Quantcast

റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയെ കൊലപ്പെടുത്തിയത് വിഷത്തവളയെ നൽകിയെന്ന് കണ്ടെത്തൽ

ആർട്ടിക്കിലെ അതിസുരക്ഷാ ജയിലിൽ ഏകാന്ത തടവനുഭവിക്കുകയായിരുന്ന നവാൽനിയെ 2024 ഫെബ്രുവരിയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്

MediaOne Logo

ആത്തിക്ക് ഹനീഫ്

  • Updated:

    2026-02-15 06:23:53.0

Published:

15 Feb 2026 11:33 AM IST

റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയെ കൊലപ്പെടുത്തിയത് വിഷത്തവളയെ നൽകിയെന്ന് കണ്ടെത്തൽ
X

മോസ്കോ: 2024 ഫെബ്രുവരിയിൽ മരണപ്പെട്ട റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയെ മാരക വിഷമുള്ള തവളയെ ഉപയോഗിച്ച് റഷ്യ കൊലപ്പെടുത്തിയതാണെന്ന് യൂറോപ്യൻ രാജ്യങ്ങളുടെ അന്വേഷണ കമീഷൻ കണ്ടെത്തി. നവാൽനിയുടെ ശരീരത്തിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ ലാബ് ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, സ്വീഡൻ, നെതർലാൻഡ്‌സ് ഉൾപ്പെടെയുള്ള അഞ്ച് യൂറോപ്യൻ രാജ്യങ്ങളുടെ നേതൃത്വത്തിലുള്ള അന്വേഷണ കമീഷന്റെ കണ്ടെത്തൽ.

നവാല്‍നിയുടെ കാരഗ്രവാസവും ജയിലിൽ വച്ചുതന്നെയുള്ള മരണവും പുടിനെതിരെ വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. നവാല്‍നിയുടെ മരണത്തിൽ പുടിന് പങ്കുണ്ടെന്ന് അദേഹത്തിന്റെ അനുയായികൾ ആദ്യം മുതൽ തന്നെ ഉന്നയിക്കുന്നുണ്ട്. രക്തസമ്മർദവും മറ്റ് സ്വാഭാവിക കാരണങ്ങളുമാണ് മരണത്തിന് പിന്നിലെന്നായിരുന്നു റഷ്യയുടെ ഔദ്യോഗിക വിശദീകരണം. ഇപ്പോഴിതാ രണ്ട് വര്‍ഷം മുമ്പ് നടന്ന മരണം കൊലപാതകമാണെന്ന സൂചനകളാണ് അന്വേഷണ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.

ദക്ഷിണ അമേരിക്കന്‍ കാടുകളില്‍ കാണപ്പെടുന്ന 'ഡാര്‍ട്ട് ഫ്രോഗ്' എന്നയിനം തവളകളില്‍ നിന്നുള്ള വിഷം ഉപയോഗിച്ചാണ് അദേഹത്തെ കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ശവസംസ്‌കാരത്തിന് മുമ്പ് നവാല്‍നിയുടെ ശരീരത്തില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ രണ്ട് രാജ്യങ്ങളിലെ ലാബുകളില്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഈ പരിശോധനയിലാണ് എപിബാറ്റിഡിന്‍ എന്ന മാരകമായ ടോക്‌സിന്റെ സാന്നിധ്യം കണ്ടെത്തിയത്. എപിബാറ്റിഡിൻ മോർഫിനേക്കാൾ ഏകദേശം 100 മടങ്ങ് ശക്തിയേറിയതാണ്. സ്വാഭാവികമായും റഷ്യയില്‍ കാണപ്പെടാത്ത ഈ വിഷം ലബോറട്ടറിയില്‍ നിര്‍മിക്കാനോ ഇറക്കുമതി ചെയ്യാനോ റഷ്യന്‍ ഭരണകൂടത്തിന് മാത്രമേ സാധിക്കൂവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ആർട്ടിക്കിലെ അതിസുരക്ഷാ ജയിലിൽ ഏകാന്ത തടവിൽ കഴിയുമ്പോഴായാണ് നവാൽനിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. അതുകൊണ്ട് തന്നെ ഇത്തരമൊരു വിഷം അവിടെ എത്തിക്കാനും അത് പ്രയോഗിക്കാനും റഷ്യൻ ഭരണകൂടത്തിന് മാത്രമേ സാധിക്കൂ എന്നാണ് പാശ്ചാത്യ രാജ്യങ്ങളുടെ നിലപാട്. മ്യൂണിക് സുരക്ഷാ സമ്മേളനത്തിനിടെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത് എന്നതും ശ്രദ്ധേയമാണ്. കാരണം രണ്ട് വര്‍ഷം മുമ്പ് ഇതേ സമ്മേളനം നടക്കുമ്പോഴാണ് നവാല്‍നിയുടെ മരണം റഷ്യ പ്രഖ്യാപിച്ചത്. നവാൽനിയെ ഒരു വലിയ ഭീഷണിയായി കണ്ട റഷ്യ, അദേഹത്തെ നിശബ്ദനാക്കാൻ ഏറ്റവും നികൃഷ്ടമായ മാർഗമാണ് സ്വീകരിച്ചതെന്ന് ബ്രിട്ടൻ വിമർശിച്ചു.

