Quantcast

ഇറാന്‍റെ നിലപാടുകൾ യുഎസ് സംഘത്തെ അറിയിക്കാനായെന്നാണ് കരുതുന്നത്, വിശ്വസിക്കണോയെന്ന് അവർക്ക് തീരുമാനിക്കാം: ഇറാൻ സ്പീക്കർ

ഇസ്‌ലാമാബാദ് ചര്‍ച്ച പരാജയപ്പെട്ടതിന് ശേഷം എക്‌സ് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

MediaOne Logo

അൻഫസ് കൊണ്ടോട്ടി

  • Updated:

    2026-04-12 11:16:18.0

Published:

12 April 2026 4:21 PM IST

ഇറാന്‍റെ നിലപാടുകൾ യുഎസ് സംഘത്തെ അറിയിക്കാനായെന്നാണ് കരുതുന്നത്, വിശ്വസിക്കണോയെന്ന് അവർക്ക് തീരുമാനിക്കാം: ഇറാൻ സ്പീക്കർ
X

തെഹ്‌റാന്‍: പാകിസ്താന്റെ മധ്യസ്ഥതയില്‍ ഇസ്‌ലാമാബാദില്‍ വെച്ചുനടന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ ശുഭാപ്തി വിശ്വാസത്തോടെ ഇറാന്‍ പരമാവധി ശ്രമിച്ചെങ്കിലും തങ്ങളുമായി സഹകരിക്കുന്നതില്‍ യുഎസ് പ്രതിനിധി സംഘം പരാജയപ്പെട്ടെന്ന് ഇറാന്‍ സ്പീക്കര്‍ മുഹമ്മദ് ബാഗിര്‍ ഖാലിബാഫ്. സമാധാനപരമായി മുന്നോട്ടുപോകാന്‍ തങ്ങള്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചെങ്കിലും ഇറാനെ അവിശ്വസിക്കുകയായിരുന്നു അമേരിക്കയെന്നും ഖാലിബാഫ് പ്രതികരിച്ചു. ഇസ്‌ലാമാബാദ് ചര്‍ച്ച പരാജയപ്പെട്ടതിന് ശേഷം എക്‌സ് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'സമാധാനപരമായി മുന്നോട്ടുപോകുന്നതിനായുള്ള ഏത് നിര്‍ദേശവും അംഗീകരിക്കാന്‍ തയ്യാറാണെന്ന കാര്യം ഞാന്‍ നേരത്തെ ഊന്നിപ്പറഞ്ഞിരുന്നു. അതേസമയം, യുഎസില്‍ നിന്ന് മുന്‍പ് നേരിടേണ്ടിവന്ന ചില അനുഭവങ്ങള്‍ കാരണം അവരെ കണ്ണടച്ച് വിശ്വസിക്കാനും ഞങ്ങള്‍ ഒരുക്കമല്ലായിരുന്നു. എന്നോടൊപ്പമുണ്ടായിരുന്ന പ്രതിനിധി സംഘം വളരെ പ്രതീക്ഷയോടെയാണ് ചര്‍ച്ചയെ സമീപിച്ചതും പ്രതികരണങ്ങള്‍ നടത്തിയതും. എന്നാല്‍, വെടിനിര്‍ത്തല്‍ ചര്‍ച്ചയുടെ തുടക്കംമുതല്‍ ഞങ്ങളെ ഒരുകാരണവശാലും വിശ്വസിക്കില്ലെന്ന നിലപാടിലായിരുന്നു യുഎസ്'. അദ്ദേഹം വ്യക്തമാക്കി.

'നിലവിലെ സാഹചര്യത്തില്‍ ഞങ്ങളുടെ നിലപാടുകളും നീക്കങ്ങളും യുഎസ് സംഘത്തെ ബോധ്യപ്പെടുത്താനായിട്ടുണ്ടെന്നാണ് വിശ്വാസം. വിശ്വസിക്കണോ വേണ്ടയോ എന്ന കാര്യം അവര്‍ക്ക് തീരുമാനിക്കാം. ഇപ്പോള്‍ കാര്യങ്ങള്‍ അവരുടെ കോര്‍ട്ടിലാണ്. ഇറാനിയന്‍ ജനതയുടെ അവകാശസംരക്ഷണങ്ങള്‍ക്കായുള്ള സായുധ പോരാട്ടമെന്നത് പോലെ മറ്റൊരു പ്രധാനമാര്‍ഗമാണ് നയതന്ത്രമെന്നാണ് കരുതുന്നത്'. ഖാലിബാഫ് പറഞ്ഞു.

ഇസ്രായേലുമായി ചേര്‍ന്ന് യുഎസ് ഇറാനില്‍ നടത്തിയ ആക്രമണത്തിന് പിന്നാലെയുണ്ടായ യുദ്ധം അതിരൂക്ഷമായ ഘട്ടത്തിലേക്ക് കടന്നതോടെ വെടിനിര്‍ത്തലിനായി പാകിസ്താന്റെ നേതൃത്വത്തില്‍ ഇസ്ലാമാബാദില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഏറ്റവും മികച്ച വാഗ്ദാനം മുന്നോട്ടുവെച്ചെങ്കിലും ഇറാന്‍ സ്വീകരിച്ചില്ലെന്ന് പറഞ്ഞാണ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് ചര്‍ച്ചാ വേദിയില്‍ നിന്ന് മടങ്ങിയത്. ദേശീയ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി ചര്‍ച്ച തുടരുമെന്നാണ് ഇറാന്‍ നിലപാട്.

TAGS :

Next Story