യുദ്ധം തീര്‍ക്കാനുള്ള ഇറാൻ്റെ നിര്‍ദേശം; പ്രതികരിക്കാതെ ട്രംപ്, കൂടിയാലോചന തുടരുന്നു
ഉപരോധം പിന്‍വലിച്ചാല്‍ ഹോര്‍മുസ് ഉടന്‍ തുറക്കാമെന്നും ആണവ വിഷയം പിന്നീട് ചര്‍ച്ച ചെയ്യാമെന്നുമാണ് ഇറാൻ്റെ പുതിയ നിര്‍ദേശം

- Updated:
2026-04-28 05:48:21.0

വാഷിങ്ടണ്‍ ഡിസി: പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇറാന്‍ മുന്നോട്ടുവെച്ച പുതിയ നിര്‍ദേശത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സുരക്ഷാ ഉദ്യോഗസ്ഥരുമായി കൂടിയാലോചന തുടരുന്നു. ഇറാന്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളില്‍ ട്രംപ് പ്രതികരണം നടത്തിയിട്ടില്ല. ആണവപദ്ധതി സംബന്ധിച്ച് നിര്‍ദേശത്തില്‍ ഒന്നും പറയാത്തതില്‍ ട്രംപ് അതൃപ്തി പ്രകടിപ്പിച്ചതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉപരോധം പിന്‍വലിച്ചാല്‍ ഹോര്‍മുസ് ഉടന്‍ തുറക്കാമെന്നും ആണവ വിഷയം പിന്നീട് ചര്‍ച്ച ചെയ്യാമെന്നുമാണ് ഇറാന്റെ പുതിയ നിര്‍ദേശം.
പ്രധാന കപ്പല്‍പാതയായ ഹോര്‍മുസ് കടലിടുക്ക് വാണിജ്യാവശ്യങ്ങള്‍ക്കായി തുറന്നുകൊടുക്കാന്‍ സന്നദ്ധരാണെന്നാണ് ഇറാന്‍ അമേരിക്കയെ അറിയിച്ചത്. യുറേനിയം സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പിന്നീട് മതിയെന്നും പാകിസ്താന്റെ മധ്യസ്ഥതയില്‍ ഇറാന്‍ അമേരിക്കയെ അറിയിച്ചു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന താല്‍ക്കാലിക വെടിനിര്‍ത്തല്‍ ദീര്‍ഘകാലത്തേക്ക് നീട്ടുകയോ എന്നന്നേക്കുമായി നിലനിര്‍ത്തുകയോ ചെയ്യണം. ഹോര്‍മുസില്‍ യുഎസ് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞതിന് ശേഷം മാത്രം ആണവശേഖരങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിക്കാമെന്നും ഇറാന്‍ അമേരിക്കയെ അറിയിച്ചതായാണ് വിവരം.
അതിനിടെ, ഹോര്‍മുസില്‍ ഉപരോധം തുടരുന്ന യുഎസ് നാവികസേന ഇറാന്റെ ഒരു എണ്ണക്കപ്പല്‍ കൂടി തടഞ്ഞു. ഇറാന്‍ തുറമുഖം ലക്ഷ്യമിട്ട് നീങ്ങിയ കപ്പലാണ് തടഞ്ഞതെന്ന് യുഎസ് നാവികസേനാ സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. അതേസമയം, ഇറാന്‍ വിമാന കമ്പനിയുമായി സഹകരിക്കുന്ന സ്ഥാപങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യുഎസ് ട്രഷറി വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ഹോര്‍മുസ് പ്രതിസന്ധിക്ക് പരിഹാരമാകാത്തതോടെ അസംസ്‌കൃത എണ്ണവില വീണ്ടും ഉയര്‍ന്നിരിക്കുകയാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 109.4 ഡോളര്‍ എന്ന നിലയിലേക്ക് ഉയര്‍ന്നു.
Adjust Story Font
16