വ്ലാദിമിർ പുടിന്റെ റഷ്യയിൽ നിന്നുള്ള ഏറ്റവും വലിയ വിമർശകനായിരുന്നു നവാൽനി. റഷ്യൻ ഭരണകൂടത്തിന്റെ എല്ലാ തലങ്ങളിലുമുള്ള അഴിമതികൾ നവാൽനി തുറന്നുകാട്ടി. കാൽനൂറ്റാണ്ടായി റഷ്യ ഭരിക്കുന്ന അഴിമതി നിറഞ്ഞ 'സെക്യുറോക്രസി' ഭരണത്തിൽ മടുത്തിരുന്ന ലിബറലുകളെയും ദേശീയവാദികളെയും ഇടതുപക്ഷക്കാരെയും അദേഹം ഒരുമിച്ചുകൊണ്ടുവന്നു. റഷ്യൻ രാഷ്ട്രീയ, സുരക്ഷാ, സൈന്യ, രഹസ്യാന്വേഷണ മേഖലയിലുള്ള ഉദ്യാഗസ്ഥർ നിയന്ത്രിക്കുന്ന ഡീപ് സ്റ്റേറ്റ് സിസ്റ്റമായ 'സിലോവിക്കി'യെയാണ് 'സെക്യുറോക്രസി' എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. ഇതിന്റെ ഭാഗമായി എഫ്എസ്ബി, ആഭ്യന്തര മന്ത്രാലയം, സായുധ സേന തുടങ്ങിയ ഏജൻസികളിലായാണ് റഷ്യയിൽ അധികാരം കേന്ദ്രീകരിച്ചിരിക്കുകയാണ്. ഇതിലെ ഉന്നതർ പലപ്പോഴും പുടിന്റെ സുഹൃത്തുക്കളോ മുൻ സഹപ്രവർത്തകരോ ആയിരിക്കും.

ഈയൊരു അധികാര അച്ചുതണ്ടിന്റെ നേരിട്ട് എതിർക്കുകയും തുറന്നുകാട്ടുകയുമാണ് നവാൽനി ചെയ്തത്. 1989-91 കാലഘട്ടത്തിൽ കമ്യുണിസ്റ്റുകളെ താഴെയിറക്കിയ വെൽവെറ്റ് വിപ്ലവങ്ങളുടെ ശൈലിയിൽ, അക്രമരഹിതമായ ചെറുത്തുനിൽപ്പിലൂടെ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്ന പ്രതീക്ഷയാണ് അദേഹത്തെ മുന്നോട്ട് നയിച്ചത്. തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തിൽ നവാൽനി തീവ്ര വലതുപക്ഷ രാഷ്ട്രീയം മുന്നോട്ട് വെച്ചിരുന്നെങ്കിലും പിന്നീട് അതിൽ നിന്ന് മാറി പാശ്ചാത്യ അനുകൂല ലിബറലിസത്തെ പിന്തുടർന്നു. അനധികൃത പ്രകടനങ്ങൾക്ക് ആഹ്വാനം ചെയ്തതിനും അനുമതിയില്ലാത്ത പ്രതിപക്ഷ റാലികളിൽ പങ്കെടുക്കാൻ ആളുകളെ പ്രേരിപ്പിച്ചതിനുമാണ് നവാൽനിയെ റഷ്യൻ പൊലീസ് 2021 ജനുവരിയിൽ അറസ്റ്റ് ചെയുന്നത്. ഇതിനു പിന്നാലെ ദീർഘകാലമായി കാരാഗ്രഹ വാസത്തിലായിരുന്നു അദേഹം.

TAGS :

Next Story