ഗസ്സയിലേക്ക് യുഎൻ ഏജൻസികൾ വഴി അടിയന്തര സഹായം ലഭ്യമാക്കണം: ഇസ്രായേലിനോട് അന്താരാഷ്ട്ര നീതിന്യായ കോടതി
വിലക്കുകളില്ലാതെയുള്ള സഹായം അടിയന്തരമായി ലഭ്യമാക്കേണ്ട ബാധ്യത ഇസ്രായേലിനുണ്ടെന്ന് കോടതി

Photo-Reuters
ഗസ്സസിറ്റി: ഗസ്സയിലേക്ക് യുഎൻ ഏജൻസികൾ മുഖേന അടിയന്തര സഹായം ലഭ്യമാക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവ്. വിലക്കുകളില്ലാതെയുള്ള സഹായം അടിയന്തരമായി ലഭ്യമാക്കേണ്ട ബാധ്യത ഇസ്രായേലിനുണ്ടെന്ന് കോടതി വ്യക്തമാക്കി.
പട്ടിണി ആയുധമാക്കി മാറ്റുകയെന്ന നിയമവിരുദ്ധ ഹീനകൃത്യമാണ് ഇസ്രായേൽ ഗസ്സയിൽ തുടരുന്നതെന്നും കോടതി കുറ്റപ്പെടുത്തി. 'യുനർവ' ഉൾപ്പെടെ യുഎൻ ഏജൻസികളിലെ സന്നദ്ധ പ്രവർത്തകർക്ക് ഹമാസ് പോരാളികളുമായി ബന്ധമുണ്ടെന്ന ഇസ്രായേൽ ആരോപണം കോടതി തള്ളി. ഇതു തെളിയിക്കാനുതകുന്ന തെളിവുകൾ കൈമാറുന്നതിൽ ഇസ്രായേൽ പരാജയപ്പെട്ടതായും അന്താരാഷ്ട്ര നീതിന്യായ കോടതി നിരീക്ഷിച്ചു.
വിധി പ്രതീക്ഷിച്ചതു തന്നെയാണെന്നും ഹമാസിന്‍റെ മാത്രം താൽപര്യങ്ങളാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെതെന്നും ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. വെടിനിർത്തൽ കരാർ 12 നാളുകൾ പിന്നിട്ടിട്ടും ഗസ്സയിലേക്ക് ആവശ്യമായ സഹായം ലഭ്യമാക്കാൻ ഇസ്രായേൽ തയാറായിട്ടില്ല. റഫ അതിർത്തി തുറന്ന് നിത്യം 600 ട്രക്കുകൾ ഗസ്സയിലേക്ക് അനുവദിക്കണം എന്ന വെടിനിർത്തൽ കരാർ വ്യവസ്ഥയും നടപ്പായില്ല. റഫ അതിർത്തി തുറന്ന് പരമാവധി സഹായം ഗസ്സയിലേക്ക് എത്തിക്കാൻ ഇസ്രായേൽ തയാറാകണമെന്ന് ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ ആന്‍റണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു.
അതേസമയം വെടിനിർത്തൽ രണ്ടാം ഘട്ട ചർച്ചകളും ഊർജിതമാണ്. യു.എസ് വൈസ് പ്രസിഡന്‍റ് ജെ. ഡി വാൻസ്, നെതന്യാഹു ഉൾപ്പെടെ ഇസ്രായേൽ നേതാക്കളുമായി ചർച്ച നടത്തി. ഗസ്സയിൽ ബദൽ സർക്കാർ രൂപവത്കരണം കൂടുതൽ സമയം ആവശ്യമായ പ്രക്രിയയാണെന്ന് ജെ.ഡി വാൻസ് പറഞ്ഞു. അതിനിടെ, അധിനിവിഷ്ട വെസ്റ്റ് ബാങ്കിനെ ഇസ്രായേലിന്‍റെ ഭാഗമാക്കി മാറ്റാനുള്ള പ്രാഥമിക കരടുപ്രമേയം ഇസ്രായേൽ പാർലമെന്‍റിൽ പാസായി. 24 നെതിരെ 25 വോട്ടുകളോടെയാണ് പ്രമേയം പാസായത്. ഇസ്രായേൽ നീക്കം ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ജോർദാൻ ഉൾപ്പെടെ അറബ് രാജ്യങ്ങൾ മുന്നറിയിപ്പ് നൽകി.
Adjust Story Font
16

