ഗസ്സയിലെ വംശഹത്യയിൽ ഇസ്രായേല്‍ സേനക്കൊപ്പം പങ്കുചേര്‍ന്ന് വിദേശപൗരന്മാരും; വെളിപ്പെടുത്തല്‍ ഇങ്ങനെ...
യുദ്ധക്കുറ്റങ്ങളിൽ പങ്കാളികളായ വിദേശ പൗരന്മാരെ തിരിച്ചറിയാനും അവർക്കെതിരെ നിയമനടപടി സ്വീകരിക്കാനും ലോകമെമ്പാടുമുള്ള മനുഷ്യാവകാശ സംഘടനകൾ ശ്രമിച്ചുവരികയാണ്

- Published:
22 Feb 2026 5:40 PM IST

ഗസ്സസിറ്റി: ഗസ്സയിലെ വംശഹത്യയില്‍ ഇസ്രായേലിനൊപ്പം ആയിരക്കണക്കിന് വിദേശ പൗരന്മാരും പങ്കാളികളായെന്ന് വെളിപ്പെടുത്തല്‍. ഇസ്രായേൽ സൈന്യത്തിലെ 50,000ത്തിലധികം സൈനികർക്ക് മറ്റൊരു രാജ്യത്തെ പൗരത്വം കൂടിയുണ്ടെന്ന് ഇസ്രായേലി സന്നദ്ധ സംഘടനയായ ഹറ്റ്‌ലാച്ചയാണ് വെളിപ്പെടുത്തുന്നത്. വിവരാവകാശ നിയമപ്രകാരം ശേഖരിച്ച വിവരങ്ങൾ ഉദ്ധരിച്ചാണ് സംഘടന ഇക്കാര്യം പുറത്തുവിട്ടത്. ഈ സൈനികരിൽ ഭൂരിഭാഗവും അമേരിക്കൻ അല്ലെങ്കിൽ യൂറോപ്യൻ പാസ്‌പോർട്ടുകൾ കൈവശമുള്ളവരാണ്.
യുദ്ധക്കുറ്റങ്ങളിൽ പങ്കാളികളായ വിദേശ പൗരന്മാരെ തിരിച്ചറിയാനും അവർക്കെതിരെ നിയമനടപടി സ്വീകരിക്കാനും ലോകമെമ്പാടുമുള്ള മനുഷ്യാവകാശ സംഘടനകൾ ശ്രമിച്ചുവരികയാണ്. പൗരന്മാരില്‍ പലരും തങ്ങൾ നടത്തിയ അതിക്രമങ്ങളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ മുമ്പ് പങ്കുവെച്ചവരാണ്. ഇതിനിടെയിലാണ് വെളിപ്പെടുത്തല്‍ വരുന്നത്.
ഇസ്രായേൽ സൈന്യത്തിൽ മറ്റ് രാജ്യങ്ങളിലെ പൗരത്വമുള്ളവരിൽ ഏറ്റവും കൂടുതൽ പേർ അമേരിക്കക്കാരാണ്. 12,135 സൈനികരാണ് യുഎസ് പാസ്‌പോർട്ട് കൈവശമുള്ളവര്‍. രണ്ടാം സ്ഥാനത്ത് ഫ്രാന്‍സാണ്. 6,100ലധികം സൈനികർക്ക് ഫ്രഞ്ച് പൗരത്വമുണ്ട്. മൂന്നാം സ്ഥാനത്ത് റഷ്യയാണ്, 5,000ലധികം പേരാണ് റഷ്യൻ പൗരത്വമുള്ളവര്‍. യുക്രൈന്‍ 3,901, ജര്‍മ്മന്‍ 1,668 എന്നിങ്ങനെയാണ് മറ്റു കണക്കുകള്‍. ബ്രിട്ടീഷ് പൗരത്വമുള്ള 1,686 സൈനികരും സൈന്യത്തിലുണ്ട്. ബ്രിട്ടീഷ്, ഇസ്രായേൽ പാസ്‌പോർട്ടുകൾക്ക് പുറമെ മറ്റൊരു രാജ്യത്തെ പാസ്‌പോർട്ട് കൂടി കൈവശമുള്ള 383 സൈനികരും ഇവർക്കൊപ്പമുണ്ട്. അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇസ്രായേലിനെതിരെ വംശഹത്യാ കുറ്റം ചുമത്തി കേസ് ഫയൽ ചെയ്ത ദക്ഷിണാഫ്രിക്കയിലെ 589 പൗരന്മാരും ഇസ്രായേൽ സൈന്യത്തിൽ സേവനമനുഷ്ഠിച്ചിരുന്നു.
ഇസ്രായേലി പൗരത്വത്തിന് പുറമെ 1,686 സൈനികർക്ക് ബ്രസീലിയൻ പൗരത്വവും, 609 പേർക്ക് അർജന്റീനിയൻ, 505 പേർക്ക് കനേഡിയൻ, 112 പേർക്ക് കൊളംബിയൻ, 181 പേർക്ക് മെക്സിക്കൻ പൗരത്വവുമുണ്ട്. ഇസ്രായേൽ സൈന്യത്തിൽ ഏകദേശം 1,69,000 പേര്‍ സജീവ സേവനത്തിലുള്ളവരും 4,65,000 പേര്‍ റിസർവ് സൈനികരുമാണുള്ളത്. ഇവരിൽ ഏകദേശം എട്ടു ശതമാനത്തോളം പേർ ഇരട്ട പൗരത്വമോ അതിലധികമോ ഉള്ളവരാണ്. 2023 ഒക്ടോബർ 7ന് ഗസ്സയില്‍ ഇസ്രായേൽ വംശഹത്യ ആരംഭിച്ചത് മുതൽ സൈനിക നടപടികൾക്കായി ഇരട്ട പൗരത്വമുള്ളവരും വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരുമായ സൈനികരെ ഇസ്രായേൽ സേന ഉപയോഗപ്പെടുത്തിയിരുന്നു.
Adjust Story Font
16
