ്പലുകള്‍ക്ക് നേരെയും യുഎസ് നാവികസേന ആക്രമണം നടത്തുമെന്ന് ട്രംപ് പറഞ്ഞു. എന്നാല്‍, ഹോര്‍മുസ് തങ്ങളുടെ നിയന്ത്രണത്തില്‍ തുടരുകയാണെന്നും എത്രയും വേഗം യുഎസ് കപ്പലുകള്‍ മടങ്ങാത്തപക്ഷം കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇരുകൂട്ടരും തമ്മിലുള്ള സംഘര്‍ഷം അതിരൂക്ഷമായി തുടരുന്നത് പശ്ചിമേഷ്യന്‍ രാജ്യങ്ങളെ ദോഷകരമായി ബാധിക്കുമെന്ന ആശങ്കയിലാണ് ലോകം. ഇതിനിടെയാണ് പുടിന്റെ ഇടപെടല്‍.

TAGS :

Next Story