Quantcast

വെടിനിര്‍ത്തല്‍ ചര്‍ച്ച പാതിവഴിയിൽ? മധ്യസ്ഥ ചർച്ചക്കായി ഇറാന്‍ പ്രതിനിധിസംഘം പാകിസ്താനിലെത്തിയെന്ന റിപ്പോർട്ടുകൾ തള്ളി ഇറാനിയൻ മാധ്യമങ്ങൾ

ലെബനാനെ വെടിനിർത്തൽ കരാറിൽ നിന്ന് ഒഴിവാക്കാനാകില്ലെന്നും കരാർ ലംഘിച്ചാൽ കനത്ത വില നൽകേണ്ടിവരുമെന്നും ഇറാൻ പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് ബാഗിർ ഗാലിബാഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

MediaOne Logo

അൻഫസ് കൊണ്ടോട്ടി

  • Updated:

    2026-04-10 08:09:50.0

Published:

10 April 2026 1:38 PM IST

വെടിനിര്‍ത്തല്‍ ചര്‍ച്ച പാതിവഴിയിൽ? മധ്യസ്ഥ ചർച്ചക്കായി ഇറാന്‍ പ്രതിനിധിസംഘം പാകിസ്താനിലെത്തിയെന്ന റിപ്പോർട്ടുകൾ തള്ളി ഇറാനിയൻ മാധ്യമങ്ങൾ
X

തെഹ്‌റാന്‍: ലെബനാനെതിരായ ഇസ്രായേല്‍ ആക്രമണം അതിരൂക്ഷമായി തുടരുന്നതിനിടെ അമേരിക്കയുടെ മധ്യസ്ഥ ചര്‍ച്ചയിൽ നിന്ന് ഇറാന്‍ വിട്ടുനിന്നേക്കുമെന്ന് റിപ്പോര്‍ട്ട്. വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി, പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗിര്‍ ഗാലിബാഫ് എന്നിവര്‍ പാകിസ്താനിലേക്ക് തിരിച്ചെന്ന വാര്‍ത്തകള്‍ ഇറാനിയന്‍ മാധ്യമങ്ങള്‍ തള്ളി. വ്യാഴാഴ്ച രാത്രി ഇരുവരും പുറപ്പെട്ടേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ഇറാനിലെ മുതിര്‍ന്ന നേതാക്കളാരും ചര്‍ച്ചകള്‍ക്കായി പാകിസ്താനിലേക്ക് തിരിച്ചിട്ടില്ലെന്ന് മിഡില്‍ ഈസ്റ്റ് സ്ട്രാറ്റജിക് സ്റ്റഡീസ് സെന്ററിലെ സീനിയര്‍ ഫെലോ അബാസ് അസ്ലാനി അറിയിച്ചു.

യുഎസുമായി ചേര്‍ന്ന് ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് പിന്നാലെയുണ്ടായ യുദ്ധം അതിരൂക്ഷമായതിന് പിന്നാലെ പാകിസ്താന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ ഇടപെടലിലൂടെയാണ് രണ്ടാഴ്ച വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. ഇറാന്‍ യുദ്ധത്തിന് താത്ക്കാലികമായി ഇടവേള നല്‍കിയെങ്കിലും ലെബനാനിലേക്ക് ഇസ്രായേല്‍ വ്യാപകമായി ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ്. ഇതിനിടെ, അബ്ബാസ് അരാഗ്ചിയും സ്പീക്കര്‍ മുഹമ്മദ് ബാഗിര്‍ ഗാലിബാഫും വ്യാഴാഴ്ച രാത്രി ഇറാനിലെത്തുമെന്ന് പാകിസ്താനിലെ ഇറാന്‍ അംബാസിഡര്‍ എക്‌സില്‍ കുറിച്ചിരുന്നു. എന്നാല്‍, തൊട്ടുപിന്നാലെ അദ്ദേഹം പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും വെള്ളിയാഴ്ച പ്രതീക്ഷിക്കുന്നതായി പോസ്റ്റ് തിരുത്തുകയും ചെയ്യുകയായിരുന്നു.

അതേസമയം, ലെബനാനെതിരായ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്രായേല്‍. ഇറാനും യുഎസും തമ്മില്‍ ധാരണയിലെത്തിയ രണ്ടാഴ്ച വെടിനിര്‍ത്തല്‍ അംഗീകരിക്കുന്നുവെന്നും എന്നാല്‍, ലെബനാനെതിരായ ആക്രമണം തുടരുമെന്നുമാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്റെ നിലപാട്. എന്നാല്‍, ലെബനാനെ വെടിനിര്‍ത്തല്‍ കരാറില്‍ നിന്ന് ഒഴിവാക്കാനാകില്ലെന്നും കരാര്‍ ലംഘിച്ചാല്‍ കനത്ത വില നല്‍കേണ്ടിവരുമെന്നും ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ, യുദ്ധമാരംഭിച്ച് ഏറ്റവും വലിയ ആക്രമണമാണ് ഇന്നലെ ലെബനാനില്‍ ഇസ്രായേൽ നടത്തിയിരിക്കുന്നത. ആക്രമണത്തിൽ 89 പേര്‍ കൊല്ലപ്പെടുകയും 700-ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതേസമയം, ലെബനാന്‍ യുദ്ധം ഇറാനുമായുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമല്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പറഞ്ഞു. മുൻപ് നടന്ന ചർച്ചയ്ക്കിടെ രണ്ട് തവണ ആക്രമണം നടത്തിയ അമേരിക്കയുടെ വാക്കുകളോട് ഇറാൻ മുഖംതിരിക്കുകയാണെങ്കിൽ പശ്ചിമേഷ്യയിൽ സമാധാനം പുലരുമെന്ന പ്രതീക്ഷകൾ വീണ്ടും അനിശ്ചിതത്തിലായേക്കുമെന്നാണ് റിപ്പോർട്ട്.

TAGS :

Next Story