'ഞാൻ വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ്'; സ്വയം പ്രഖ്യാപിച്ച് ട്രംപ്
വെനസ്വേലയിൽ നിലവിൽ ആക്ടിങ് പ്രസിഡന്റുണ്ടായിരിക്കെയാണ് അമേരിക്കൻ പ്രസിഡന്റിന്റെ ഇത്തരമൊരു നീക്കം.

- Updated:
2026-01-12 05:45:24.0

വാഷിങ്ടൺ: വെനസ്വേലയിലെ അധിനിവേശ ആക്രമണത്തിനും പ്രസിഡന്റിനെ പിടിച്ചുകൊണ്ടുപോയതിനും പിന്നാലെയുള്ള അന്താരാഷ്ട്ര വിവാദങ്ങൾക്കിടെ പുതിയ പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. താൻ 'വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ്' ആണെന്ന് ട്രംപ് അവകാശപ്പെട്ടു. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്ത എഡിറ്റഡ് ഇമേജിലാണ് ട്രംപിന്റെ അവകാശവാദം. വെനസ്വേലയിൽ നിലവിൽ ആക്ടിങ് പ്രസിഡന്റുണ്ടായിരിക്കെയാണ് അമേരിക്കൻ പ്രസിഡന്റിന്റെ ഇത്തരമൊരു നീക്കം.
വിക്കിപ്പീഡിയയിലെ പ്രൊഫൈലിൽ 'വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ്' എന്ന് കൂട്ടിച്ചേർത്തിരിക്കുന്ന എഡിറ്റഡ് സ്ക്രീൻ ഷോട്ട് ഇമേജാണ് ട്രംപ് പങ്കുവച്ചിരിക്കുന്നത്. ഇതിൽ, 2026 ജനുവരി മുതൽ 'വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ്' എന്നാണ് ട്രംപിന്റെ പദവിയായി ആദ്യം ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനു ശേഷമാണ് അമേരിക്കയുടെ 45ാമത്തെയും 47ാമത്തെയും പ്രസിഡന്റ് എന്ന ഔദ്യോഗിക പദവി രേഖപ്പെടുത്തിയിരിക്കുന്നത്.
വെനസ്വേലൻ സുപ്രിം ട്രൈബ്യൂണൽ ഓഫ് ജസ്റ്റിസ് വഴിയും ഭരണഘടനാ പിന്തുടർച്ച പ്രക്രിയ വഴിയുമാണ് ഇടക്കാല പ്രസിഡന്റ് അധികാരമേൽക്കുന്നത് എന്നിരിക്കെയാണ് ട്രംപിന്റെ പുതിയ അവകാശവാദം. വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസാണ് നിലവിൽ വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ്. മദൂറോയെ അമേരിക്ക തട്ടിക്കൊണ്ടുപോയതിന് പിന്നാലെ വെനസ്വേലൻ സുപ്രിം ട്രൈബ്യൂണൽ ഓഫ് ജസ്റ്റിസാണ് റോഡ്രിഗസിനോട് ആക്ടിങ് പ്രസിഡന്റ് പദവിയേറ്റെടുക്കാൻ ഉത്തരവിട്ടത്.
ജനുവരി മൂന്നിന് പുലർച്ചെ രണ്ടോടെയാണ് സൈനിക നീക്കത്തിലൂടെ തലസ്ഥാനമായ കാരക്കാസ് ആക്രമിച്ച് പ്രസിഡന്റ് നിക്കോളാസ് മദൂറോയെയും ഭാര്യയേയും തട്ടിക്കൊണ്ടുപോയത്. പിന്നാലെ, വെനസ്വേലയുടെ നിയന്ത്രണം തനിക്കാണെന്ന് പിറ്റേദിവസം ഡോണാൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. യുഎസുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനായി ചർച്ചകൾ ആരംഭിക്കാൻ തീരുമാനിച്ചതായി ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസിന്റെ സർക്കാർ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇതിനിടെയൊണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം.
അമേരിക്കയുമായി സഹകരിച്ചില്ലെങ്കിൽ മദൂറോയേക്കാൾ വലിയ വില വെനസ്വേലയ്ക്ക് നൽകേണ്ടിവരുമെന്നാണ് ട്രംപ് നേരത്തെ നൽകിയ മുന്നറിയിപ്പ്. കാരക്കാസിലെ ആക്രമണത്തിൽ ക്യൂബൻ സുരക്ഷാ ഉദ്യോഗസ്ഥരടക്കം നൂറോളം പേർ കൊല്ലപ്പെട്ടെന്നായിരുന്നു റിപ്പോർട്ടുകൾ. മദൂറോയ്ക്കും ഭാര്യക്കുമെതിരെ ലഹരിമരുന്ന് ഇറക്കുമതിയടക്കമുള്ള കുറ്റം ചുമത്തിയ അമേരിക്ക, കേസിൽ വിചാരണ ചെയ്യാനായി ന്യൂയോർക്കിലേക്കാണ് കൊണ്ടുപോയത്. മാസങ്ങളായി മദൂറോ സര്‍ക്കാരിനെതിരെ ശക്തമായ സമ്മര്‍ദം ചെലുത്തിവരികയായിരുന്നു യുഎസ്. ശീതയുദ്ധത്തിനുശേഷം ലാറ്റിനമേരിക്കയിൽ ഉണ്ടായ അസാധാരണ യുഎസ് സൈനിക ഇടപെടലായിരുന്നു വെനസ്വേലയ്ക്ക് നേരെയുണ്ടായത്.
മാസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിലായിരുന്നു വെനസ്വേലയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. ചാരനിരീക്ഷണത്തിനും ആക്രമണ പരിശീലനത്തിനും ശേഷമായിരുന്നു യുഎസ് സൈനികരുടെ ആക്രമണവും ബന്ദിയാക്കലും. പിടികൂടിയ മദൂറോയ്‌ക്കെതിരെ നാർകോ ടെററിസം, കൊക്കെയ്ൻ ഇറക്കുമതി ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്നാണ് അറ്റോർണി ജനറൽ പാം ബോണ്ടി പുറത്തുവിട്ട കുറ്റപത്രത്തിൽ പറയുന്നത്. അമേരിക്കൻ സൈന്യത്തിന്റെ എലൈറ്റ് വിഭാഗമായ ഡെൽറ്റ ഫോഴ്‌സ്, എഫ്ബിഐയുടെ പിന്തുണയോടെയാണ് ഏകപക്ഷീയ ആക്രമണം നടത്തിയത്.
Adjust Story Font
16


